Pope: video message Pope: video message 

മഹാമാരി പശ്ചാത്തലമാക്കി പാപ്പാ ഫ്രാന്‍സിസിന്‍റെ അഭിമുഖം

ലണ്ടനിലെ “ടാബലറ്റ്” (Tablet International Catholic Weekly London) ആഴ്ചപ്പതിപ്പിന് നല്കിയ അഭിമുഖത്തിന്‍റെ സംഗ്രഹം :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. രാജ്യാന്തര വാരികയോടു പറഞ്ഞ കാര്യങ്ങള്‍
ഒരു ബ്രിട്ടിഷ് പ്രസിദ്ധീകരണത്തിന് ഇദംപ്രഥമായി നല്കിയ അഭിമുഖമാണിത്.  ഓസ്റ്റിന്‍ ഐവറിയെന്ന മാദ്ധ്യമപ്രവര്‍ത്തകനാണ് പാപ്പാ ഫ്രാന്‍സിസിനോട് ടെലിഫോണീലൂടെ ചോദ്യങ്ങള്‍ ചോദിച്ചത്. അരമണിക്കൂര്‍ നീണ്ടതായിരുന്നു അഭിമുഖം. ഏപ്രില്‍ 8-Ɔο തിയതി ബുധനാഴ്ചയാണ് ലോകത്തെ സതംഭിപ്പിച്ചിരിക്കുന്ന കൊറോണ വൈറസ് ബാധയുടെ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ് തുറന്നതും തനിമയുള്ളതുമായ അഭിപ്രായങ്ങള്‍ പങ്കുവച്ചത്.

2.  മഹാമാരിയുടെ കാലത്ത് വത്തിക്കാന്‍റെ  പ്രവര്‍ത്തനങ്ങള്‍
വത്തിക്കാന്‍റെ എല്ലാസ്ഥാപനങ്ങളിലും പ്രവര്‍ത്തനങ്ങള്‍ തുടരുന്നത് മാധ്യമശ്രൃംഖലകളിലൂടെയാണ്. ജോലിചെയ്യുന്നവര്‍ അവരുടെ ഭവനങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുകയും, അത്യാവശ്യം സ്റ്റാഫ് മാത്രം ഓഫീസില്‍ വന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായി പാപ്പാ വിവരിച്ചു. കാസാ മാര്‍ത്തയില്‍ സമ്പര്‍ക്കം കുറയ്ക്കുന്നതിന് അന്തേവാസികള്‍ രണ്ടു 'ഷിഫ്റ്റാ'യി ഭക്ഷണം കഴിക്കുന്നതും, സമൂഹപ്രാര്‍ത്ഥനയും ദിവ്യബലിയര്‍പ്പണവും മാറ്റിവച്ചിരിക്കുന്നതും  സമ്പര്‍ക്കം ഒഴിവാക്കി ജീവിക്കാനുള്ള സര്‍ക്കാരിന്‍റെയും വത്തിക്കാന്‍റെ ആരോഗ്യ വകുപ്പിന്‍റെയും നിര്‍ദ്ദേശങ്ങള്‍ മാനിച്ചുകൊണ്ടാണെന്ന് പാപ്പാ വിശദീകരിച്ചു.

3. പ്രാര്‍ത്ഥനയും പിന്‍തുണയും
ദൈവസഹായം ഈ അടിയന്തിര ഘട്ടത്തില്‍ അനിവാര്യമാണെന്നു മനസ്സിലാക്കുന്നതായും ക്ലേശിക്കുന്ന രോഗികള്‍ക്കുവേണ്ടിയും, അവരെ പരിചരിക്കുന്നവര്‍ക്കുവേണ്ടിയും കൂടുതല്‍ സമയം താന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് പാപ്പാ പറഞ്ഞു. രാവിലെ മാധ്യമസഹായത്തോടെയുള്ള ദിവ്യബലിയും ആത്മീയദിവ്യകാരുണ്യ സ്വീകരണവും ആശീര്‍വ്വാദവും, മാര്‍ച്ച് 27-ന് നടത്തിയ പൊതുവായ പ്രാര്‍ത്ഥനയും, അപ്പസ്തോലിക ധനസഹായവുമെല്ലാം വേദനിക്കുന്ന മനുഷ്യരുടെ ചാരത്തെത്തുവാനുള്ള എളിയ ശ്രമങ്ങളാണെന്ന് പാപ്പാ ചോദ്യത്തിനു മറുപടിയായി ചൂണ്ടിക്കാട്ടി.

