file foto 17 may 2019 - meeting with a missionary group from Africa file foto 17 may 2019 - meeting with a missionary group from Africa 

ഈ വര്‍ഷത്തെ മിഷന്‍ ഞായര്‍ ഒക്ടോബര്‍ 18-ന് ആചരിക്കും

പ്രാര്‍ത്ഥനയോടും പരിത്യാഗത്തോടുംകൂടെ സഭയുടെ ആഗോള പ്രേഷിത പ്രവര്‍ത്തനങ്ങളെ സഹായിക്കാം...

- ഫാദര്‍ വില്യം  നെല്ലിക്കല്‍

1. വത്തിക്കാന്‍റെ നിര്‍ദ്ദേശം
ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘം ആഗസ്റ്റ് 28-ന് പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയിലാണ് മഹാമാരിയുടെ ക്ലേശകരമായ കാലത്തു വരുന്ന മിഷന്‍ ഞായര്‍ ആചരണത്തെക്കുറിച്ച് കൃത്യമായ ധാരണ നല്കുന്നത്. ഈ ദിനത്തെ സംബന്ധിച്ച് വിവിധ രാജ്യങ്ങളിലും പ്രവിശ്യകളിലും ഉയര്‍ന്ന സംശയങ്ങള്‍ക്ക് മറുപടിയായിട്ടാണ് ഈ വര്‍ഷത്തെ മിഷന്‍ ഞായര്‍ ഒക്ടോബര്‍ 18-നുതന്നെ ആചരിക്കണമെന്ന് വത്തിക്കാന്‍ വ്യക്തമായ നിര്‍ദ്ദേശം നല്കുന്നത്.

2. “ആഗോള മിഷന്‍ ഞായര്‍” പതിവുപോലെ
എവിടെയും മഹാമാരിയുടെ തടസ്സങ്ങള്‍ ഉണ്ടെങ്കിലും, ആരാധനക്രമ കലണ്ടിറില്‍ മാറ്റമില്ലാതെ പതിവുപോലെ ഓക്ടോബര്‍ മാസത്തിന്‍റെ ഏറ്റവും അവസാനത്തെ ഞായറിനു തൊട്ടുമുന്‍പുള്ള ഞായറാഴ്ച,  ഈ വര്‍ഷം  ഒക്ടോബര്‍ 18-Ɔο തിയതി  “ ആഗോള മിഷന്‍ ഞായര്‍” ആചരിക്കണമെന്നാണ് വത്തിക്കാന്‍റെ നിര്‍ദ്ദേശം. വിവിധ രാജ്യങ്ങളിലും സഭാ പ്രവിശ്യകളിലും ദിവ്യബലിയും ആരാധനക്രമ കാര്യങ്ങളും മഹാമാരിമൂലം സ്ഥലത്തെ ആരോഗ്യ നിബന്ധനകള്‍ക്ക് വിധേയമായി മാധ്യമങ്ങളിലൂടെയുള്ള തത്സമയ സംപ്രേഷണവും പങ്കാളിത്തവുമായി ചുരുങ്ങിയിട്ടുണ്ടെങ്കിലും മിഷന്‍ ഞായര്‍ ദിനത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന്  വത്തിക്കാന്‍  വ്യക്തമാക്കി.  മിഷന്‍ ‍ഞായര്‍ സംബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പല രാജ്യങ്ങളിലും ആരംഭിച്ചിട്ടുള്ളതായും പ്രസ്താവന അറിയിച്ചു.

3. വിശ്വാസത്തിന്‍റെ പ്രേഷിത സ്വഭാവം
വിശ്വാസം അടിസ്ഥാനപരമായി പ്രേഷിതസ്വഭാവം ഉള്‍ക്കൊള്ളുന്നുണ്ട്. സാരവത്തായ ഈ സുവിശേഷ ദൗത്യനിര്‍വ്വഹണത്തിന് ഓരോ വിശ്വാസിയെയും ഈ മിഷന്‍ ഞായറും അതിനുള്ള ഒരുക്കങ്ങളും പ്രാപ്തരാക്കട്ടെയെന്ന് ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ലൂയി താഗ്ലെ   ആശംസിച്ചു. 

മിഷന്‍ ഞായര്‍ ദിനത്തില്‍ എടുക്കുന്ന സ്ത്രോത്രക്കാഴ്ച സഭയുടെ ലോകവ്യാപകമായ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക്, പ്രത്യേകിച്ച് വിവിധ മിഷന്‍ രാജ്യങ്ങളിലെ സഭകളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുവാനുള്ളതാണ്. അതിനാല്‍ കൂട്ടായ്മയുടെയും കൂട്ടുത്തരവാദിത്വത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും മനോഭാവത്തോടെ ഈ വര്‍ഷവും മിഷനുവേണ്ടിയുള്ള സംഭാവനകള്‍ വിശ്വാസികളില്‍നിന്നും ശേഖരിച്ച് വത്തിക്കാനിലേയ്ക്ക് അയയ്ക്കേണ്ടതാണെന്നും പ്രസ്താവന അനുസ്മരിപ്പിച്ചു.

4. പ്രാര്‍ത്ഥനയും പങ്കുവയ്ക്കലും
2020 മെയ് 31-ന് പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച മിഷന്‍ ഞായര്‍ സന്ദേശം അനുസ്മരിപ്പിക്കുന്നത്,  മഹാമാരി കാരണമാക്കുന്ന സ്വന്തമായ ജീവിതക്ലേശങ്ങളിലും സഹോദരങ്ങളെ തുണയ്ക്കുവാനും ഉള്ളതില്‍നിന്ന് ഔദാര്യത്തോടെ അവരുമായി പങ്കുവയ്ക്കുവാനുമുള്ള ഒരു അവസരമായി മിഷന്‍ ഞായറിനെയും, അതിലേയ്ക്ക് ഓരോ കുടുംബവും ത്യാഗപൂര്‍വ്വം പങ്കുവയ്ക്കുന്ന സാമ്പത്തിക ഓഹരിയെയും കാണണമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നത് വത്തിക്കാന്‍റെ പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.

5. മിഷന്‍ ഞായറിന്‍റെ തുടക്കം

1926-ല്‍ 11-Ɔο പിയൂസ് പാപ്പായാണ് ആഗോള മിഷന്‍ ദിനം അല്ലെങ്കില്‍ മിഷന്‍ ഞായര്‍ ആചരണം സ്ഥാപിച്ചത്. പ്രാര്‍ത്ഥനയിലൂടെയും വ്യക്തികളുടെ ചെറിയ പരിത്യാഗ പ്രവൃത്തികളിലൂടെയും സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളെ പിന്‍തുണയ്ക്കുവാനുള്ള സന്നദ്ധത പ്രകടമാക്കുന്ന സവിശേഷമായ ദിനമായിട്ടാണ് സ്ഥാപകനായ പാപ്പാ പിയൂസ് 11-Ɔമന്‍  ഈ ദിവസത്തെ നിര്‍വ്വചിച്ചിരിക്കുന്നതെന്ന്  ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 September 2020, 07:31