Let's preserve the nature Let's preserve the nature 

പരിസ്ഥിതി സംരക്ഷിക്കാന്‍ ഫിലിപ്പീന്‍സിലെ മെത്രാന്മാരുടെ പദ്ധതി

പരിസ്ഥിതിയുടെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് പ്രകൃതി സംരക്ഷണത്തിനുള്ള ക്രിയാത്മകമായ പദ്ധതികളുമായി ഫിലിപ്പീന്‍സിലെ മെത്രാന്‍സംഘം

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പാപ്പായുടെ പ്രബോധനത്തിന്‍റെ പ്രചോദനത്തില്‍
പരിസ്ഥിതി വിനാശം, കാലാവസ്ഥക്കെടുതി, വംശനാശം, വരള്‍ച്ച എന്നിവയില്‍നിന്നു പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കാനുള്ള സഭയുടെ ആഹ്വാനം, അങ്ങേയ്ക്കു സ്തുതി! Laudato Si’ എന്ന ചാക്രികലേഖനത്തില്‍നിന്നുമാണ് ഫിലിപ്പീന്‍സിലെ സഭ ഉള്‍ക്കൊണ്ടത്. പാപ്പാ ഫ്രാന്‍സിസിന്‍റെ പാരിസ്ഥിതിക പ്രബോധനത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ജൂലൈ 16-Ɔο തിയതി ദേശീയതലത്തില്‍ നീരീക്ഷിച്ചിട്ടുള്ള പരിസ്ഥിതി അടിയന്തിരാവസ്ഥയെ നേരിടാനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ഫീലിപ്പീന്‍സിലെ ജനങ്ങള്‍ക്കു പൊതുവെയും, പ്രത്യേകിച്ച് ക്രൈസ്തവര്‍ക്കായി ദേശീയ മെത്രന്‍ സംഘം നല്കിയത്.

തകരുന്ന പരിസ്ഥിതിയെ ഉണര്‍ത്താന്‍
ദേശീയ മെത്രാന്‍ സംഘത്തിന്‍റെ പിന്‍തുണ

ഫിലിപ്പീന്‍സിലെ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് റോമുളോ വാലെസ് ദവാവോയാണ് പരിസ്ഥിതി മാനസാന്തരത്തിനുള്ള ആഹ്വാനം ജനങ്ങള്‍ക്ക് ഇടയലേഖനമായി ദേശീയ മെത്രാന്‍ സംഘത്തിന്‍റെ പേരില്‍ ലഭ്യമാക്കിയത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് 1988-ല്‍ ആരംഭിച്ച പരിശ്രമങ്ങളില്‍ 8-Ɔമത്തെ ഉദ്യമമാണ് ചൊവ്വാഴ്ച മനിലയിലെ മെത്രാന്‍സമിതിയുടെ ഓഫീസില്‍നിന്നും പ്രസിദ്ധപ്പെടുത്തിയത്.  ആമുഖമായി ഏതാനും ധ്യാനചിന്തകള്‍ പരിസ്ഥിതിയെക്കുറിച്ചു നല്കുന്നതാണ് ഇടയലേഖനം, എന്നാല്‍  പ്രായോഗികമായ കാര്യങ്ങളാണ് രണ്ടാംഭാഗം വിവരിക്കുന്നത്.

സാമൂഹ്യനീതി
ദാരിദ്ര്യവും പരിസ്ഥിതി വിനാശവുമാണ് പൊതുഭവനമായ ഭൂമിയെ നശിപ്പിക്കുന്നത്. ഭൂമിയുടെയും പാവങ്ങളുടെയും കരച്ചില്‍ നീതിക്കായുള്ള മുറവിളിയാണ്. മനുഷ്യരുടെയും പൊതുഭവനമായ ഭൂമിയുടെയും രോദനത്തോട് പ്രതികരിക്കേണ്ടത് സമൂഹത്തിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്ത്വമാണ്. ഫിലിപ്പീന്‍സ് ഇന്നു നേരിടുന്ന ദാരിദ്ര്യത്തിന്‍റെ മൂര്‍ദ്ധന്യാവസ്ഥയും പരിസ്ഥിതിവിനാശവും, ഒന്ന് മറ്റൊന്നിനെ കാര്‍ന്നുതിന്നുന്ന രൂപത്തില്‍ എത്തിനില്കുകയാണ്. കലാവസ്ഥ വ്യതിയാനം പാവങ്ങളുടെ ലോകത്തിന് കൊടുംഭീഷണിയാണെന്ന് പാപ്പാ ഫ്രാന്‍സിസ് തന്‍റെ ചാക്രികലേഖനം, “അങ്ങേയ്ക്കു സ്തുതി”യില്‍ പരമാര്‍ശിക്കുന്നത് ഫിലിപ്പീന്‍സിന്‍റെ സാമൂഹ്യപശ്ചാത്തലത്തില്‍ യാഥാര്‍ത്ഥ്യമാണെന്ന് മെത്രാന്മാര്‍ ജനങ്ങളെ ഇടയ ലേഖനത്തില്‍ അനുസ്മരിപ്പിക്കുന്നുണ്ട്.

