ബിഷപ്പ് ഡെര്‍മോത്ത് ഫാരല്‍ ബിഷപ്പ് ഡെര്‍മോത്ത് ഫാരല്‍  

മനുഷ്യന്‍റെ വ്രണിതഭാവം ചൂണ്ടിക്കാണിക്കുന്ന മഹാമാരി

മഹാമാരിയുടെ പശ്ചാത്തലത്തില്‍ മനുഷ്യാസ്തിത്വത്തെക്കുറിച്ച് അയര്‍ലണ്ടിലെ ബിഷപ്പ് ഡെര്‍മോത്ത് ഫാരലിന്‍റെ അപൂര്‍വ്വ ചിന്തകള്‍...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പരേതാത്മാക്കളുടെ ദിനത്തോട് അനുബന്ധിച്ച് ഓസ്സറി രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് ഡെര്‍മോത്ത് ഫാരെല്‍ തന്‍റെ അജഗണങ്ങള്‍ക്കായി ഓണ്‍ലൈനില്‍ പങ്കുവച്ച ഏറെ താത്വികവും പ്രായോഗികവുമായ ചിന്തകള്‍.

1. മരണതാണ്ഡവമാടുന്ന മഹാമാരി
പരേതാത്മാക്കളുടെ അനുസ്മരണത്തിന് മനുഷ്യചരിത്രത്തോളും പഴക്കമുണ്ട്. അത് എല്ലാമതങ്ങളിലുമുണ്ട്. ക്രൈസ്തവ സമൂഹത്തില്‍ അത് പൊതുവായ വിശ്വാസത്തിന്‍റെയും സംസ്കാരത്തിന്‍റെയും ഭാഗമാണ്. ദുര്‍‍ഗ്രഹമായ കൊറോണവൈറസിന്‍റെ താണ്ഡവം ഇനിയും തുടരുകയും അത് ലോകത്തിന്‍റെ നാല് അതിരുകളെ  കീഴ്പ്പെടുത്തുകയും ചെയ്യുമ്പോള്‍ അതിന്‍റെ പ്രത്യാഘാതങ്ങള്‍ ഇന്ന് ലോകത്തുള്ള എല്ലാ ജനതകളും രാജ്യങ്ങളും അനുഭവിക്കുകയാണ്. മഹാമാരിയുടെ കെടുതിയില്‍ ഇന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഒരുകോടി 21 ലക്ഷത്തില്‍ അധികംപേര്‍ മരിച്ചുകഴിഞ്ഞു. അനുദിനം ഈ സംഖ്യ വര്‍ദ്ധിക്കുകയാണ്. കുടുംബങ്ങള്‍ നിസ്സഹായതയും വേദനയും ഏറെ അനുഭവിക്കുന്നു, മനുഷ്യന്‍ എല്ലാവിധത്തിലും ഒറ്റപ്പെടല്‍ അനുഭവിക്കുകയാണ്.

2. പരേതസ്മരണ വിശ്വാസത്തിന്‍റെ നിമിഷങ്ങള്‍
പരേതരുടെ അനുസ്മരണം നാം സാഹോദര്യത്തില്‍ ചെയ്തുകൊണ്ട് ആത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ അവരുടെ വേദനയും നഷ്ടവുമെല്ലാം നാം തന്നെ ഉള്‍ക്കൊള്ളുകയാണ്. പരേതര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനാനിമിഷങ്ങള്‍ നമ്മുടെ വിശ്വാസത്തിന്‍റെയും നിമിഷങ്ങളാണ്. കാരണം അത് നമ്മുടെ മരണത്തിലും ക്രിസ്തുവിലുള്ള പുനരുത്ഥാനത്തിന്‍റെയും  വിശ്വാസവും പ്രത്യാശയും വളര്‍ത്തുന്ന ദിവസവുമാണ്.

