അണുവായുധമില്ലാത്ത, സമാധാനം നിറഞ്ഞ ലോകത്തിനായുള്ള ആഗ്രഹത്തെ വെളിപ്പെടുത്തുന്ന ചിത്രം. അണുവായുധമില്ലാത്ത, സമാധാനം നിറഞ്ഞ ലോകത്തിനായുള്ള ആഗ്രഹത്തെ വെളിപ്പെടുത്തുന്ന ചിത്രം. 

53 ആം ലോക സമാധാന ദിനം

ആഗോള സമാധാനത്തിനായി കത്തോലിക്കാ സഭ ആചരിക്കുന്ന ദിവസമാണ് ജനുവരി ഒന്ന്. പരിശുദ്ധ കന്യകാമറിയത്തിന്‍റെ മറിയത്തിന്‍റെ മാതൃത്വത്തിരുനാൾ ദിനവും കൊല്ലാരംഭ ദിനവുമായ ജനുവരി ഒന്ന് ലോക സമാധാന ദിനമായി ആഘോഷിക്കാൻ കത്തോലിക്കരേയും എല്ലാ നല്ല മനസ്കരേയും ആഹ്വാനം ചെയ്തത് വിശുദ്ധ പോൾ ആറാമൻ മാർപാപ്പായാണ്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

53 ആം ലോക സമാധാന ദിനം

"അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം

  ഭൂമിയിൽ സന്മനസ്സുള്ളവര്‍ക്കു സമാധാനം."

ദൈവം ഭൂമിയെ തൊട്ടപ്പോൾ സ്വർഗ്ഗത്തിൽ നിന്നും ആലപിക്കപ്പെട്ട സമാധാന ഗീതമാണ്. സന്മസ്സുള്ളവർക്കു ശാന്തി ലഭിക്കുമെന്ന് സ്വർഗ്ഗം ഉറപ്പു നൽകി. നാമെല്ലാവരും സമാധാനം ആഗ്രഹിക്കുന്നവരും അതിനു വേണ്ടി പരിശ്രമിക്കുന്നവരുമാണ്. എന്നാൽ പലപ്പോഴും നമ്മെ പോലെ മറ്റുള്ളവരും സമാധാനം ആഗ്രഹിക്കുന്നവരാണെന്ന സത്യം നാം മറന്നു പോകുന്നു.  നമ്മുടെ സ്വാർത്ഥത, അസൂയ, അഹങ്കാരം എന്നീ തിന്മകൾ മറ്റുള്ളവരുടെ ജീവിതത്തിന്‍റെ സമാധാനത്തെ കൊല്ലുന്നു. അങ്ങനെ നാം കൊലപാതകികളായി തീരുന്നു. ഇന്ന് ലോകത്തിൽ നടക്കുന്ന യുദ്ധങ്ങളുടെയും, അക്രമണങ്ങളുടെയും, തീവ്രവാദത്തിന്‍റെയും പിന്നിൽ എന്‍റെയും എന്‍റെ സമൂഹത്തിന്‍റെയും മാത്രം സമാധാനം എന്ന പൈശാചിക തിന്മ ഉയർന്നു നിൽക്കുന്നത് വ്യക്തമായി കാണാൻ കഴിയും. ഇന്നോളം ഈ ഭൂമിയിൽ നടന്ന ഒറ്റപ്പെട്ടതും ഒരു സമൂഹത്തിന്‍റെ നാശത്തിനും രക്തച്ചൊരിച്ചലിനും കാരണം മറ്റുള്ളവരുടെ സമാധാനത്തെ കവർന്നെടുക്കാൻ ശ്രമിച്ച മനുഷ്യന്‍റെ മൃഗീകമായ പ്രവർത്തികളാണ്. ഈ മൃഗീയതയുടെ മുന്നിൽ നവജാത ശിശുമുതൽ വാര്‍ദ്ധക്യത്തിലെത്തിയിരിക്കുന്നവർ വരെ ഇരകളാക്കപ്പെടുന്നു. എന്നാണ് ഈ യുദ്ധഭൂമിയിൽ നിന്നും സമാധാനത്തിന്‍റെ കാറ്റ് വീശുന്നത്? എന്നാണ് എല്ലാവരും ഒന്നായി സ്നേഹമെന്ന ഒരൊറ്റ കുടകീഴിൽ ഒന്ന് ചേരുന്നത്? എന്നാണ് ആർക്കും ആരെയും ഒരിക്കലും ഒന്നിനെ പ്രതിയും ഭയപ്പെടാതെ സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നത്? ഇങ്ങനെ എല്ലാവരുടെയും മനസ്സിൽ ഉയരുന്ന ചോദ്യങ്ങൾക്കു അമ്പത്തിമൂന്നാം ലോക സമാധാന ദിന സന്ദേശത്തിൽ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ ഉത്തരം നൽകുന്നു. സഭയുടെ ജനനം മുതൽ ഇന്ന് വരെ സമാധാനത്തിയായി പോരാടുന്ന സഭയിൽ  സമാധാന ദിനം ആരംഭിച്ചതിന്‍റെ ചരിത്ര പശ്ചാത്തലത്തെയും, സമാധാനത്തിനായി മാർപാപ്പാമാർ നൽകിയ പ്രബോധനങ്ങളെയും, സഭാ പഠനങ്ങളെയും ഇന്നത്തെ സംഭവങ്ങൾ വ്യക്തികൾ എന്ന പരിപാടിയിൽ നമുക്ക് കാണാം.