4. വളരുന്ന "വലിച്ചെറിയല്‍ സംസ്കാരം"
ചില സര്‍ക്കാരുകള്‍ ജനങ്ങളെ പിന്‍തുണയ്ക്കാന്‍ ഈ ഘട്ടത്തില്‍ എടുത്ത നല്ല തീരുമാനങ്ങളെ പാപ്പാ അഭിനന്ദിച്ചു. എന്നാല്‍ സാമ്പത്തിക നേട്ടത്തെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു “വലിച്ചെറിയല്‍ സംസ്കാരം” (Culture of Waste) വളര്‍ന്നുവന്നിട്ടുള്ളത് അവഗണിക്കാനാവില്ല. ജനനം മുതല്‍ അവസാനം വാര്‍ദ്ധക്യംവരെ സ്വാഭാവികമായി നീളുന്ന മനുഷ്യജീവിതത്തില്‍ നേട്ടവും വരുമാനവുമുള്ളവരെ സംരക്ഷിക്കുന്നതും, പ്രായമായവരെയും രോഗികളെയും, വൈകല്യങ്ങളുള്ളവരെയും ഉപയോഗശൂന്യമെന്നു പറ‍ഞ്ഞ് പുറംതള്ളുന്നതുമായ പ്രവണത വര്‍ദ്ധിച്ചുവരുന്നുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

കാരുണ്യവധം,  വ്യക്തികളെ മരിക്കുവാന്‍  പിന്‍തുണയ്ക്കുന്ന രീതികള്‍ (Mercy killing, Assisted suicide) എന്നിവ  ഇന്നു വളര്‍ന്നു വരുന്ന ലാഭേച്ഛാ മനോഭാവത്തിന്‍റെ പ്രത്യാഘാതമാണെന്നു പാപ്പാ പ്രസ്താവിച്ചു. രോഗികള്‍  തങ്ങളെ  ഇല്ലായ്മചെയ്യുവാന്‍‍  ഡോക്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് വൈദ്യശാസ്ത്രത്തിന് അടിയറപറയുന്ന  ദുഃഖസത്യങ്ങളും  വലിച്ചെറിയല്‍ സംസ്കാരത്തിന്‍റെ ഭാഗമാണെന്ന് പാപ്പാ തുറന്നു പ്രസ്താവിച്ചു.

5. പാവങ്ങളെ ഒഴിവാക്കുന്ന വന്‍പദ്ധതികള്‍
പാവങ്ങളെയും പണക്കാരെയും ഒരുപോലെ ബാധിക്കുന്നതാണ് മഹാമാരിയുടെ പ്രതിസന്ധി. എന്നാല്‍ ജനങ്ങളെ പിന്‍തുണയ്ക്കുന്ന അവസരങ്ങള്‍ വരുമ്പോള്‍, പാവങ്ങളെയും വ്രണിതാക്കളെയും അവഗണിക്കുകയും, സാമ്പത്തിക നേട്ടത്തിന്‍റെ വന്‍വ്യവസായ പദ്ധതികളെക്കുറിച്ചു സംസാരിക്കുകയും, ആയുധനിര്‍മ്മാണത്തിനും ആയുധശേഖരത്തിനും മുന്‍തൂക്കം കൊടുക്കുകയുംചെയ്യുന്ന രാഷ്ട്രനേതാക്കളുടെ എണ്ണം ലോകത്തു വര്‍ദ്ധിച്ചുവരുന്നുണ്ടെന്ന് പാപ്പാ ഖേദപൂര്‍വ്വം ചൂണ്ടിക്കാട്ടി. അതിനാല്‍ നേതാക്കള്‍ കാപട്യത്തില്‍നിന്ന് നീതിയിലേയ്ക്കും സത്യത്തിലേയ്ക്കും തിരിച്ചുവരേണ്ട പരിവര്‍ത്തനത്തിന്‍റെയും മാനസാന്തരത്തിന്‍റെയും സമയമാണ് മഹാമാരിയുടെ നീണ്ടനാളുകളെന്ന് പാപ്പാ വിശദീകരിച്ചു.

