നിണസാക്ഷിയായ ബിഷപ്പ് എന്‍റിക്ക് ആഞ്ചലേല്ലി , 1976 ആഗസ്റ്റ് 04-ന് വധിക്കപ്പെട്ടു നിണസാക്ഷിയായ ബിഷപ്പ് എന്‍റിക്ക് ആഞ്ചലേല്ലി , 1976 ആഗസ്റ്റ് 04-ന് വധിക്കപ്പെട്ടു 

ബിഷപ്പ് എന്‍റിക്ക് ആഞ്ചലേല്ലി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

ഇറ്റാലിയന്‍ വംശജനും അര്‍ജന്തീന സ്വദേശിയുമായ ബിഷപ്പ് എന്‍റിക്ക് ആഞ്ചലേല്ലിയു‌ള്‍പ്പടെ നാലു നിണസാക്ഷികളുടെ വാഴത്തപ്പെട്ടപദ പ്രഖ്യാപനം ശനിയാഴ്ച, 27/04/2019

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നിണസാക്ഷിയായ ബിഷപ്പ് എന്‍റിക്ക് ആഞ്ചലേല്ലിയും (Enrique Angelelli) മറ്റ് മൂന്നു രക്തസാക്ഷികളും ശനിയാഴ്ച (27/04/2019) വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടും.

ഇറ്റാലിയന്‍ വംശജനായ ബിഷപ്പ് എന്‍റിക്ക് ആഞ്ചലേല്ലി അര്‍ജന്തീന സ്വദേശിയാണ്. 

അര്‍ജന്തീനയിലെ ല റിയോഹ രൂപതയിലെ മെത്രാനായിരുന്ന എന്‍റിക്ക് ആഞ്ചലേല്ലിയു‌ള്‍പ്പടെയുള്ള നാലു രക്തസാക്ഷികളുടെ വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനം, അര്‍ജന്തീനയുടെ തലസ്ഥാനമായ ബുവെനോസ് അയിരെസിനടുത്തുള്ള “പാര്‍ക്കെ ദെ ല ചുവുദാദ്” എന്നറിയപ്പെടുന്ന “നഗര മൈതാനിയില്‍” വച്ച് പ്രാദേശികസമയം രാവിലെ പത്തുമണിക്ക് ആയിരിക്കും. 

ഫ്രാന്‍സീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജൊവാന്നി ആഞ്ചെലൊ ബെച്ചു ഈ തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.

സാമൂഹ്യപ്രശ്നങ്ങളില്‍ സജീവമായി ഇടപെടുകയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കായി ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നതിനാല്‍ 1976 ആഗസ്റ്റ് 4 നാണ് അദ്ദേഹവും രണ്ടു സമര്‍പ്പിതരും ഒരു അത്മായ വിശ്വാസിയും വധിക്കപ്പെട്ടത്. 

ബിഷപ്പ് ആഞ്ചലേല്ലിക്കൊപ്പം വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടുന്ന രണ്ടു സമര്‍പ്പിതര്‍, കാര്‍ലോസ് മുരിയാസും  (Carlos Murias) ഗബ്രിയേല്‍ ലോംഗുവെല്ലെയും(Gabriel Longueville)     അല്മായ വിശ്വാസി, വെന്‍ചെസ്ലാവൊ പെദെദെര്‍നേരയും ആണ്  (Wenceslao Pedernera). 

ഈ നാലുപേരില്‍ ഗബ്രിയേല്‍ ലോംഗുവെല്‍ ഫ്രാന്‍സുകാരനാണ്. അര്‍ജന്തീനയില്‍ പ്രേഷിതനായി എത്തിയതായിരുന്നു അദ്ദേഹം. മറ്റു മൂന്നുപേരും അര്‍ജന്തീന സ്വദേശികളാണ്.

അര്‍ജന്തീനയിലെ കോര്‍ദൊബയില്‍ 1923 ജൂലൈ 18-നാണ് ബിഷപ്പ് എന്‍റിക്ക് ആഞ്ചലേല്ലി ജനിച്ചത്. 1961 മാര്‍ച്ച് 12-നായിരുന്നു അദ്ദേഹത്തിന്‍റെ മെത്രാഭിഷേകം.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 April 2019, 12:30