2020.05.20 p. Adolfo Nicolás Pachón 2020.05.20 p. Adolfo Nicolás Pachón 

ഫാദര്‍ അഡോള്‍ഫ് നിക്കോളെയ്ക്ക് സ്മരണാഞ്ജലി

വൈകിയെങ്കിലും ആദരവോടെ... ഈശോസഭയുടെ സുപ്പീരിയര്‍ ജനറല്‍, ഫാദര്‍ അഡോള്‍ഫ് നിക്കോളെയ്ക്ക് അന്ത്യാഞ്ജലി!

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1.  ഈശോ സഭയുടെ 30-Ɔമത്തെ സുപ്പീരിയര്‍ ജനറല്‍
മെയ് 20-ന് ജപ്പാനിലെ ടോക്കിയോ നഗരത്തിലായിരുന്നു ഫാദര്‍ നിക്കോളയുടെ അന്ത്യം. 84-Ɔമത്തെ വയസ്സില്‍ വാര്‍ദ്ധക്യസഹജമായ രോഗങ്ങളാലായിരുന്നു ടോക്കിയോയിലെ ഈശോസഭാ സമൂഹത്തില്‍ അദ്ദേഹം അന്തരിച്ചത് (1936-2020). അന്തിമോപചാര ശുശ്രൂഷകള്‍ മെയ് 23-ന് ടോക്കിയോയില്‍ നടത്തുകയുണ്ടായി. എട്ടുവര്‍ഷക്കാലം ഈശോസഭയുടെ തലവനായിരുന്ന ഫാദര്‍ നിക്കോളെ സ്പെയിന്‍കാരനാണ് (2008-2016).

2. ജപ്പാനിലെ മിഷണറി
സന്ന്യാസ ജീവിത രൂപീകരണത്തിന്‍റെ ആദ്യവര്‍ഷങ്ങള്‍ ജന്മനാടായ സ്പെയിനില്‍ പൂര്‍ത്തീകരിച്ച നിക്കോളെയുടെ വൈദികപഠനത്തിന്‍റെ പ്രാഥമിക ഘട്ടം ജപ്പാനിലെ സോഫിയ യൂണിവേഴ്സിറ്റിയിലായിരുന്നു. തുടര്‍ന്ന് റോമിലെ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റിയില്‍നിന്നും ദൈവശാസ്ത്രത്തില്‍ ഉന്നതബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി. 1967-ല്‍ പൗരോഹിത്യം സ്വീകരിച്ചു. മനില യൂണിവേഴ്സിറ്റിയില്‍ ദൈവശാസ്ത്ര അദ്ധ്യാപകനായിട്ടാണ് പൗരോഹിത്യ ജീവിതത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് ഈശോസഭയുടെ ജപ്പാനിലെ മിഷനിലേയ്ക്കാണ് അദ്ദേഹം തിരിച്ചുപോയത്.

3. സഭയിലെ സമുന്നത സേവനകാലം
ഈശോസഭയുടെ ജപ്പാനിലെ പ്രൊവിന്‍ഷ്യലായി ആദ്യം തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കിഴക്കെ ഏഷ്യാ-ഓഷ്യാനിയ പ്രോവിന്‍സുകളുടെ പ്രസിഡന്‍റായും അദ്ദേഹം ചെയ്ത സേവനങ്ങള്‍ സ്തുത്യര്‍ഹമായിരുന്നു. ഈശോസഭയുടെ ജനറല്‍ സുപ്പീരിയര്‍ ഫാദര്‍ പീറ്റര്‍ ഹാന്‍സ് കോള്‍വെന്‍ബാഹിന്‍റെ പിന്‍ഗാമിയായിട്ടാണ് 2008-ല്‍ ഫാദര്‍ അഡോള്‍ഫ് നിക്കോളെ തിരഞ്ഞെടുക്കപ്പെട്ടത്. സഭാസ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയ്ക്കുശേഷം ഈശോസഭയുടെ 29-Ɔമത്തെ സുപ്പീരിയര്‍ ജനറലായിട്ടാണ് ഫാദര്‍ അഡോള്‍ഫ് നിക്കോളെ റോമിലെ ആസ്ഥാനത്ത് സ്ഥാനമേറ്റത്. അധികാരത്തിന്‍റെ രണ്ടു കാലപരിധി പൂര്‍ത്തിയാക്കിയപ്പോള്‍  ആരോഗ്യപരമായ കാരണങ്ങളാല്‍ 2016-ല്‍ അദ്ദേഹം സ്ഥാനത്യാഗം ചെയ്തു.

4. ധിഷണാശാലിയായ ആത്മീയാചാര്യന്‍
നര്‍മ്മരസവും ധൈര്യവും, ഒപ്പം വിനയവുമുള്ള ഫാദര്‍ നിക്കോളെ ആഴമായ ആത്മീയതയും സാര്‍വ്വത്രിക വീക്ഷണവുമുള്ള ധിഷണാശാലിയായിരുന്നുവെന്ന് ഇപ്പോഴത്തെ സുപ്പീരിയര്‍ ജനറല്‍, ഫാദര്‍ അര്‍ത്തൂരൊ സോസ വത്തിക്കാന്‍ വാര്‍ത്താ വിഭാഗത്തിനു നല്കിയ സന്ദേശേത്തില്‍ പ്രസ്താവിച്ചു. തീരുമാനങ്ങള്‍ എടുക്കുവാന്‍ സമര്‍ത്ഥനായിരുന്ന ഫാദര്‍ നിക്കോളെ, അത് നീണ്ട വിചിന്തനത്തോടും മറ്റുള്ളവരുമായുള്ള ആലോചനയോടും കൂടെ എടുത്തിരുന്നതിനാല്‍ എപ്പോഴും ഫലവത്തും സഭയ്ക്ക് നന്മയുമായിരുന്നെന്ന് ഫാദര്‍ സോസ പ്രസ്താവിച്ചു. അദ്ദേഹത്തിന്‍റെ സേവനകാലത്ത് ഈശോ സഭയുടെ ഉന്നമനത്തിനുവേണ്ടി മാത്രമല്ല, പൊതുവെ സന്ന്യസ്ത്യരുടെയും സമര്‍പ്പണ ജീവിതത്തിന്‍റെയും മേന്മയ്ക്കായും ആഗോളസഭയുടെ വളര്‍ച്ചയ്ക്കുവേണ്ടിയും പ്രയത്നിച്ചുവെന്നും ഫാദര്‍ സോസ പറഞ്ഞു.

5. അന്ത്യഘട്ടം ജപ്പാന്‍റെ മണ്ണില്‍
ചെറുപ്പകാലം മുതലേ ജപ്പാനിലെ മിഷന്‍ പ്രവര്‍ത്തനങ്ങളോട് തീക്ഷ്ണമതിയായിരുന്ന ഫാദര്‍ നിക്കോളെ, ജനറല്‍ സ്ഥാനം ഒഴിഞ്ഞ ഉടനെ റോമില്‍നിന്നും ജപ്പാനിലെ മിഷനിലേയ്ക്കാണ് തിരിച്ചുപോയത്. തന്‍റെ പാണ്ഡിത്യവും ആത്മീയതയും പരിചയസമ്പത്തും ജപ്പാന്‍റെ പ്രേഷിത മേഖലയില്‍ അവസാനശ്വാസംവരെ പങ്കുവച്ചുകൊണ്ടാണ് ധീരനായ ആത്മത്യാഗി, ഫാദര്‍ അഡോള്‍ഫ് നിക്കോളെ 2020 മെയ് 20-ന് വിടപറഞ്ഞത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 June 2020, 08:12