6. കൊറോണക്കാലം  മാനസാന്തരത്തിന്‍റെ സമയം
ഈ രോഗവും അതിന്‍റെ ധൃതഗതിയിലുള്ള വ്യാപനവും ഒരു പ്രതിസന്ധിയാണ്. അത് അപകടകരവുമാണ്. അതിനാല്‍ മഹാമാരി മാനസാന്തരത്തിനുള്ള അവസരമാണെന്നും, നന്മയില്‍ ലോകത്തെ വളര്‍ത്താനുള്ള നല്ല സമയമാണെന്നും പാപ്പാ ആവര്‍ത്തിച്ചു പറഞ്ഞു.  അതിനുള്ള പ്രായോഗികമായ മാര്‍ഗ്ഗം ഉപഭോഗസംസ്കാരത്തെയും വ്യവസായങ്ങളുടെ അമിതമായ ഉല്പാദന  വേഗതയ്ക്കു കടിഞ്ഞാണിടുകയാണെന്നു വേണ്ടതെന്ന് പാപ്പാ വ്യക്തമാക്കി. മനുഷ്യര്‍ തങ്ങളുടെ ജീവിതചുറ്റുപാടുകളിലെ പരിസ്ഥിതിയെയും പ്രകൃതിയെയും കുറിച്ചു ചിന്തിക്കണമെന്നും, പരിസ്ഥിതി സൗഹൃദമായി (eco friendly) ജീവിക്കാന്‍ പഠിക്കണമെന്നും അഭിപ്രായപ്പെട്ടു. ഇക്കാരണത്താലാണ് കൊറോണ വൈറസ് ബാധയുടെ കാലം മാനസാന്തരത്തിന്‍റെയും പരിവര്‍ത്തനത്തിന്‍റെയും സമയമാണെന്നു താന്‍ പ്രസ്താവിച്ചതെന്ന് പാപ്പാ വ്യക്തമാക്കി.