കര്‍മ്മപദ്ധതികള്‍
നിരുത്തരവാദിത്ത്വപരമായ ഖനനം, അശാസ്ത്രീയമായ രീതിയിലും പരിസ്ഥിതിവിനാശം സംഭവിക്കുന്ന സ്ഥാനങ്ങളിലുള്ള അണക്കെട്ടുകളുടെ നിര്‍മ്മിതി, പെട്രോളിയം, കല്‍ക്കരിപോലുള്ള ജൈവഇന്ധനങ്ങളുടെ അമിതമായ ഉപയോഗം - എന്നിവ പരിമിതപ്പെടുത്തുകയാണ് ആദ്യഘട്ടത്തിലെ പ്രായോഗികമായ നിര്‍ദ്ദേശങ്ങള്‍.
അന്തരീക്ഷ മലിനീകരണവും,   ഊര്‍ജ്ജത്തിന്‍റെ അമിതമായ ഉപയോഗവും
കല്‍ക്കരി ഉപയോഗിച്ചുള്ള ഊര്‍ജ്ജനിര്‍മ്മിതി, പാചകം, വൈദ്യുതി ഉല്പാദനം, മറ്റു വിനാശകരമായ ഊര്‍ജ്ജോല്പാദന രീതികള്‍ എന്നിവ നിര്‍ദ്ദേശങ്ങളിലുടെ നിരുത്സാഹപ്പെടുത്തുന്നുണ്ട്. ജീവിതലാളിത്യം പാലിക്കുക, ഊര്‍ജ്ജോപയോഗം നിയന്ത്രണവിധേയമാക്കുക, പാഴ്വസ്തുക്കള്‍ തരംതിരിച്ചു ക്രമപ്പെടുത്തി സൂക്ഷിക്കുക, പ്ലാസ്റ്റിക്കിന്‍റെയും കടലാസ്സിന്‍റെയും ഉപയോഗം കുറയ്ക്കുക എന്നിങ്ങനെയുള്ള ആഹ്വാനങ്ങളും കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുന്നു.

അവബോധം വളര്‍ത്തല്‍
രൂപതയുടെ എല്ലാതലങ്ങളിലും എല്ലായിടങ്ങളിലും സാമൂഹ്യസേവാ കേന്ദ്രത്തിന്‍റെ ഭാഗമായി പരിസ്ഥിതി സംബന്ധിച്ച് അവബോധം വളര്‍ത്താനുള്ള സംവിധാനങ്ങള്‍ തയ്യാറിക്കിയിട്ടുണ്ട്. സ്കൂളുകളിലും മതബോധന കേന്ദ്രങ്ങളിലും സഭയുടെ പരിസ്ഥിതി സംബന്ധിയായ പ്രബോധനം, അങ്ങേയ്ക്കു സ്തുതി! Laudato Si’ പഠിപ്പിക്കുന്നതിനും വളരുന്നതലമുറയില്‍ പരിസ്ഥിതിബോധവും, ഭൂമി നമ്മുടെ പൊതുഭവനം എന്ന ആശയവും വളര്‍ത്താന്‍ പരിശ്രമിക്കുന്നുണ്ട്. അതുപോലെ സെമിനാരികള്‍ക്കും സന്ന്യാസസ്ഥാപനങ്ങളുടെ പരിശീലനകേന്ദ്രങ്ങള്‍ക്കുമായി പാരിസ്ഥിതിക അവബോധമുണര്‍ത്തുന്ന പാഠ്യപദ്ധതികള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. തുടരുന്ന പരിസ്ഥിതി പ്രശ്നങ്ങളില്‍നിന്നും തകര്‍ച്ചയുടെ വക്കിലെത്തിയ ഭൂമിയെ രക്ഷപ്പെടുത്തുന്ന പൊതുവായ കര്‍മ്മപദ്ധതിയിലേയ്ക്കാണ് സഭ സകലരെയും ക്ഷണിക്കുന്നത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 July 2019, 20:14