ലോക സമാധാന ദിനം

ആഗോള സമാധാനത്തിനായി  കത്തോലിക്കാ സഭ  ആചരിക്കുന്ന ദിവസമാണ് ജനുവരി ഒന്ന്. പരിശുദ്ധ കന്യകാമറിയത്തിന്‍റെ മറിയത്തിന്‍റെ മാതൃത്വത്തിരുനാൾ ദിനവും കൊല്ലാരംഭ ദിനവുമായ ജനുവരി ഒന്ന് ലോക സമാധാന ദിനമായി ആഘോഷിക്കാൻ കത്തോലിക്കരേയും എല്ലാ നല്ല മനസ്കരേയും ആഹ്വാനം ചെയ്തത് വിശുദ്ധ പോൾ ആറാമൻ മാർപാപ്പായാണ്. 1968 ജനുവരി ഒന്നാം തിയതിയാണ് ലോകസമാധാന ദിനാചരണം ആരംഭിച്ചത്. തന്‍റെ സന്ദേശത്തിൽ ഈ ആചരണം ആവർത്തിക്കേണ്ടത് ഒരു പ്രത്യാശയുടേയും വാഗ്ദാനത്തിന്‍റെയും ഓർമ്മയായി വേണമെന്നും പാപ്പാ ആഹ്വാനം ചെയ്തു. ഇത് കത്തോലിക്കരെ മാത്രമുദ്ദേശിച്ചല്ല എന്നും കത്തോലിക്കാ സഭ ലോക ജനസമൂഹത്തെ സമാധാനത്തിനായി പ്രവർത്തിക്കാനുള്ള ആഹ്വാനം ഓർമ്മിപ്പിക്കുകയാണെന്നും അദ്ദേഹം തന്‍റെ സന്ദേശത്തിൽ വ്യക്തമാക്കി. അന്തർദേശീയ തർക്കങ്ങൾ കാര്യകാരണങ്ങൾ ചർച്ച ചെയ്ത്  തീർക്കാനാവില്ല എന്നും മാരകമായ ആയുധ യുദ്ധങ്ങളിലൂടെ മാത്രമേ സാധ്യമാകൂ എന്നും ചിന്തിക്കുന്നത് അപകടകരമായ ധാരണയാണെന്ന് ചൂണ്ടിക്കാണിച്ച പാപ്പാ സമാധാനത്തിന്‍റെ അടിത്തറ, ജനതതികൾ ഒരുമിച്ച് സഹവസിക്കാൻ കഴിയുമെന്ന ചൈതന്യമാണെന്നും ഓർമ്മിപ്പിച്ചു. പരസ്പര ബഹുമാനവും, സഹകരണവും ഇതിനാവശ്യമാണ്.