3. മനുഷ്യാസ്തിത്വത്തിന്‍റെ വ്രണിതഭാവം
മഹാമാരി മാനുഷികാസ്തിത്വത്തിന്‍റെ വ്രണിതഭാവം ചൂണ്ടിക്കാണിക്കുകയും ജീവിതത്തിന്‍റെ പരസ്പരാശ്രിതത്ത്വം മനസ്സിലാക്കിത്തരുകയും ചെയ്യുന്നു. ജീവിതം ദൈവത്തിന്‍റെ ദാനമാണെന്ന സത്യം ഓര്‍മ്മിപ്പിക്കുകയും അതിന്‍റെ പ്രാധാന്യം വെളിപ്പെടുത്തിതരികയും ചെയ്യുന്നു. മഹാമാരി നമ്മുടെ ജീവിതത്തിന്‍റെ പ്രത്യാശകള്‍ തട്ടിയെടുത്തിട്ടുണ്ട്.  അന്ത്യനിമിഷങ്ങളിലെ സമാശ്വാസത്തിനും സാമീപ്യത്തിനും സാന്ത്വനത്തിനുപോലും ആരുമില്ലാതായിരിക്കുന്നു.

4. അപരനുവേണ്ടി ജീവന്‍ നല്കിയവര്‍
ആശുപത്രികളിലും മെഡിക്കല്‍ ക്യാമ്പുകളിലും കോവിഡ് 19 രോഗികള്‍ക്കുവേണ്ടി തങ്ങളുടെ ജീവന്‍ സമര്‍പ്പിച്ചിട്ടുള്ള ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനം മറക്കാവുന്നതല്ല. നമ്മുടെ വേദനകളില്‍ ദൈവസന്നിധിയില്‍ കൂട്ടമായി ഉയര്‍ത്തിയിരുന്ന പ്രാര്‍ത്ഥനകളും സ്തുതിപ്പുകളും നിശ്ശബ്ദതയുമെല്ലാം വെറും ഓണ്‍ലൈന്‍ ബന്ധങ്ങളായി മാറിയിരിക്കുന്നു.

5. മരണം തട്ടിയെടുക്കുമ്പോള്‍
ഒരുപാടു തീരാത്ത ഉത്തരവാദിത്വങ്ങളും ജോലികളും കടപ്പാടുകളും ബാക്കിവച്ചിട്ടാണ്  മരണം നമ്മെ തട്ടിക്കൊണ്ടുപോകുന്നത്.   അതിനാല്‍ പരേതരായ നമ്മുടെ സഹോദരങ്ങളെ ഓര്‍ക്കാം. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം. അവരുടെ ഈ ഭൂമിയിലെ ജീവിതത്തിനു നാം നന്ദിപറയേണ്ടതുണ്ട്. അവരുടെ കാരുണ്യം നാം തേടേണ്ടതുണ്ട്. അവരോടു ചിലപ്പോള്‍ ക്ഷമ യാചിക്കേണ്ടതുണ്ട്.  ക്ഷമിക്കുമ്പോഴാണ് നമുക്കു സൗഖ്യം ലഭിക്കുന്നത്.  ക്ഷമിക്കുവാനുള്ള കഴിവ് ദൈവികമാണ്. ദൈവം നമ്മോട് അനുദിനം ക്ഷമിക്കുന്നതുകൊണ്ടും കരുണ കാട്ടുന്നതുകൊണ്ടുമാണ് നാം ജീവിക്കുന്നത്.   ക്രിസ്തുവിന്‍റെ കുരിശ് അന്ത്യമായിരുന്നില്ല. അവിടുന്ന് ഉത്ഥാനം ചെയ്തു.

കുരിശ് ജീവദായകമായ മരമാണ്. ക്രിസ്തുവിലുളള ഉയിര്‍പ്പ് നമ്മുടെ പ്രത്യാശയാണ്. ക്രിസ്തുവിനോടൊപ്പം അവിടുത്തെപ്പോലെ നമ്മുടെ പാപങ്ങളുടെയും ബലഹീനതകളുടെയും ക്ലേശങ്ങളുടെയും പടുകുഴിയില്‍നിന്നും പ്രത്യാശയോടെ ഉയരാം, ഉയിര്‍ത്തെഴുന്നേല്ക്കാം. ഇതു നിങ്ങളുടെയും എന്‍റെയും നവജീവന്‍റെ ചക്രവാളമാണ്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 November 2020, 10:32