കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മുംബൈ അതിരൂപതയുടെ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മുംബൈ അതിരൂപതയുടെ മെത്രാപ്പോലീത്ത 

ചാക്രികലേഖനം ഇംഗ്ലിഷ് പരിഭാഷ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പുറത്തിറക്കി

ഇന്ത്യയിലെ വിതരണത്തിന് മുംബൈയില്‍ തുടക്കംകുറിച്ചു.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. ചാക്രികലേഖനം ഇംഗ്ലിഷ് പരിഭാഷ
ബാംഗളൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ പ്രസിദ്ധീകരണശാല, ഏഷ്യന്‍ ട്രേഡിങ് കോര്‍പ്പറേഷന്‍റെ (Asian Trading Corporation) സഹകരണത്തോടെയാണ് ‘എല്ലാവരും സഹോദരങ്ങള്‍’ എന്നു മലയാളത്തില്‍ അര്‍ത്ഥം വരുന്ന “ഫ്രത്തേലി തൂത്തി” (Fratelli Tutti) എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ നവമായ പ്രബോധനത്തിന്‍റെ ഇംഗ്ലിഷ് പരിഭാഷയുടെ വിതരണം ഇന്ത്യയില്‍ ആരംഭിച്ചത്. ഒക്ടോബര്‍ 10–Ɔο തിയതി ഞായറാഴ്ച മൂബൈ അതിരൂപതയുടെ ഭദ്രാസന ദേവാലയത്തില്‍ ജനങ്ങള്‍ക്കുവേണ്ടി ‘ഓണ്‍-ലൈനി’ല്‍ അര്‍പ്പിച്ച ദിവ്യബലിയുടെ അന്ത്യത്തിലാണ് ചാക്രികലേഖനത്തിന്‍റെ ഇംഗ്ലിഷ് പരിഭാഷയുടെ ഇന്ത്യയിലെ വിതരണത്തിന് കര്‍ദ്ദിനാള്‍ തുടക്കംകുറിച്ചത്.

2. സാഹോദര്യത്തിലേയ്ക്കുള്ള ക്ഷണം
ഒരു മഹാമാരിയുടെ കെടുതിയിലും മറ്റു കാരണങ്ങളാലും പതറിനില്ക്കുന്ന മാനവികതയെ സാഹോദര്യത്തിലേയ്ക്കും സാമൂഹിക സൗഹാര്‍ദ്ദത്തിലേയ്ക്കും ക്ഷണിക്കുന്ന പാപ്പായുടെ പ്രബോധനത്തെ പിന്‍തുണച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ഇന്ത്യന്‍ പതിപ്പിന്‍റെ പ്രസിദ്ധീകരണത്തെ പ്രചരിപ്പിക്കുന്നതെന്ന് ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, ഫാദര്‍ സ്റ്റീഫന്‍ ആലത്തറ പ്രസ്താവനയിലൂടെ അറിയിച്ചു.

3. ഒരു മാനവകുടുംബം എന്ന കാഴ്ചപ്പാട്
എന്നെയും എന്‍റേതും എന്ന വ്യക്തിമാഹാത്മ്യവാദം ജീവിതത്തില്‍നിന്നും മാറ്റി, അപരനോടു പരിഗണനയുള്ള ജീവിതശൈലി ഉള്‍ക്കൊള്ളണമെന്ന് പാപ്പാ തന്‍റെ ചാക്രികലേഖനത്തില്‍ ഉദ്ബോധിപ്പിക്കുന്ന ചിന്ത കര്‍ദ്ദിനാള്‍ ഗ്രേഷസ് ആവര്‍ത്തിച്ചു. ലോകം ഒരു മാനവിക കുടുംബം എന്ന കാഴ്ചപ്പാടിലാണ് “എല്ലാവരും സഹോദരങ്ങള്‍” എന്ന സാമൂഹിക ചാക്രികലേഖനം പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ചതെന്നും, പൊതുഭവനമായ നമ്മുടെ ഭൂമിയില്‍ എല്ലാത്തരക്കാരും മതസ്ഥരും സംസ്കാരങ്ങളും സാഹോദര്യത്തില്‍ ഒന്നിച്ചു ജീവിച്ചുകൊണ്ട് ഐക്യദാര്‍ഢ്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും ഒരു സംസ്കാരം വളര്‍ത്തേണ്ടത് ഭൂമിയുടെ നിലനില്പിനുതന്നെ അനിവാര്യമാണെന്ന് പ്രസിദ്ധീകരണത്തിന്‍റെ പ്രതി പ്രദര്‍ശിപ്പിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ആഹ്വാനംചെയ്തു.

4. ഗാന്ധിജിയെ  രചനയില്‍ അനുസ്മരിച്ചു
വിശ്വാസാഹോദര്യം സ്വപ്നകണ്ട മഹത്തുക്കളെ തന്‍റെ രചനയില്‍ ഉദ്ധരിക്കുമ്പോള്‍ ഭാരതത്തിന്‍റെ രാഷ്ട്രപിതാവിനെ ചൂണ്ടിക്കാണിക്കുകയും, എപ്രകാരം മതവൈവിധ്യങ്ങളുള്ള ഭാരതത്തില്‍ ക്രൈസ്തവര്‍ ഇതര മതങ്ങളോടും ഇതര ക്രൈസ്തവസഭാ സമൂഹങ്ങളോടും ചേര്‍ന്ന് സംവാദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പാതിയില്‍ ജീവിക്കണമെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ്  ഇന്ത്യയിലെ വിതരണത്തിന് ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ  പ്രസിഡന്‍റു കൂടിയായ  കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് തുടക്കംകുറിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 October 2020, 15:10