യുദ്ധത്തെക്കുറിച്ച് സഭാ പ്രബോധനങ്ങൾ

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം

2307. മനപ്പൂർവ്വം മനുഷ്യജീവനെ നശിപ്പിക്കുന്നത് അഞ്ചാം പ്രമാണം നിരോധിക്കുന്നു. യുദ്ധം മൂലം ഉണ്ടാകുന്ന തിന്മകളും അനീതികളും മൂലം അതിന്‍റെ പരമ്പരാഗതമായ അടിമത്തത്തിൽ നിന്ന് നല്ലവനായ ദൈവം നമ്മെ രക്ഷിക്കുന്നതിനായി പ്രാർത്ഥിക്കുന്നതിനും പ്രവർത്തിക്കുന്നതിനും സഭാ നിർബ്ബന്ധബുദ്ധിയോടെ ഓരോരുത്തരെയും ആഹ്വാനം ചെയ്യുന്നു.

2308. യുദ്ധം ഒഴിവാക്കുന്നതിന് എല്ലാ പൗരന്മാരും ഭരണകർത്താക്കളും കടപ്പെട്ടിരിക്കുന്നു.

2316. ആയുധനിർമ്മാണവും വിൽപ്പനയും രാഷ്ട്രങ്ങളുടെയും അന്തരാഷ്ട്ര സമൂഹത്തിന്‍റെയും പൊതുനന്മയെ ബാധിക്കുന്നതാണ്. അതിനാൽ പൊതു അധികാരികൾക്ക് അവയെ നിയന്ത്രിക്കുന്നതിന് അധികാരവും ചുമതലയും ഉണ്ട്. സ്വകാര്യമോ പൊതുവായ താൽപര്യങ്ങളുടെ ഹ്രസ്വകാലനേട്ടത്തിനു വേണ്ടി രാജ്യങ്ങളുടെയിടയിൽ അക്രമവും ഏറ്റുമുട്ടലും പ്രോത്സാഹിപ്പിക്കുന്നതും അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥിതിയെ പ്രതിസന്ധിയിലാക്കുന്നതും നിയമാനുസൃതം അല്ല.

മനുഷ്യരുടെയും രാഷ്ട്രങ്ങളുടെയും ഇടയിൽ ബലമായിരിക്കുന്ന അനീതി, സാമ്പത്തിക സാമൂഹിക അസമത്വങ്ങൾ, അസൂയ, പരസ്പര വിശ്വാസമില്ലായ്മ, അഹങ്കാരം എന്നിവ നിരന്തരം സമാധാനത്തിന് ഭീഷണിയും യുദ്ധങ്ങൾക്ക് കാരണവുമാണ്. ഈ ക്രമക്കേടുകൾ പരിഹരിക്കാൻ ചെയ്യുന്നതെന്തും സമാധാനം സ്ഥാപിക്കുന്നതിന് യുദ്ധം ഇല്ലാതാക്കുന്നതിനുള്ള സംഭാവനയാണ്.

‘ഭൂമിയിൽ സമാധാനം’ (Pacem in Terris) 1963

ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പാ സമാധാനത്തിന്‍റെ സംസ്ഥാപനത്തെയും അതിന്‍റെ സംരക്ഷണത്തെയും സംബന്ധിച്ച് പുറപ്പെടുവിച്ച ചാക്രികലേഖനത്തിൽ നിരായുധീകരണത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.

