Vatican News
on the feast day of Mother of Gudalupe on the feast day of Mother of Gudalupe 

മരിയഭക്തിക്ക് എതിരായി ഉയരുന്ന “കുറ്റവാളി” പ്രസ്ഥാനങ്ങള്‍

സഭയ്ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളു‌ടെ കൈകളില്‍നിന്ന് മരിയഭക്തിയെ മോചിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ അഭ്യര്‍ത്ഥന.

- ഫാദര്‍ ജസ്റ്റിന്‍ ഡോമിനിക് നെയ്യാറ്റിന്‍കര

1. പാപ്പാ ഫ്രാന്‍സിസ് മേരിയന്‍ പൊന്തിഫിക്കല്‍
അക്കാഡമിക്ക് അയച്ച കത്ത്

ആഗസ്റ്റ് 21-Ɔο തിയതി വെള്ളിയാഴ്ച റോമിലെ പൊന്തിഫിക്കല്‍ മേരിയന്‍ അക്കാഡമിയുടെ പ്രസിഡന്‍റ് മോണ്‍സീഞ്ഞോര്‍ സ്റ്റേഫനോ ചെക്കീന് അയച്ച കത്തീലൂടെയാണ് സഭയിലെ മരിയ ഭക്തിയുടെ വിശ്വാസപൈതൃകം സമൂഹത്തിന്‍റെ നവമായ സാഹചര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയോടെ പരിരക്ഷിക്കപ്പെടണമെന്ന് പാപ്പാ  അഭ്യര്‍ത്ഥിച്ചു. മോണ്‍. ചെക്കീന്‍ വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന് അന്നുതന്നെ നല്കിയ പാപ്പായുടെ കത്തിനെ സംബന്ധിച്ച അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു.

പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തി സഭാപ്രബോധനങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും അനുസൃതമായി അതിന്‍റെ മൗലിക സ്വാഭാവത്തില്‍ സംരക്ഷിക്കപ്പെടുയും, അത് സുവിശേഷ മാനദണ്ഡങ്ങളായ നീതി, സ്വാതന്ത്ര്യം, സത്യസന്ധത, ഐക്യം എന്നിവയുമായി പൊരുത്തപ്പെട്ടു പോവുകയും വേണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചതായി അഭിമുഖത്തില്‍ അദ്ദേഹം അറിയിച്ചു. എന്നാല്‍ അടുത്തകാലത്തായി സുവിശേഷമൂല്യങ്ങള്‍ക്കും സഭയുടെ പ്രബോധനങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും ഇണങ്ങാത്ത രീതിയില്‍ ദൈവമാതാവിനോടുള്ള ഭക്തിയെ കൈകാര്യംചെയ്യുന്ന സ്വതന്ത്ര അധികാര കേന്ദ്രങ്ങളും, പ്രസ്ഥാനങ്ങളും, സംഘടനങ്ങളും, ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ തലപൊക്കിയിട്ടുള്ളത് പാപ്പാ കത്തില്‍ ചൂണ്ടിക്കാട്ടി.

