സിറിയയിലെ കലാപങ്ങൾകിരയാക്കപ്പെട്ട  കുഞ്ഞ് ജീവിതങ്ങൾ സിറിയയിലെ കലാപങ്ങൾകിരയാക്കപ്പെട്ട കുഞ്ഞ് ജീവിതങ്ങൾ  

കുരുന്ന് ഇരകളെ അനുസ്മരിക്കുന്ന ദിനങ്ങളില്‍ റോമാ രൂപതയും പങ്കെടുക്കും

റോമാ രൂപതയുടെ മെത്രാൻ ഫ്രാൻസിസ് പാപ്പായുടെ വികാരി കാർഡിനല്‍ ദേ ദോണാത്തിസ് അക്രമങ്ങൾക്കും ചൂഷണങ്ങൾക്കും ഉപേക്ഷയ്ക്കും ലൈംഗീക ദുരുപയോഗത്തിനും ഇരയായ ബാലികാബാലകന്‍മാര്‍ക്കായുള്ള ഓർമ്മ ദിവസങ്ങളിൽ റോമാരൂപതയും പങ്കുചേരുമെന്നറിയിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

ഫോർത്തുണത്തോ ദി നോതോ  എന്ന വൈദീകൻ ആരംഭിച്ച മീറ്റർ ഓൺലൂസ്  എന്ന അസോസിയേഷനാണ് ഈ സംരംഭത്തിന് പിന്നിൽ.  1989 ആരംഭിച്ച അസോസിയേഷൻ ആചരിക്കുന്ന 23 ആം ഓർമ്മദിനമാണിത്. ഇന്നുവരെ ഏതാണ്ട് 20 ഓളം രൂപതകള്‍  ഈ ദിനാചരണത്തെ ഏറ്റെടുത്തു നടത്തുന്നുണ്ട്. കാർഡിനല്‍ ദേ ദോണാത്തിസ്   എഴുതിയ കത്തിൽ റോമിലെ സഭ ഒത്തിരി ഉത്സാഹത്തോടെ ഈ ആചരണത്തിൽ പങ്കുചേരുമെന്നും, രൂപതയിലെ ഓരോ ഇടവക സമൂഹവും ഈ വിഷയത്തെ ഓർമ്മിച്ചു ദിവ്യബലിമധ്യേയുള്ള വിശ്വാസികളുടെ പ്രാർത്ഥനയിൽ പ്രത്യേകം ഉൾപ്പെടുത്തി പ്രാര്‍ത്ഥിക്കുമെന്നും അറിയിച്ചു. രൂപതയുടെ കുടുംബദിനമായി ആചരിക്കുന്ന മെയ് മാസം അഞ്ചാം തിയതി തന്നെയാണ്  ഈ ഓർമ്മ ദിവസവും  വന്നുചേരുന്നത് എന്ന് എഴുതിയ കാര്‍ഡിനല്‍,  ഫാ. ഫോർത്തുണത്തോ ചെയ്യുന്ന അമൂല്യമായ പ്രവർത്തനങ്ങൾക്കു നന്ദിയർപ്പിക്കുകയും അനുഗ്രഹങ്ങൾ നേരുകയും ചെയ്തു.

തങ്ങൾക്കു ലഭിച്ച മറ്റൊരു അംഗീകാരമാണിതെന്നു പ്രതികരിച്ച ഫാ. ഫോർത്തുണത്തോ കുരുന്ന് ഇരകളെ  അനുസ്മരിക്കുന്ന ദിനം കൂടുതൽ ശ്രദ്ധപിടിച്ചുപറ്റുന്നതിൽ സന്തോഷം പ്രകടിപ്പിച്ചു.  കാർഡിനല്‍  ദേ ദോണാത്തിസിന്‍റെ  ഈ പ്രവർത്തി ഒരു വലിയ പ്രോത്സാഹനമാണെന്ന് പറഞ്ഞ ഫാ. ഫോർത്തുണത്തോ സഭയ്ക്കുവേണ്ടിയും സമൂഹത്തിനു വേണ്ടിയും  സഭയിൽ ഈ പ്രവർത്തനം തുടരുമെന്നും അറിയിച്ചു.

കുട്ടി ഇരകൾക്കായുള്ള ദിവസം എന്ന ചിന്ത 1995 ലാണ് മീറ്റർ ഓൺലൂസ്   എന്ന അസോസിയേഷന്‍റെ സ്ഥാപകനും അധ്യക്ഷനുമായ ഫാ. ഫോർത്തുണത്തോയുടെ മനസ്സിൽ ഉദിച്ചത്. ഇറ്റലിയിലെ സിസിലിയായ പ്രവിശ്യയുടെ അംഗീകാരത്തോടെ ഏപ്രിൽ 25  മുതൽ മെയ് മാസത്തിന്‍റെ ആദ്യ ഞായർവരെയാണ് ആചരിക്കപ്പെടുന്നത്.  കുട്ടികൾക്കെതിരെ നടക്കുന്ന എല്ലാത്തരം അക്രമങ്ങളെയും അപലപിക്കുന്നതിനും അവർക്കെതിരെയുള്ള ലൈംഗീക ചൂഷണങ്ങളെ തടയുന്നതിനുമായുള്ള പ്രചാരണങ്ങൾക്കും പ്രാർത്ഥനകൾക്കുമായി പരിപാടികൾ സംഘടിപ്പിക്കപ്പെടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 April 2019, 15:11