104. തന്മൂലം സ്ഥിരം പേടിപ്പിച്ചു കൊണ്ടിരിക്കുന്ന യുദ്ധ കൊടുങ്കാറ്റ് ഭീകരമായ രൂക്ഷതയോടെ തങ്ങളുടെ മേൽ ആഞ്ഞടിച്ചേക്കുമെന്ന നിരന്തര ഭയത്തോടെ ജനങ്ങൾ ജീവിക്കേണ്ടി വരുന്നു. യുദ്ധോപകരണങ്ങൾ ഒരുക്കി വയ്ക്കപ്പെട്ടിരിക്കുന്നതിനാൽ ഈ ഭയത്തിന് അടിസ്ഥാനമുണ്ട്. യുദ്ധം കൊണ്ടുവരാവുന്ന ഭയാനകമായ വിനാശത്തിന്‍റെയും ദുഃഖത്തിന്‍റെയും ഉത്തരവാദിത്വം ആരെങ്കിലും മനപ്പൂർവ്വം ഏറ്റെടുക്കുമെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. എങ്കിലും അനിയന്ത്രിതവും അപ്രതീക്ഷിതവുമായ ഏതെങ്കിലും സംഭവം മൂലം ഏതവസരത്തിലും ആ തീ ആളിക്കത്താൻ ഇടയായേക്കാം എന്ന കാര്യം നിഷേധിക്കാനാവുകയില്ല. ആധുനിക യുദ്ധോപകരണങ്ങളുടെ രാക്ഷസീയമായ ശക്തി യുദ്ധത്തെ തടഞ്ഞുനിർത്തുന്ന ഒന്നായി നിലകൊള്ളുന്നു എന്നുതന്നെ കരുതുക. എന്നാലും യുദ്ധത്തെ മനസ്സിൽ കണ്ടുകൊണ്ട് തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന അണുവായുധ പരീക്ഷണങ്ങൾ തന്നെ ലോകത്തിലെ ജീവനു മാരകമായ അനന്തരഫലങ്ങൾ ഉളവാക്കുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. ഇക്കാര്യം എല്ലാവരും ഓർത്തിരിക്കേണ്ടതാണ്.

107. വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങൾ എന്നപോലെ രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളും ആയുധബലം കൊണ്ടല്ല നിയന്ത്രിക്കപ്പെടുന്നത്.

109. പന്ത്രണ്ടാം പിയൂസ് മാർപ്പാപ്പായുടെ മുന്നറിയിപ്പ് ഇപ്പോഴും നമ്മുടെ ചെവിയിൽ അലയടിച്ചു കൊണ്ടിരിക്കുന്നു. "സമാധാനം കൊണ്ട് യാതൊന്നും നഷ്ടപ്പെടാനില്ല. യുദ്ധം കൊണ്ട് എല്ലാം നഷ്ടപ്പെട്ടേക്കാം."

120.അണുയുഗത്തിൽ യുദ്ധത്തെ നീതിയുടെ ഉപകാരണമാക്കാമെന്ന് സങ്കല്‍പ്പിക്കാൻ സാധ്യമല്ല.

സഭാ ആധുനിക ലോകത്തിൽ (Gaudium et Spes), രണ്ടാം വത്തിക്കാൻ കൗൺസിൽ 1965 # 82

രാഷ്ട്രങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസത്തിൽ നിന്നും മുളയെടുക്കേണ്ട സമാധാനം ആയുധ ഭീഷണിയാൽ അടിച്ചേൽപ്പിക്കാനാവില്ല.

ജനതകളുടെ പുരോഗതി (Populorum Progressio), വിശുദ്ധ പോള്‍ ആറാമൻ പാപ്പാ, 1967 #76

ജനതകളുടെ ഇടയിലുള്ള സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ അമിതമായ അസമത്വം സംഘര്‍ഷങ്ങളെയും സംഘട്ടനങ്ങളെയും സൃഷ്ടിക്കുന്നു.

സത്യത്തില്‍ സ്നേഹം (Caritas in Veritate), ബെനഡിക്ട് പതിനാറാമൻ പാപ്പാ 2009 #29

യുദ്ധങ്ങൾ മൂലം എത്രമാത്രം പ്രകൃതി വിഭവങ്ങളാണ് ധൂർത്തടിക്കപ്പെടുന്നത്! ജനതകളിലും ജനതകളുടെയിടയിലും സമാധാനമുണ്ടായിരിക്കുകയെന്നതാണ് പ്രകൃതിക്ക് വലിയ തോതിൽ സംരക്ഷണം നൽകുന്നു. ഉറവിടങ്ങളുടെ പൂഴ്ത്തി വയ്ക്കൽ, പ്രത്യേകിച്ച് ജലത്തിന്‍റെ പൂഴ്ത്തിയ്ക്കൽ, അവയുമായി ബന്ധപ്പെട്ട ജനതകളുടെയിടയിൽ ഗൗരവപൂർണമായ സംഘട്ടനങ്ങൾ സൃഷ്ടിക്കും.