2. സഭയ്ക്കും സഭാദ്ധ്യക്ഷനും എതിരെയുള്ള നീക്കം
ഉദാഹരണത്തിന് ഇന്ന് മരിയഭക്തിയുമായി ബന്ധപ്പെട്ടു പൊന്തിവന്നിട്ടുള്ള സഭാ വിദ്വേഷികളുടെ ദുഷ്പ്രചരണം ആഗോള സഭാദ്ധ്യക്ഷനായ പാപ്പാ ഫ്രാന്‍സിസിന് എതിരായിട്ടാണ്. (ഇത്തരം പ്രസ്ഥാനങ്ങള്‍ വിദേശ പിന്‍തുണയോടെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലും തലപൊക്കുന്നുണ്ട്). മരിയഭക്തിയുടെ വക്താക്കളെന്ന വ്യാജേന സഭയ്ക്കും പാപ്പായ്ക്കും എതിരായുള്ള കരുനീക്കങ്ങളാണ് ഈ നവമായ കുതന്ത്രം. മുന്‍പാപ്പാ ബെനഡിക്ടിന്‍റെ സ്ഥാനത്യാഗത്തോടെ പത്രോസിന്‍റെ സിംഹാസനം ശൂന്യാമണെന്നും, പത്രോസിനു ക്രിസ്തു നല്കിയ അധികാരത്തിന്‍റെ താക്കോല്‍ ദൈവമാതാവ് പാപ്പാ ഫ്രാന്‍സിസിന്‍റെ കൈയ്യില്‍നിന്നും തിരികെ എടുത്തെന്നും  സാധാരണക്കാരെ പറഞ്ഞു ധരിപ്പിക്കുന്നതാണ് ഈ "മാഫിയ" പ്രസ്ഥാനങ്ങളുടെ നീക്കം. തുടര്‍ന്ന് ഇക്കൂട്ടര്‍ പാപ്പാ ഫ്രാന്‍സിസിനെയും അദ്ദേഹത്തിന്‍റെ പ്രബോധനങ്ങളെയും വിമര്‍ശിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന ചെറുസംഘങ്ങള്‍ ഇന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തലപൊക്കുന്നുണ്ടെന്ന് മോണ്‍. ചെക്കീന്‍ അഭിമുഖത്തില്‍ വിശദീകരിച്ചു.

അവയിൽ നിന്നെല്ലാം വിശ്വാസികളെ മോചിപ്പിക്കാൻ സഹായമാകുന്ന വിധിത്തില്‍ നവമായ വെല്ലുവിളികളെക്കുറിച്ച് സഭാമക്കളെ അവബോധമുള്ളവരാക്കുകയും, തെറ്റുകള്‍ തിരുത്തുകയും, വ്യക്തമായ ധാരണകള്‍ നല്കുകയും വേണമെന്നാണ് പൊന്തിഫിക്കല്‍ അക്കാഡമിയുടെ പ്രസിഡന്‍റ്, മോണ്‍. സ്റ്റേഫനോ ചെക്കീനെ അഭിസംബോധനചെയ്തുകൊണ്ട് അയച്ച കത്തിലൂടെ പാപ്പാ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ദൈവമാതാവിന്‍റെ വണക്കത്തെ സംബന്ധിച്ച തെറ്റായ പ്രവണതകളെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ച് ശാസ്ത്രീയവും, ബൗദ്ധികവും, ചരിത്രപരവും, അപഗ്രഥനപരവുമായ പഠനങ്ങൾ നടത്താന്‍ മേരിയന്‍ അക്കാഡമിയില്‍ ഒരു പ്രത്യേക വിഭാഗംതന്നെ രൂപീകരിച്ചിട്ടുള്ളതായി അഭിമുഖത്തില്‍ മോണ്‍. ചേക്കീന്‍ വെളിപ്പെടുത്തി.

3. പൊന്തിഫിക്കല്‍ മേരിയന്‍ അക്കാഡമി
ലോകത്ത് മരിയഭക്തി പ്രോത്സാഹിപ്പിക്കുക, അതിന്‍റെ ദൈവശാസ്ത്രപരമായ കൃത്യത നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് 1946-ൽ കാർലോ ബാലിക് എന്ന കപ്പൂച്ചിന്‍ വൈദികന്‍റെ നേതൃത്വത്തില്‍ മേരിയന്‍ പൊന്തിഫിക്കല്‍ അക്കാഡമിക്ക് തുടക്കംകുറിച്ചത്.
ജോണ്‍ 23-Ɔമന്‍ പാപ്പാ 1959-ൽ ലോകമെമ്പാടുമുള്ള വിവിധ മേരിയന്‍ സംഘടനകളെയും പ്രസ്ഥാനങ്ങളെയും ഏകോപിപ്പിക്കുകയും, മരിയൻ പഠനങ്ങളെ പ്രോത്സാഹിപ്പിക്കുവാനും പ്രസ്ഥാനങ്ങള്‍ക്ക് ഐകരൂപ്യമുള്ള മാര്‍ഗ്ഗരേഖകള്‍ നല്കുവാനും അന്നത്തെ മേരിയൻ അക്കാഡമിയ്ക്ക് "പൊന്തിഫിക്കൽ" പദവി നൽകുകയുണ്ടായി. പോള്‍ 6-Ɔമന്‍ പാപ്പാ പൊന്തിഫിക്കൽ മേരിയൻ അക്കാദമിയുടെ ചട്ടങ്ങളും, നിയമങ്ങൾക്കും അംഗീകാരം നൽകി. പിന്നീട് 1995-ൽ അത് പരിഷ്കരിക്കപ്പെടുകയുമുണ്ടായി. ജോൺ പോൾ 2- Ɔമന്‍ പാപ്പായുടെ ആഗ്രഹപ്രകാരമാണ് പൊന്തിഫിക്കൽ മേരിയൻ അക്കാ‍ഡമിയുടെ പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും ലോകമെമ്പാടുമുള്ള അക്കാദമികളിലേക്കും മേരിയൻ സമൂഹങ്ങളിലേക്കും വ്യാപിപ്പിച്ചുകൊണ്ട് അതിനെ ആഗോള പൊന്തിഫിക്കൽ മേരിയൻ (Pontifical International Marian Academy) അക്കാഡമിയായി ഉയര്‍ത്തിയത്.

