2020.09.10 MAR PAUL CHITILAPPILLY, Vescovo emerito della diocesi del Kerala, Thamarassery 2020.09.10 MAR PAUL CHITILAPPILLY, Vescovo emerito della diocesi del Kerala, Thamarassery 

താമരശ്ശേരിയുടെ മെത്രാന്‍ മാര്‍ ചിറ്റിലപ്പിള്ളിക്ക് ആദരാഞ്ജലി

താമരശ്ശേരി, കല്യാണ്‍ രൂപതകളെ നയിച്ച സ്നേഹസമ്പന്നനായ വൈദികശ്രേഷ്ഠനായിരുന്ന മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയെന്ന് ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രൂസ് മാര്‍ താഴത്ത്...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. സ്നേഹധനനായ പിതാവ്
ഐക്യം, സ്നേഹം, സഹനം എന്നീ തന്‍റെ സ്ഥാനീയ വാക്യങ്ങള്‍ ജീവിതത്തില്‍ ഉടനീളം പാലിച്ച വൈദിക ശ്രേഷ്ഠനായിരുന്നു അന്തരിച്ച ബിഷപ്പ് മാര്‍ ചിറ്റിലപ്പിള്ളിയെന്ന് തൃശ്ശൂര്‍ അതിരൂപതാദ്ധ്യക്ഷന്‍,  ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രൂസ് മാര്‍ താഴത്ത് പ്രസ്താവിച്ചു.

സെപ്തംബര്‍ 8, ചൊവ്വാഴ്ച താമരശ്ശേരി മേരിമാതാ ഭദ്രാസന ദേവാലയത്തില്‍ നടന്ന  അന്തിമോപചാര ശുശ്രൂഷയില്‍ ദിവ്യബലിമദ്ധ്യേ നടത്തിയ പ്രഭാഷണത്തിലാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഇങ്ങനെ പ്രസ്താവിച്ചത്. വിളിച്ചവനോട് എന്നും വിശ്വസ്തനായി തന്‍റെ അജപാലന ദൗത്യങ്ങള്‍ താമരശ്ശേരിയിലും, കല്യാണ്‍ രൂപതയിലും ത്യാഗപൂര്‍വ്വും നിര്‍വ്വഹിച്ച വൈദിക ശ്രേഷ്ഠനായിരുന്നു  മാര്‍ ചിറ്റിലപ്പിള്ളിയെന്ന് മാര്‍ താഴത്ത് ചരമപ്രഭാഷണത്തില്‍ സാക്ഷ്യപ്പെടുത്തി.

2. രണ്ടു രൂപതകളിലായി
നിറഞ്ഞുനിന്ന  അജപാലന ജീവിതം

വിശ്രമജീവിതം നയിക്കുകയായിരുന്ന ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി (87 വയസ്സ്) ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍വച്ചാണ് സെപ്തംബര്‍ 6, ഞായറാഴ്ച വൈകുന്നേരം അന്തരിച്ചത്. 13 വര്‍ഷത്തോളം താമരശ്ശേരി രൂപതയുടെ മെത്രാനായിരുന്നു. 2010-ല്‍ സ്ഥാനമൊഴിഞ്ഞു. 1996-മുതലാണ് അദ്ദേഹം താമരശ്ശേരി രൂപതയുടെ ഇടയനായി ചുമതലയേറ്റത്. രൂപതയുടെ വിദ്യാഭ്യാസരംഗത്തും സാമൂഹ്യരംഗത്തും നല്കിയിട്ടുള്ള സംഭാവനകള്‍ സ്തുത്യര്‍ഹമാണ്. ഒരു പതിറ്റാണ്ടോളം, (1988-1996) മഹാരാഷ്ട്രയില്‍ കല്യാണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാനായും നിര്‍വ്വഹിച്ച സേവനങ്ങള്‍ ഒളിമങ്ങാത്തതാണെന്ന് ആര്‍ച്ചുബിഷപ്പ് താഴത്ത് ചരമപ്രഭാഷണത്തില്‍ വിശേഷിപ്പിച്ചു.

3. കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെയും
കേരളസഭയിലെ മെത്രാന്മാരുടെയും  സാന്നിദ്ധ്യം

സംസ്കാരശുശ്രൂഷയുടെ ആദ്യഘട്ടത്തില്‍ താമരശ്ശേരിയുടെ ഇപ്പോഴത്തെ മെത്രാന്‍, റെമീജിയൂസ് ഇഞ്ചിനാനിയിലും, തലശ്ശേരി അതിരൂപതയുടെ മുന്‍മെത്രാപ്പോലീത്ത മാര്‍ ജോര്‍ജ്ജ് വലിയമറ്റവും കാര്‍മികത്വംവഹിച്ചു. തുടര്‍ന്നു നടന്ന വിശുദ്ധ കുര്‍ബാന സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സാന്നിധ്യത്തില്‍ തലശേരി അതിരൂപതയുടെ ഇപ്പോഴത്തെ മെത്രാപ്പോലീത്ത. മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ടു. തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, താമരശേരിയുടെ മെത്രാന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, ബത്തേരി ബിഷപ്പ് ജോസഫ് മാര്‍ തോമസ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ആര്‍ച്ച്ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി, ബിഷപ്പുമാരായ മാര്‍ തോമസ് തറയില്‍, ഡോ. അലക്സ് വടക്കുംതല, മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ മൃതസംസ്കാര ശുശ്രൂഷയില്‍ പങ്കെടുത്തു.

കോവിഡിന്‍റെ സാമൂഹിക നിബന്ധനകള്‍ പാലിച്ചു നടന്ന അന്തിമോപചാര ശുശ്രൂഷയില്‍ വൈദികരും, സന്ന്യസ്തരും, അല്മായ പ്രതിനിധികളും രാഷ്ട്രീയപ്രമുഖരും മാര്‍ ചിറ്റിലപ്പിള്ളിയുടെ കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും പങ്കെടുത്തു.


4. ജീവിതരേഖ
1934 ഫെബ്രുവരി 7 തൃശൂര്‍ അതിരൂപതയില്‍ മറ്റം ഇടവകയില്‍ ജനിച്ചു.
1953 ല്‍ സെമിനാരിയില്‍ ചേര്‍ന്നു.
1958-ല്‍ കാര്‍മ്മല്‍ഗിരി പൊന്തിഫിക്കള്‍ സെമിനാരിയില്‍ തത്വശാശാസ്ത്രപഠനം പൂര്‍ത്തിയാക്കി.
1959- റോമിലെ പൊന്തിഫിക്കല്‍ ഊര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ ദൈവശാസ്ത്രപഠനം ആരംഭിച്ചു.

1961 ഒക്ടോബര്‍ 18-ന് പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് റോമിലെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടര്‍ ബിരുദം കരസ്ഥമാക്കി. 
1966ല്‍ നാട്ടില്‍ തിരിച്ചെത്തി അജപാലനശുശ്രൂഷയില്‍ വ്യാപൃതനായി. 1967-1971 കാലയളവില്‍ വടവാതൂര്‍ സെമിനാരിയില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ചു. 
1971-ല്‍ തൃശൂര്‍ അതിരൂപതയുടെ ചാന്‍സലറായി നിയമിക്കപ്പെട്ടു. 
1978-മുതല്‍ 88-വരെ തൃശൂര്‍ അതിരൂപതയുടെ വികാരി ജനറലായും സേവനംചെയ്തു. 

1988-ല്‍ കല്യാണ്‍ സീറോമലബാര്‍ രൂപതയുടെ പ്രഥമ മെത്രാനായി.
1996-ല്‍ താമാരശ്ശേരി രൂപതയുടെ മെത്രാനായി.
2010-ല്‍ 75-Ɔമത്തെ  വയസ്സില്‍ ഔദ്യോഗിക പദവിയില്‍നിന്നും വിരമിച്ചു.


 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 September 2020, 13:33