ആദ്യ ലോക സമാധാന ദിന സന്ദേശത്തില്‍ സമാധാനത്തിന്‍റെ അടിത്തറ ജനതതികൾ ഒരുമിച്ച് സഹവസിക്കാൻ കഴിയുമെന്ന പ്രത്യാശയാണെന്ന വിശുദ്ധ പോൾ ആറാമൻ പാപ്പായുടെ വാക്കുകളുടെ ചുവടുപിടിച്ചാണ് ഫ്രാൻസിസ് പാപ്പാ തന്‍റെ ഈ വർഷത്തെ 53ആം ലോകസമാധാനദിന സന്ദേശം നൽകുന്നത്.

ലോകസമാധാന ദിന സന്ദേശം

സമാധാനം പ്രത്യാശയുടെ ഒരു യാത്രയാണ് എന്ന് ആദ്യമേ പറഞ്ഞു വയ്ക്കുന്ന പാപ്പാ അതിന് സംവാദങ്ങളും, അനുരഞ്ജനവും പാരിസ്ഥിതിക മാനസാന്തരവും ആവശ്യമാണെന്ന് വ്യക്തമാക്കുന്നു.ലോകത്തിൽ നടമാടുന്ന സമാധാന തടസ്സങ്ങൾക്കും പരീക്ഷണങ്ങൾക്കുമിടയിൽ പ്രത്യാശയുടെ ഒരു യാത്രയാണ് സമാധാനം എന്ന് ആദ്യമേ പറഞ്ഞു കൊണ്ട് സമാധാനം ഏറ്റവും മഹത്തരമായ വിലമതിക്കാനാവാത്ത ഒന്നാണെന്നും മുഴുവൻ മനുഷ്യ കുടുംബത്തിന്‍റെയും പ്രത്യാശയുടെയും അഭിലാഷങ്ങളുടേയും ലക്ഷ്യമാണ് സമാധാനം എന്ന് പാപ്പാ വെളിപ്പെടുത്തുന്നു. പ്രത്യാശയാണ് ഇന്ന് നമ്മൾ അനുദിനം അനുഭവിക്കുന്ന മറികടക്കാനാവാത്ത സംഘർഷ സാഹചര്യങ്ങളിൽ നിന്ന് മുന്നോട്ടു നീങ്ങാൻ നമ്മെ പ്രേരിപ്പിക്കുന്ന പുണ്യമെന്ന് പാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്നു.

എല്ലാ യുദ്ധങ്ങളും മനുഷ്യ കുടുംബത്തിന്‍റെ സാഹോദര്യ വിളിയെ നശിപ്പിക്കുന്ന ഭ്രാതൃഹത്യയാണെന്ന് അപലപിക്കുന്ന ഫ്രാൻസിസ് പാപ്പാ യുദ്ധങ്ങളുടെ തുടക്കം അപരന്‍റെ വ്യത്യസ്ഥതയെ അംഗീകരിക്കാനുള്ള കഴിവുകേടിൽ നിന്നാണെന്നും അധികാര മോഹവും സമ്പാദ്യ മോഹവും മറ്റുള്ളവരുടെ മേൽ ആധിപത്യം സ്ഥാപിക്കാനുള്ള ആഗ്രഹവും പിന്നീട് അതിനോട് കൂട്ടിച്ചേർക്കപ്പെടുമെന്നും യുദ്ധങ്ങളുടെ ആരംഭത്തെക്കുറിച്ച് പാപ്പാ വിശകലനം ചെയ്യുന്നു.

