ITALY-VATICAN-POPE-RELIGION-ROME-DIOCESE ITALY-VATICAN-POPE-RELIGION-ROME-DIOCESE 

തന്‍റെ രൂപതയിലെ ജനങ്ങളെ സഹായിക്കുവാന്‍ പാപ്പായുടെ ധനസമാഹരണം

“യേശു ദിവ്യനായ തൊഴിലാളി” എന്ന നാമത്തിലുള്ള ധനശേഖരണ”ത്തിന് പാപ്പാ ഫ്രാന്‍സിസ് തുടക്കം കുറിച്ചു.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1.  ജനങ്ങളുടെ ക്ലേശങ്ങളില്‍ മനസ്സലിഞ്ഞ്

ഇറ്റലിയെ പിടിച്ചു കുലുക്കിയ മഹാമാരിയുടെ പശ്ചാത്തലത്തില്‍ താന്‍ അദ്ധ്യക്ഷനായ റോമാരൂപതയിലെ ക്ലേശിക്കുന്ന ജനങ്ങളെ സഹായിക്കുവാനാണ് “യേശു ദിവ്യനായ തൊഴിലാളി” എന്ന നാമത്തിലുള്ള സാമ്പത്തിക സഹായ പദ്ധതിക്ക് പാപ്പാ ഫ്രാന്‍സിസ് തുടക്കമിട്ടത്. തന്‍റെ ഓഹരിയായി 8 കോടി രൂപ (1 million Euros) റോമാരൂപതയുടെ വികാരി ജനറല്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ ദി ദൊനാത്തീസിനെ എല്പിച്ചു. തൊഴിലില്ലായ്മയും, സാമ്പത്തികമാന്ദ്യവും, ഇതര സാമൂഹീക പ്രതിസന്ധികളുംമൂലം ഇക്കാലഘട്ടത്തില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ വിഷമിക്കുന്ന കുടുംബങ്ങളെ സഹായിക്കുവാന്‍ വേണ്ടിയാണ് പാപ്പാ ഫ്രാന്‍സിസ് സാമ്പത്തിക സഹായ പദ്ധതി ആവഷ്ക്കരിച്ചിരിക്കുന്നത്.

2.  “യേശു ദിവ്യനായ തൊഴിലാളി”
തൊഴിലിന്‍റെ മാഹാത്മ്യവും അന്തസ്സും, തൊഴില്‍ചെയ്ത് ജീവിക്കേണ്ടതിന്‍റെ ആവശ്യകതയും ഗുണഭോക്താക്കളെയും ഫണ്ട് കൈകാര്യംചെയ്യുന്നവരെയും ഒരുപോലെ ഓര്‍പ്പിക്കുവാനാണ്, “യേശു ദിവ്യനായ തൊഴിലാളി” എന്ന പേരില്‍ ഉപവിപദ്ധതി ആസൂത്രണംചെയ്യുവാന്‍ തന്നെ പ്രേരിപ്പിച്ചതെന്നു കത്തില്‍ പാപ്പാ വിശദീകരിച്ചു.

3. ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാകാത്തവരെ തേടി
വിസ്തൃതമായ റോമാനഗരത്തിലെ കുടുംബങ്ങളുടെ ക്ലേശങ്ങള്‍ മനസ്സിലാക്കുന്ന പാപ്പാ ഫ്രാന്‍സിസ്, ഫണ്ടിലേയ്ക്ക് ഉദാരമായി ഇനിയും സംഭാവനചെയ്യണമെന്ന് റോമിലെ സ്ഥാപനങ്ങളോടും പ്രസ്ഥാനങ്ങളോടും വ്യക്തികളോടും, വൈദികരുടെയും സന്ന്യസ്തരുടെയും കൂട്ടായ്മകളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ജൂണ്‍ 8-ന് ഇറക്കിയ വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി. കൊറോണയുടെ കെടുതിയില്‍ സര്‍ക്കാരിന്‍റെയും സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനും ആനുകൂല്യങ്ങള്‍ക്കും അര്‍ഹരാകാതെ ക്ലേശിക്കുന്നവരിലേയ്ക്ക് കൂടുതല്‍ ശ്രദ്ധതിരിക്കണമെന്നും ഫണ്ടിനോടൊപ്പം കര്‍ദ്ദിനാള്‍ ദൊനാത്തീസിന് അയച്ച കത്തില്‍ പാപ്പാ ഫ്രാന്‍സിസ് നിര്‍ദ്ദേശിക്കുന്നുണ്ട്.

4. ക്ലേശിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങ്
ക്ലേശങ്ങളില്‍നിന്നും ഒരു സമൂഹത്തെ ഉയര്‍ത്തിയെടുക്കുവാനുള്ള പ്രതിബദ്ധതയാണ് ഈ സാഹോദര്യത്തിന്‍റെയും കാരുണ്യത്തിന്‍റെയും സഹായപദ്ധതിയെന്ന് തന്‍റെ രൂപതയുടെ വികാരി ജനറല്‍ വഴി വിശ്വാസികള്‍ക്കുമായി അയച്ച കത്തിലൂടെ പാപ്പാ വ്യക്തമാക്കി.
സഭയുടെ ഉപവിപ്രസ്ഥാനം “കാരിത്താസി”ന്‍റെ റോമാ കേന്ദ്രമായിരിക്കും ( Caritas Rome)   “യേശു ദിവ്യനായ തൊഴിലാളി” എന്ന സഹായപദ്ധതി കൈകാര്യം ചെയ്യുന്നതെന്നും കത്തില്‍ പാപ്പാ നിജപ്പെടുത്തിയിട്ടുണ്ട്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 June 2020, 13:06