4. പൊതുനന്മയ്ക്കായി ഐക്യത്തിൽ മുന്നേറാം
സെപ്റ്റംബറിൽ 18-ന് മേരിയൻ അക്കാദമി ഒരു രാജ്യാന്തര മേരിയന്‍ സമ്മേളനം ഓണ്‍-ലൈന്‍ സംവിധാനങ്ങളില്‍ സംഘടിപ്പിക്കുന്ന വിവരം മോണ്‍. ചെക്കീന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. അതിൽ, വിശ്വാസപരമായി കുറ്റവാളി സ്വഭാവമുള്ള പ്രസ്ഥാനങ്ങളെയും, സംഘടനകളെയും, പ്രതിഭാസങ്ങളെയും കുറിച്ച് പഠിക്കുന്നതിനായി താൽക്കാലികമായി രൂപീകരിക്കപ്പെട്ട വകുപ്പിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സഹായകമാകുമെന്നും അദ്ദേഹം വിശദീകരിച്ചു. ഈ സമ്മേളനത്തിൽ ദൈവശാസ്ത്രജ്ഞരും മരിയവിജ്ഞാനീയത്തില്‍ പ്രഗത്ഭരും മാത്രമല്ല, സമൂഹത്തിന്‍റെ വിവിധ തുറകളില്‍നിന്നുമുള്ള വിദഗ്ദ്ധരും നേതാക്കളും, മേരിയന്‍ സംഘടനാ പ്രതിനിധികളും സംഗമത്തില്‍ പങ്കെടുക്കുമെന്നും മോണ്‍. ചെക്കീന്‍ വ്യക്തമാക്കി.

5. സംവാദത്തിന്‍റെ വഴികള്‍ തുറക്കാം
പൊന്തിഫിക്കൽ മേരിയൻ അക്കാ‍ഡമിയുടെ പ്രവർത്തനങ്ങൾ വിശദമായി അവതരിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമായി എല്ലാ വർഷവും മെയ് 13-ന് ദേശീയ സമ്മേളനം സംഘടിപ്പിക്കുവാനും പദ്ധതിയുണ്ട്.  പ്രാദേശിക സഭാ നേതൃത്വങ്ങളെയും, മറ്റ് സംഘടനകളെയും ആശയക്കുഴപ്പത്തിലാക്കാതെ, അവരവരുടെ സവിശേഷത ഉൾക്കൊണ്ടുകൊണ്ട് പൊതുനന്മയ്ക്കായി ‌അക്കാഡമിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് കൊണ്ടുപോകുവാന്‍ ശ്രദ്ധിക്കുമെന്നും മോണ്‍. ചെക്കീന്‍ അറിയിച്ചു. ഫ്രാൻസിസ് പാപ്പയുടെ പ്രബോധനമനുസരിച്ച് "അക്കാദമിയുടെ ലക്ഷ്യം ഏറ്റുമുട്ടലല്ല, മറിച്ച് സംവാദ"മാണെന്നും, അത് തങ്ങള്‍ പ്രതിജ്ഞാബദ്ധരായി പാലിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചുകൊണ്ടാണ് അഭിമുഖം ഉപസംഹരിച്ചത്.
 

23 August 2020, 08:53