ജപ്പാനിലേക്ക് നടത്തിയ തന്‍റെ അപ്പോസ്തോലിക യാത്രയിൽ കണ്ടുമുട്ടിയ തിരിച്ചറിവുകൾ വിവരിച്ച് പരസ്പര നശീകരണ ഭീതിയും സർവ്വനാശ ഭീഷണിയും അടിത്തറയാക്കിയുള്ള ഒരു സമാധാനശ്രമവും അന്തർദ്ദേശീയ സ്ഥിരതയും ഒന്നിച്ചു പോകില്ല എന്ന് ഇന്നത്തെ അന്തർദേശീയ സാഹചര്യങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്ന പാപ്പാ ഭാവിക്കായി ഇന്നത്തെയും നാളത്തെയും  മുഴുവൻ മനുഷ്യ കുടുംബവും ഒന്നിച്ച്  പരസ്പര ആശ്രയത്വവും  ഉത്തരവാദിത്വപരമായ പങ്കാളിത്വവും അടിസ്ഥാനമാക്കുന്ന ഒരു ആഗോള ധാർമ്മികതയിലൂടെ മാത്രമെ അത് സാധ്യമാകൂ എന്നും അടിവരയിടുന്നു. എല്ലാത്തരം ഭീഷണികളും അവിശ്വാസം ജനിപ്പിക്കുമെന്നും അവിശ്വാസവും ഭയവും ബന്ധങ്ങളെ ദുർബ്ബലപ്പെടുത്തുമെന്നും അങ്ങനെ അക്രമങ്ങൾ രൂപപ്പെടുമെന്നും പാപ്പാ അഭിപ്രായപ്പെടുന്നു. ദൈവത്തിൽ നിന്ന് ആരംഭിക്കുന്ന പൊതു സാഹോദര്യത്തിന്‍റെ വഴിയിൽ പരസ്പര വിശ്വാസവും സംവാദവും തുടരണമെന്നും എല്ലാ മനുഷ്യന്‍റെയും ഹൃദയാന്തരാളത്തിൽ സമാധാനത്തിനായുള്ള ആഗ്രഹമുണ്ടെന്നും അല്ലാതെ മറ്റൊന്നും തേടി നിരാശരാകരുതെന്നും പാപ്പാ ആഹ്വാനം ചെയ്യുന്നു.

ഓർമ്മകളിൽ അടിസ്ഥാനമിട്ട പരസ്പര ശ്രവണത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും സാഹോദര്യത്തിന്‍റെയും യാത്രയാണ് സമാധാനം എന്ന് ചൂണ്ടിക്കാണിക്കുന്ന പാപ്പാ കഴിഞ്ഞകാല ദുരന്തങ്ങളുടെ ഓർമ്മകൾ പ്രത്യാശയുടെ ചക്രവാളങ്ങളാണെന്നും അവ സമാധാനത്തിനായി പുത്തൻശക്തി തൊടുത്തുവിടുമെന്ന് എഴുതുന്നു.

പോൾ  ആറാമൻ ഒന്നാം ലോകസമാധാന ദിന സന്ദേശത്തിൽ പറഞ്ഞത് പോലെ  ലോകത്തിൽ പാഴ് വാക്കുകളല്ല,  സമാധാനം കെട്ടിപ്പടുക്കാൻ ബോധ്യമുള്ള സാക്ഷികളെയാണാവശ്യം എന്ന് പറയുന്ന പാപ്പാ സമാധാന സ്ഥാപനത്തിന് സംവാദത്തിനുള്ള പ്രാധാന്യം എടുത്തു കാണിക്കുന്നു. സമാധാനത്തിനായുള്ള ശ്രമങ്ങൾക്ക് നിരന്തരമായ  പ്രതിബദ്ധത ആവശ്യമാണെന്നും പാപ്പാ എഴുതുന്നു.

ക്രൈസ്തവരായ നമുക്ക് നമ്മെ പരസ്പരം അനുരഞ്ജിപ്പിക്കാൻ ജീവൻ നല്‍കിയ യേശുവിന്‍റെ മാതൃക ചൂണ്ടിക്കാണിക്കുന്ന പാപ്പാ ബൈബിളിലൂടെ പ്രവാചകരെയും സുവിശേഷ ഭാഗങ്ങളേയും ഉദ്ധരിച്ച് അനുരഞ്ജനത്തിനും ക്ഷമയ്ക്കും സമാധാന നിർമ്മിതിയിലുള്ള പങ്ക് വരച്ച് കാണിക്കുന്നുണ്ട്. സത്യമായ സമാധാന സ്ഥാപനത്തിന് സാമൂഹീക ജീവിതത്തിന്‍റെ  എല്ലാ തലങ്ങളും ഉൾക്കൊള്ളിക്കേണ്ടതിന്‍റെ  ആവശ്യകത എടുത്ത് കാണിച്ച് നീതിപരമായ ഒരു സാമ്പത്തീക വ്യവസ്ഥാസംവിധാനം സമാധാനത്തിന് അത്യാവശ്യമാണെന്നും തന്‍റെ സന്ദേശത്തിൽ പാപ്പാ അറിയിക്കുന്നു.