7. പാവങ്ങളെ പുറന്തള്ളുന്ന സമ്പത്ഘടന
മനുഷ്യജീവിതത്തിന്‍റെ ധ്യാനാത്മകത ഇന്ന് ഇല്ലാതായിട്ടുണ്ടെന്നും പ്രകൃതിയെയും പ്രപഞ്ചദാതാവിനെയും കുറിച്ചും അതില്‍ വസിക്കുന്ന സഹോദരങ്ങളെക്കുറിച്ചും ചിന്തയുള്ളവരായി ജീവിക്കണമെന്നുമാണ് പ്രകൃതി നമ്മെ ഇന്നു പഠിപ്പിക്കുന്നതും, പരിവര്‍ത്തനത്തിനായി ക്ഷണിക്കുന്നതുമെന്ന് പാപ്പാ വിശദീകരിച്ചു. പാവങ്ങളെക്കുറിച്ചു ചിന്തയില്ലാത്തതിനാല്‍, അവര്‍ ഇന്ന് എവിടെയും  അധികമാണെന്ന് സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തുന്നതായി പാപ്പാ ചൂണ്ടിക്കാട്ടി.  അവര്‍ ലോകത്തിന്‍റെ സമൃദ്ധിയുടെയും നവസാങ്കേതികതയുടെയും  സമ്പത്ഘടനയുടെയും  പിന്നില്‍ മറഞ്ഞിരിക്കുകയാണ്. വഴിയില്‍ നടക്കുന്നവനോട് വീട്ടില്‍ പോകാന്‍ പറ‍ഞ്ഞ് ധാര്‍ഷ്ട്യസ്വരം മുഴക്കിയപ്പോഴാണ് പൊലീസുകാരന്‍ അറിഞ്ഞത്, പാവം ആ മനുഷ്യനു വീടില്ലെന്നത്. മദര്‍ തേരേസാ തെരുവില്‍ മരിക്കുന്നവരെക്കണ്ട് ആദ്യം തന്‍റെതന്നെ മാനസാന്തരത്തിന്‍റെ തുറന്നവഴിയെ ചരിച്ചെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. തന്‍റെ യാത്രാമദ്ധ്യേ, ഒരിക്കല്‍ വഴിയൊരത്തു മരിക്കാറായ ഒരു പാവം മനുഷ്യന്‍റെ വ്യക്തിത്വം അമ്മ തിരിച്ചറിഞ്ഞു. അയാള്‍ വലിച്ചെറിയപ്പെടേണ്ട സാധനമല്ല, മറിച്ച്, സ്നേഹവും സാന്ത്വനവും പിന്‍തുണയും അര്‍ഹിക്കുന്ന മനുഷ്യവ്യക്തിയാണെന്ന് പാപ്പാ സ്ഥാപിച്ചു. ദൈവത്തിന്‍റെ പ്രതിരൂപമായ മനുഷ്യന്‍  തന്നെപ്പോലുള്ള വ്യക്തിയാണെന്ന  തിരിച്ചറിവ് അനിവാര്യമാണെന്ന് പാപ്പാ സ്ഥാപിച്ചു.

8. വ്രണിതാക്കളെ സ്നേഹിക്കുന്ന വിശ്വാസവും ഭക്തിയും
ജയിലില്‍ കഴിയുന്ന  യുവാവിന് അമ്മയുണ്ട്. മയക്കുമരുന്നിന് അടിമയായ ആ മകനെക്കുറിച്ച്  അമ്മയ്ക്കും സ്വപ്നങ്ങളുണ്ട്.   “പിയെത്താ” (pieta),  മൈക്കിളാഞ്ചലോയുടെ  വിശ്വത്തര വെണ്ണിലാശില്പം വെറും സൗന്ദര്യമല്ല, വ്രണപ്പെട്ടു മരിച്ച മകനെ സ്നേഹിക്കുന്ന വാത്സല്യത്തോടെയുള്ള കഥ പറയുന്ന കാലാതീതമായ സൃഷ്ടിസൗന്ദര്യമാണ്. അതിനാല്‍ ഭക്തി മിഥ്യയാവരുത്. വേദനിക്കുന്ന മനുഷ്യനിലൂടെ  ദൈവത്തെ അറിഞ്ഞു സ്നേഹിക്കുന്ന യാഥാര്‍ത്ഥ്യബോധമുള്ള വിശ്വാസത്തെയാണ് ഭക്തിയെന്നു വളിക്കേണ്ടതെന്ന് പാപ്പാ അനുസ്മരിപ്പിച്ചു.

9. സഹോദരങ്ങള്‍ക്കുവേണ്ടി ജീവന്‍ സമര്‍പ്പിക്കുന്നവര്‍
കൊറോണ വ്യഥയുടെ പശ്ചാത്തലത്തില്‍, വിശുദ്ധിയുടെ പടിവാതിലുകള്‍ താന്‍ തൊട്ടറിയുകയാണെന്ന് പാപ്പാ പറഞ്ഞു. പകര്‍ച്ചവ്യാധിയുടെ പിടിയിലായവരുടെ പക്കലെത്തുന്ന ഡോക്ടര്‍മാരിലും നഴ്സുമാരിലും സന്നദ്ധസേവകരിലും, രോഗീപരിചാരകരിലും, രോഗികള്‍ക്ക് ഇടയില്‍ ശുശ്രൂഷചെയ്യുന്ന സന്ന്യസ്തരിലും വൈദികരിലും തിളങ്ങുന്നത് ജീവസമര്‍പ്പണത്തിന്‍റെയും നന്മയുടെയും മാറ്റാണെന്ന് പാപ്പാ വിശേഷിപ്പിച്ചു. സമൂഹത്തില്‍ വേദനിക്കുന്ന സഹോദരങ്ങള്‍ക്കായി സേവനംചെയ്തു ജീവന്‍ സമര്‍പ്പിക്കുന്നവര്‍ ഇന്നത്തെ വിശുദ്ധരാണെന്നു പറയുവാനും അഭിമുഖത്തില്‍ പാപ്പാ മടിച്ചില്ല.

