ധന്യൻ ഒളിന്തൊ മരേല്ല! ധന്യൻ ഒളിന്തൊ മരേല്ല! 

ധന്യൻ ഒളീന്തൊ മരേല്ല !

ധന്യൻ ഒളിന്തൊ മരേല്ലയുടെ വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനം ഒക്ടോബർ 4,2020

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ധന്യനായ രൂപതാവൈദികൻ ഒളീന്തൊ മരേല്ല (OLINTO MARELLA) വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്നു.

ഇറ്റലിയുടെ വടക്കുഭാഗത്തായുള്ള ബൊളോഞ്ഞ പട്ടണത്തിലെ മുഖ്യ ചത്വരമായ പ്യാത്സ മജോരെയിൽ ഞായറാഴ്ച (04/10/20) പ്രാദേശിക സമയം വെകുന്നേരം 4 മണിക്ക് ബൊളോഞ്ഞ അതിരൂപതയുടെ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മത്തേയൊ ത്സൂപ്പിയുടെ ( Cardinal Matteo Zuppi) മുഖ്യ കാർമ്മികത്വത്തിൽ ആയിരിക്കും തിരുക്കർമ്മം. 

ഉത്തരപൂർവ്വ ഇറ്റലിയിലെ ഒരു ദ്വീപായ പല്ലെസ്ത്രീനയിൽ (Pellestrina) 1882 ജൂൺ 14-ന് ധന്യൻ ഒളീന്തൊ മരേല്ല ജനിച്ചു. ലൂയീജി മരേല്ല-കരോളിന ദെ ബേയി ദമ്പതികളുടെ മൂന്നു മക്കളിൽ ഒരാളായിരുന്നു ഓളിന്തൊ. പത്തു വയസ്സുള്ളപ്പോൾ പിതാവും പിന്നീട് ഒരു സഹോദരനും നഷ്ടപ്പെട്ട ഒളിന്തൊ അദ്ദേഹത്തിൻറെ അമ്മാവൻ ആയിരുന്ന ആർച്ച്ബിഷപ്പ് ജുസേപ്പെ മരേല്ലയുടെ സഹായത്തോടെ റോമിലെത്തുകയും പഠനത്തിലേർപ്പെടുകയും ചെയ്തു.

പിന്നീട് 23-ɔ൦ യോഹന്നാൻ പാപ്പാ ആയിത്തീർന്ന ആഞ്ചെലൊ ജുസേപ്പെ റൊങ്കാല്ലി അദ്ദേഹത്തിൻറെ സഹപാഠിയായിരുന്നു.

സെമിനാരിയിൽ ചേർന്ന ഒളീന്തൊ മരേല്ല 1904 ഡിസമ്പർ 17-ന് പൗരോഹിത്യം സ്വീകരിക്കുകയും ക്യോജ എന്ന സ്ഥലത്തെ സെമിനാരിയിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുകയും ചെയ്തു.

അതിനിടയ്ക്ക് സഭ മുടക്കു കല്പിച്ചിരുന്ന ഒരാളെ സ്വഭവനത്തിൽ സ്വീകരിച്ചതിന് ഒളീന്തൊ മരേല്ല അജപാലനപ്രവർത്തനങ്ങൾ നടത്തുന്നത് 1909-ൽ സഭാധികാരികൾ വിലക്കി. എളിമയാർന്ന അനുസരണത്തോടെ അദ്ദേഹം ആ തീരുമാനം സ്വീകരിച്ചു. 1925-ൽ കർദ്ദിനാൾ ജൊവാന്നി നസാല്ലി ആ വിലക്ക് പിൻവലിച്ചു.

പിന്നീട് ബൊളോഞ്ഞയിൽ പാവപ്പെട്ടവർക്കും പാർപ്പിടരഹിതർക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച വൈദികൻ ഒളീന്തൊ മരേല്ല 1969 സെപ്റ്റമ്പർ 6-ന് മരണമടഞ്ഞു. 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 October 2020, 15:40