വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ, 1980-ൽ ബ്രസീലിൽ എടുത്ത ഒരു ചിത്രം വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ, 1980-ൽ ബ്രസീലിൽ എടുത്ത ഒരു ചിത്രം 

ദൈവിക കാരുണ്യവും വിശുദ്ധ രണ്ടാം ജോൺ പോൾ പാപ്പായും!

ക്രിസ്തുവിൻറെ പുനരുത്ഥാനം വഴി ദൈവികകാരുണ്യം എല്ലാവർക്കുമായി ഭവിച്ചുവെന്നും അത്, നമ്മുടെ ബലഹീനതയെക്കാൾ ശക്തമാണെന്നും എല്ലാവരും അറിയണമെന്ന് ബെനഡിക്ട് പതിനാറാമൻ പാപ്പാ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദൈവിക കാരുണ്യത്തിൻറെ അനിവാര്യമായ പ്രാധാന്യം അനാവരണം ചെയ്യുന്നതിലൂടെ, വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ, മനുഷ്യൻറെ ധാർമ്മികാവശ്യങ്ങൾ അംഗീകരിക്കാനുള്ള അവസരം നമുക്കേകുന്നുവെന്ന് വത്തിക്കാനിൽ ആശ്രമജീവിതം നയിക്കുന്ന എമിരെറ്റസ് പാപ്പാ ബെനഡിക്ട് പതിനാറാമൻ.

ഇക്കൊല്ലം മെയ് 18-ന് വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായുടെ ഒന്നാം ജന്മശതാബ്ദിയാകയാൽ, ഈ വിശുദ്ധൻറെ ജന്മനാടായ പോളണ്ടിലെ കത്തോലിക്കാമെത്രാന്മാർക്ക് അയച്ച കത്തിലാണ് ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ ഈ നിരീക്ഷണമുള്ളത്.

ഈ കത്ത് വെള്ളിയാഴ്ചയാണ് (15/05/20) വത്തിക്കാൻ പരസ്യപ്പെടുത്തിയത്.

മനുഷ്യൻറെ ധാർമ്മികാവശ്യങ്ങളെ പൂർണ്ണമായി തൃപ്തിപ്പെടുത്താൻ നമുക്കാവില്ല എന്ന വസ്തുതയും പാപ്പാ കത്തിൽ അനുസ്മരിക്കുന്നുണ്ട്.

നമ്മുടെ ബലഹീനതയെ സൗഖ്യമാക്കുന്ന ഒരു ശക്തിയായി മാറുന്ന ദൈവിക കാരുണ്യത്തിൻറെ വെളിച്ചത്തിലാണ് ധാർമ്മിക യത്നങ്ങൾ നാം ഏറ്റെടുക്കേണ്ടതെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു.

ക്രിസ്തീയ വിശ്വാസത്തിൻറെ വസ്തുനിഷ്ഠ കേന്ദ്രമായി, പരിത്രാണ പ്രബോധനം വൈക്തികമായി അംഗീകരിക്കുന്നതിലും അതുൾക്കൊള്ളാൻ മറ്റുള്ളവരെ സഹായിക്കുന്നതിലും കേന്ദ്രീകൃതമായിരുന്നു വിശുദ്ധ രണ്ടാം ജോൺ പോൾമാർപ്പാപ്പായുടെ ജീവിതമെന്ന് പാപ്പാ കത്തിൽ അനുസ്മരിക്കുന്നു.

ക്രിസ്തുവിൻറെ പുനരുത്ഥാനം വഴി ദൈവികകാരുണ്യം എല്ലാവർക്കുമായി ഭവിച്ചുവെന്നും അത്, നമ്മുടെ ബലഹീനതയെക്കാൾ ശക്തമാണെന്ന് എല്ലാവരും അറിയണമെന്നും പാപ്പാ പറയുന്നു.

വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ പോളണ്ടിലെ വാദൊവിച്ച് എന്ന സ്ഥലത്ത് 1920 മെയ് 18-നാണ് ജനിച്ചത്.

കരോൾ വൊയത്തീവ എന്നായിരുന്നു പേര്. 1978 മുതൽ 2005 ഏപ്രിൽ 2 വരെ ആയിരുന്നു വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായുടെ സഭാഭരണ കാലം.

2005 ഏപ്രിൽ 2-ന് മരണമടഞ്ഞ അദ്ദേഹത്തെ ഫ്രാൻസീസ് പാപ്പാ 2017 ഏപ്രിൽ 2014-ന് വിശുദ്ധനായി പ്രഖ്യാപിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 May 2020, 15:22