10. സഭ സേവനത്തിന്‍റെ സ്ഥാപനമാകണം
സഭാ സംവിധാനം സ്ഥാപനവത്കൃതമാണ്. വലിയ സ്ഥാപനമാണ് സഭ. പരിശുദ്ധാത്മാവിന്‍റെ പ്രേരണയും പ്രചോദനവുമുള്ള സ്ഥാപനമാണത്. സ്ഥാപനത്തില്‍ പൂരിതമാകുന്നത് ദൈവാരൂപിയുടെ ബലതന്ത്രമാണെന്നും, അത് സ്നേഹത്താല്‍ പ്രേരിതവും ചലനാത്മകവും സഹോദരങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലേണ്ടതുമാണെന്ന് പാപ്പാ ഫ്രാന്‍സിസ് വ്യക്തമാക്കി. സഭ സേവനത്തിന്‍റെ പാതയില്‍, ക്രിസ്തുവിന്‍റെ സ്നേഹവും കാരുണ്യവും പങ്കുവയ്ക്കുന്ന ആദിമസഭയുടെ മാതൃകയുള്ള കൂട്ടായ്മയായി ജീവിച്ചാല്‍  ഈ ലോകത്തെ നന്മയുടെ പാതയില്‍ നയിക്കാനാവുമെന്നത് തന്‍റെ അടിസ്ഥാന ബോധ്യമാണെന്ന് പാപ്പാ തുറന്നു പങ്കുവച്ചു.

11. 'ക്രമരാഹിത്യം' വളര്‍ത്തേണ്ട സാഹോദര്യക്കൂട്ടായ്മ
ഇന്ന് ലോകത്തും സഭയിലും കാണുന്ന ‘ക്രമരാഹിത്യം’ – ജോലിയില്ല, യാത്രയില്ല, സമ്പര്‍ക്കമില്ല, പ്രാര്‍ത്ഥനയില്ല, പ്രാര്‍ത്ഥനാലയങ്ങള്‍ ഇല്ല, പള്ളിക്കൂടമില്ല - ഇവ ഒഴിച്ചുകൂടാനാവാത്തതാണ്.   ഈ ക്രമരാഹിത്യത്തില്‍ ദൈവാത്മാവിന്  ഒരു കൂട്ടായ്മയും ക്രമവും സംവിധാനംചെയ്തെടുക്കാനാകുമെന്നും,  ഒരു നവമായ ക്രമം രൂപപ്പെടുത്താനാകുമെന്നും തനിക്ക് പ്രത്യാശയുണ്ടെന്ന്  പാപ്പാ വിശദീകരിച്ചു.

മാനവികതയെ തളര്‍ത്തുന്ന ഈ പ്രതിസന്ധിയെ ആദിമ ക്രൈസ്തവ സമൂഹത്തിന്‍റെ  കൂട്ടായ്മയുടെ അരൂപിയില്‍ നേരിടുമെന്ന ഉറച്ച തീരുമാനം പാപ്പാ ഫ്രാന്‍സിസ് അഭിമുഖത്തിന്‍റെ പരിസമാപ്തിയില്‍ പ്രകടമാക്കിയെന്ന് "ടാബലറ്റി"ന്‍റെ പ്രവര്‍ത്തകന്‍ ഓസ്റ്റിന്‍ ഐവറി പ്രസ്താവിച്ചു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 April 2020, 14:10