2020.03.27 Cardinale Tagle per Vatican News 2020.03.27 Cardinale Tagle per Vatican News 

മഹാമാരി ഉണര്‍ത്തേണ്ട സഹോദരസ്നേഹത്തിന്‍റെ സ്പന്ദനങ്ങള്‍

മദര്‍ തെരേസയുടെ തിരുനാളില്‍ സെപ്തംബര്‍ 5-ന് കര്‍ദ്ദിനാള്‍ താഗ്ലെ പങ്കുവച്ച ചിന്തകള്‍

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. മദര്‍ ഉണര്‍ത്തിയ സഹോദരസ്നേഹത്തിന്‍റെ സ്പന്ദനങ്ങള്‍
മഹാമാരി നമ്മില്‍ സഹോദരസ്നേഹത്തിന്‍റെ സ്പന്ദനങ്ങള്‍ കൂടുതല്‍ ഉണര്‍ത്തണമെന്ന്, രാജ്യാന്തര ഉപവിപ്രസ്ഥാനം "കാരിത്താസി"ന്‍റെ പ്രസിഡന്‍റും ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ടുമായ കര്‍ദ്ദിനാള്‍ അന്തോണിയോ ലൂയി താഗ്ലേ പ്രസ്താവിച്ചു. സെപ്തംബര്‍ 5, ശനിയാഴ്ച ലോകം അനുസ്മരിച്ച മദര്‍ തെരേസയുടെ തിരുനാളിലും, യുഎന്‍ ആചരിച്ച ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള രാജ്യാന്തര ദിനത്തിലും (International Day of Charity) വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ താഗ്ലേ സമൂഹത്തില്‍ വളരേണ്ട സാഹോദര സ്നേഹത്തെക്കുറിച്ച് ഇങ്ങനെ പ്രസ്താവിച്ചത്. നമ്മേക്കാള്‍ എളിയ സഹോദരങ്ങളോട്, വിശിഷ്യാ പാവങ്ങളും പരിത്യക്തരുമായവരോട് ആദരവുള്ളവരാകണം നാം എന്നാണ് ലോകത്തെ ഗ്രസിച്ച ഈ വൈറസ്ബാധ പഠിപ്പിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ ഉദ്ബോധിപ്പിച്ചു. ഇന്നിന്‍റെ ക്ലേശകരമായ സാമൂഹിക ചുറ്റുപാടില്‍ വേദനിക്കുന്നവരോടും ദാരിദ്ര്യം അനുഭവിക്കുന്നവരോടും സഹാനുഭാവമുള്ളവരാണ്  യാഥാര്‍ത്ഥ വ്യക്തിത്വത്തിന്‍റെ ഉടമകളെന്നും കര്‍ദ്ദിനാള്‍ അഭിപ്രായപ്പെട്ടു.

2. പാവങ്ങളില്‍ കാണേണ്ട ദൈവസ്വരൂപം
കല്‍ക്കട്ടയിലെ മദര്‍ തെരേസയാണ് ആധുനിക കാലത്ത് പാവങ്ങളെ, വിശിഷ്യാ തെരുവിലേയ്ക്ക് എറിയപ്പെട്ട പാവപ്പെട്ട കൈക്കുഞ്ഞുങ്ങളെയും വയോവൃദ്ധരെയും വാരിപ്പുണര്‍ന്ന് അഭയസ്ഥാനം നല്കിക്കൊണ്ട് സഹോദരസ്നേഹം ദൈവസ്നേഹത്തിന്‍റെ മറുപുറമാണ് എന്ന ക്രിസ്തുവിന്‍റെ സുവിശേഷപാഠം ലോകത്തിന് ഹൃദിസ്ഥമാക്കി കൊടുത്തതെന്ന് അദ്ദേഹം പ്രസ്താവിച്ചു. 1950-ല്‍ മദര്‍ തെരേസാ അഗതികളുടെ ശുശ്രൂഷയ്ക്കായി സ്ഥാപിച്ച ഉപവികളുടെ സഹോദരികള്‍ എന്ന സഭ (Missionaries of Charity) ലോകത്ത് എവിടെയും പാവങ്ങള്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും ഇന്ന് സഹോദര സ്നേഹത്തിന്‍റെ അടയാളമാണെന്നും, എളിയവരില്‍ ദൈവത്തെ ദര്‍ശിക്കാന്‍ പഠിപ്പിച്ച മദര്‍ തെരേസായുടെ സിദ്ധിയാണതെന്നും കര്‍ദ്ദിനാള്‍ വ്യക്തമാക്കി.

3. മദറിന്‍റെ പേരില്‍  യുഎന്‍ രാജ്യാന്തരദിനം
1997 സെപ്തംബര്‍ 5-ന് പാവങ്ങളുടെ അമ്മ ഈ ലോകത്തുനിന്നു കടന്നുപോയി. അമ്മ സ്വര്‍ഗ്ഗംപൂകിയ നാളാണ് ഇന്ന് സഭ തിരുനാളായി ആചരിക്കുന്നത്. എന്നാല്‍ 2012-മുതല്‍ സെപ്തംബര്‍ 5 ഐക്യരാഷ്ട്ര സഭ “ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള രാജ്യാന്തര ദിന”മായി പ്രഖ്യാപിച്ചത് മദര്‍ തെരേസയുടെ പാവങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ അംഗീകാരവും, ലോകത്ത് ഇനിയും സഹോദര സ്നേഹത്തിന്‍റെ, വിശിഷ്യ എളിയവരോടുള്ള സ്നേഹത്തിന്‍റെ സുവിശേഷസന്ദേശം പ്രചരിക്കണം എന്ന ദൗത്യമാണെന്നും കര്‍ദ്ദിനാള്‍ താഗ്ലേ വിശദീകരിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 September 2020, 08:38