പാരിസ്ഥീകമായ ഒരു മാനസാന്തരവും സമാധാനത്തിന്‍റെ യാത്രയുടെ ഭാഗമായി വിവരിച്ചുകൊണ്ട് നമ്മുടെ ചിന്താഗതികൾ മറ്റു സമൂഹങ്ങളുമായി കൂടിക്കാഴ്ചകൾ നടത്തുന്നതിനും സംവാദിക്കുന്നതിനും  സ്രഷ്ടാവിന്‍റെ സൗന്ദര്യവും വിജ്ഞാനവും തെളിയുന്ന സൃഷ്ടിയെന്ന സമ്മാനം സ്വീകരിക്കാനുമുള്ള തുറവി ഉള്ളവരായി മാറാൻ ആഹ്വാനം ചെയ്യുന്നു. അനുരഞ്ജനത്തിന്‍റെ ഈ യാത്ര ക്ഷമയും വിശ്വാസവും ആവശ്യപ്പെടുന്നു. പ്രത്യാശ വയ്ക്കാതെ സമാധാനം ലഭ്യമാവുകയില്ല.

അതിനാൽ ആദ്യം സമാധാനം സാധ്യമാണ് എന്ന് വിശ്വസിക്കണം അതേപോലെ നമുക്കാവശ്യമുള്ളതുപോലെ മറ്റുള്ളവർക്കും സമാധാനമാവശ്യമാണ്. ഭയമാണ് യുദ്ധങ്ങൾക്ക് കാരണം. അതിനാൽ ഭയം വെടിയേണ്ടതാവശ്യമാണ്.  സാഹോദര്യ സമാഗമത്തിന്‍റെ സംസ്കാരം സംഘർഷത്തിന്‍റെ സംസ്കാരത്തെ ദൂരീകരിക്കുമെന്ന് പറയുന്ന പാപ്പാ അത് എല്ലാ കൂടിക്കാഴ്ച്ചകളും ദൈവത്തിന്‍റെ സ്നേഹ ഔദാര്യത്തിന്‍റെ  സാധ്യതയും സമ്മാനവുമായി മാറും എന്നും ആശംസിക്കുന്നു. അങ്ങനെ നമ്മുടെ കുറവുകളുടെ ഇടുങ്ങിയ മതിലുകളിൽ നിന്ന്  സ്വർഗ്ഗപിതാവിന്‍റെ മക്കളെന്ന സർവ്വ സാഹോദര്യത്തിന്‍റെ ചക്രവാളത്തിലേക്ക് കടക്കാൻ ഇടവരുത്തും എന്നും പാപ്പാ ആശംസിക്കുന്നു. ക്രിസ്തു ശിഷ്യരെന്ന നിലയിൽ അനുരഞ്ജന കൂദാശയാൽ  ശക്തി നേടാനും അങ്ങനെ ചിന്തയിലും വാക്കിലും പ്രവർത്തിയിലും അയൽക്കാരോടും ദൈവത്തിന്‍റെ സൃഷ്ടിയോടും കാണിക്കാവുന്ന അക്രമങ്ങളെ ഒഴിവാക്കാനും തന്‍റെ സന്ദേശത്തിലൂടെ  പാപ്പാ ആഹ്വാനം ചെയ്യുന്നു.

പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താൽ അനുദിനം നീതിയുടേയും സമാധാനത്തിന്‍റെയും സൃഷ്ടാക്കളാകാൻ നമുക്ക് പരിശ്രമിക്കാമെന്ന ആഹ്വാനത്തോടെയാണ് പാപ്പാ തന്‍റെ സന്ദേശം അവസാനിപ്പിക്കുന്നത്.

സമാധാനത്തിനായി സഭയോടൊപ്പം പ്രാര്‍ത്ഥിക്കാം, പ്രവര്‍ത്തിക്കാം.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 December 2019, 11:08