US-POLITICS-RACE-UNREST US-POLITICS-RACE-UNREST 

വംശീയ ലഹള - ഒരു സമൂഹത്തിന്‍റെ ഇനിയും കേള്‍ക്കാതെപോയ കരച്ചില്‍

ദേശീയ മെത്രാന്‍ സംഘത്തിന്‍റെ വംശീയതയ്ക്കെതിരായ കമ്മറ്റിയുടെ ചെയര്‍മാന്‍, ബിഷപ്പ് ഷെല്‍ട്ടണ്‍ ഫാബ്രെയുടെ പ്രസ്താവന.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. അമേരിക്കയിലെ മെത്രാന്‍ സംഘത്തിന്‍റെ നിലപാട്
ജൂണ്‍ 2-Ɔο തിയതി ചൊവ്വാഴ്ച  വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് അമേരിക്കയിലെ ഹോമോ തീബദോയുടെ മെത്രാന്‍കൂടിയായ ബിഷപ്പ് ഫാബ്രെ ഇങ്ങനെ പ്രസ്താവിച്ചത്. കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്ലോയിഡിന്‍റെ മരണത്തിന് ഇടയാക്കിയ പൊലീസിന്‍റെ ഭാഗത്തുനിന്നുമുണ്ടായ ക്രൂരമായ മര്‍ദ്ദനമാണ് രാജ്യത്തുടനീളം വംശീയതയ്ക്കെതിരായ പ്രതിഷേധമായി ഉയര്‍ന്നിരിക്കുന്നതെന്ന് ബിഷപ്പ് ഫാബ്രെ വിശദീകരിച്ചു. നശീകരണത്തിന്‍റെ പ്രതിഷേധരീതിയെ അപലപിക്കുമ്പോഴും, വംശീയ പെരുമാറ്റത്തിന് ഏതിരായ വേദനയിലും വെറുപ്പിലും മാനസിക സംഘര്‍ഷത്തിലും നീതിനിഷ്ഠമായ അവകാശത്തിനായി ഉയരുന്ന പ്രതിഷേധത്തെ പിന്‍തുണയ്ക്കുന്നതായി മെത്രാന്‍ സംഘത്തിനുവേണ്ടി ബിഷപ്പ് ഫാബ്രെ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

2. ഇനിയും അവഗണിക്കപ്പെടുന്നവര്‍
അമേരിക്കന്‍ ഐക്യനാടുകളുടെ പിറവിമുതല്‍ നേരിടുന്ന വലിയ പ്രതിസന്ധിയാണ് വംശീയതയെന്നും, ഇതര വംശത്തില്‍പ്പെട്ടവരും വ്യത്യസ്ത നിറമുള്ളവരും തങ്ങളെക്കാള്‍ താഴ്ന്നവരാണെന്ന നിഷേധാത്മകമായ ചിന്തയെ അമേരിക്കയുടെ ദീര്‍ഘകാല ചരിത്രത്തില്‍ വേണ്ടുവോളം നേരിടാത്തതിന്‍റെയും തിരുത്താത്തതിന്‍റെയും ഫലമാണെന്ന് ബിഷപ്പ് ഫാബ്രെ അഭിപ്രായപ്പെട്ടു. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആഫ്രോ-അമേരിക്കന്‍ ജനത കൂടുതല്‍ ക്ലേശങ്ങള്‍ അനുഭവിക്കേണ്ടിവന്നിരിക്കുന്നത് ചികിത്സയ്ക്കും സാമൂഹ്യസുരക്ഷയ്ക്കുമുള്ള സംവിധാനങ്ങള്‍ ഇനിയും കറുത്തവര്‍ഗ്ഗക്കാര്‍ക്ക് ലഭ്യമല്ലാത്തതിനാലാണെന്ന് പ്രസ്താവന വ്യക്തമാക്കി. ദേശീയ പിന്‍തുണ എല്ലാ മേഖലകളിലും നിഷേധിക്കപ്പെടുന്നതിനാല്‍ എവിടെയും തിങ്ങിപ്പാര്‍ക്കുവാനും ഒതുങ്ങിക്കൂടുവാനും അവര്‍  നിര്‍ബന്ധിതരാണ്. ഇതുവഴി അവര്‍ കൂടുതലായി അനുഭവിക്കേണ്ടിവരുന്ന മഹാമാരിയുടെ മരണവും വേദനയും, ക്ലേശങ്ങളും പൊടുന്നനെ പൊന്തിവന്ന ഈ വംശീയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെന്നും ബിഷപ്പ് ഫാബ്രെ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

3. സഭ നീതിക്കായി പോരാടും
അമേരിക്കയിലെ വംശീയതയ്ക്ക് ചരിത്രപരമായി ആഴമായ വേരുകളുണ്ടെന്നും, അത് വേണ്ടുവോളം അഭിമുഖീകരിക്കാതെയും പരിഹരിക്കപ്പെടാതെയും പോയതി‍ന്‍റെ പരിണിതഫലമാണ് പൊലീസ് പീഡനത്തെ തുടര്‍ന്ന് മരണമടഞ്ഞ കറുത്ത വര്‍ഗ്ഗക്കാരന്‍, ജോര്‍ജ്ജ് ഫ്ലോയിഡിന്‍റെ മരണത്തെ ചൊല്ലി കാട്ടുതീപോലെ അമേരിക്കയില്‍ ആകമാനം ആളിക്കത്തിയ വംശീയ പ്രതിഷേധമെന്ന് ബിഷപ്പ് ഫാബ്രെ വ്യക്തമാക്കി. സഭ ഒരിക്കലും അതിക്രമങ്ങളെ അംഗീകരിക്കുന്നില്ല. എന്നാല്‍ വംശീയതയ്ക്ക് എതിരെയുള്ള സമാധാനപരമായ പ്രതിഷേധത്തെ പിന്‍താങ്ങുകയും നീതിക്കായി ഭരണകൂടത്തോട് അപേക്ഷിക്കുകയും ചെയ്യുന്നതായി മെത്രാന്‍ സംഘത്തിന്‍റെ വക്താവ് പ്രസ്താവിച്ചു.

4.  കേള്‍ക്കാതെ പോയ കരച്ചില്‍
ജനതയുടെ കേള്‍ക്കാത്ത കരച്ചിലാണ് വര്‍ഗ്ഗീയ ലഹളയെന്ന് മാര്‍ട്ടിന്‍ ലൂതര്‍ കിങ് പറഞ്ഞിട്ടുള്ള വാക്കുകള്‍ അദ്ദേഹം പ്രസ്താവനയില്‍ ഉദ്ധരിച്ചു. ഇന്ത്യയുടെ മഹാത്മാഗാന്ധി പ്രബോധിപ്പിച്ചിട്ടുള്ള അഹിംസാ മാര്‍ഗ്ഗേണയുള്ള പ്രതിഷേധം സഭ പിന്‍തുണയ്ക്കുകതന്നെ ചെയ്യുമെന്നു പ്രസ്താവിച്ചുകൊണ്ടാണ് വത്തിക്കാന്‍ വാര്‍ത്താ ഇംഗ്ലിഷ് വിഭാഗത്തിന്‍റെ ദേവന്‍ വാട്കിന്‍സുമായുള്ള അഭിമുഖം ബിഷപ്പ് ഫാബ്രെ ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 June 2020, 13:45