ശ്രീലങ്കയില്‍ തിരുവുത്ഥാനത്തിരുന്നാള്‍ ദിനത്തില്‍ ഭീകരാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കായി പ്രാര്‍ത്ഥനയ്ക്ക് മെഴുകുതിരിയുമായി അണയുന്ന ഒരു ബാലന്‍ ശ്രീലങ്കയില്‍ തിരുവുത്ഥാനത്തിരുന്നാള്‍ ദിനത്തില്‍ ഭീകരാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കായി പ്രാര്‍ത്ഥനയ്ക്ക് മെഴുകുതിരിയുമായി അണയുന്ന ഒരു ബാലന്‍ 

ശ്രീലങ്കയ്ക്കു വേണ്ടി പ്രാര്‍ത്ഥനാസുമാര്‍ച്ചനകള്‍!

ഏപ്രില്‍ 28 ഞായര്‍, ശ്രീലങ്കയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനാദിനമായി ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാസമൂഹം ആചരിക്കുന്നു.

ജോയി  കരിവേലി, വത്തിക്കാന്‍ സിറ്റി

തിരുസഭ കാരുണ്യ ഞായര്‍ ആചരിക്കുന്ന ഈ ഞായറാഴ്ച (28/04/2019) ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ സഭ ശ്രീലങ്കയ്ക്കു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കും.

ഉത്ഥാനത്തിരുന്നാള്‍ ദിനത്തില്‍ ശ്രീലങ്കയുടെ തലസ്ഥാന നഗരിയായ കൊളൊംബോയില്‍ ദേവാലയങ്ങളിലും ഹോട്ടലുകളിലും ചാവേര്‍ ആക്രമണമുണ്ടാകുകയും 250-ലേറെപ്പേര്‍ കൊല്ലപ്പെടുകയും ചെയ്ത ദുരന്തത്തില്‍ വേദനിക്കുന്ന അന്നാട്ടിലെ ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യാവിഷ്ക്കാരമായിട്ടാണ് ഈ ഞായറാഴ്ച ഈ പ്രാര്‍ത്ഥനാദിനം ആചരിക്കാന്‍ ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാമെത്രാന്‍സംഘത്തിന്‍റെ, (സിസിബിഐ CCBI) അദ്ധ്യക്ഷന്‍, ഗോവ-ദമാന്‍ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് ഫിലിപ് നേരി ഫെറൗ എല്ലാവരെയും ക്ഷണിക്കുന്നത്.

ബുദ്ധിശൂന്യമായ ഈ ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ ആത്മശാന്തിക്കായും മുറിവേറ്റവര്‍ക്കും ഈ ദുരന്തം മൂലം വേദനിക്കുന്ന കുടുംബങ്ങള്‍ക്കും വേണ്ടിയും പ്രത്യക പ്രാര്‍ത്ഥനകള്‍ ഈ ഞായറാഴ്ചത്തെ ദിവ്യബലിയില്‍ ഉള്‍പ്പെടുത്താനും അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ശ്രീലങ്കയ്ക്ക് സൗഖ്യവും സമാധാനമെന്ന ദാനവും ലഭിക്കുന്നതിനായി ദിവ്യകാരുണ്യത്തിനു മുന്നില്‍ അല്പസമയം ചിലവഴിക്കാനും ആര്‍ച്ച്ബിഷപ്പ് ഫിലിപ്പ് നേരി വിശ്വാസികളെ ക്ഷണിക്കുകയും സാധ്യമായിടത്തെല്ലാം മെഴുകുതിരി പ്രദക്ഷിണമോ മെഴുകുതിരി കൊളുത്തിയുള്ള പ്രാര്‍ത്ഥനയോ നടത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. 

അപ്രകാരം, നമ്മുടെ അയല്‍രാജ്യത്തു നടന്ന ദുരന്തത്തിലേക്ക് ജനശ്രദ്ധയെ ക്ഷണിക്കാനും വിശ്വശാന്തിക്കായും ഐക്യത്തിനായുമുള്ള നമ്മുടെ പ്രാര്‍ത്ഥനയില്‍ എല്ലാവരെയും ഒന്നു ചേര്‍ക്കാനും സാധിക്കുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 April 2019, 07:16