Vatican News

“ഹൃദയചിഹ്ന”വുമായി പനാമ യുവജനങ്ങളെ വരവേല്‍ക്കുന്നു!

ആഗോള യുവജനോത്സവം പനാമയില്‍ - 2019 ജനുവരി 22-മുതല്‍ 27-വരെ തിയതികളില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ നേതൃത്വത്തില്‍... ലോകത്തെ ഏറ്റവും വലിയ യുവജനസംഗമത്തിന്‍റെ ലോഗോയുടെ (Logo) കലാകാരിയും വിശദാംശങ്ങളും :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സ്നേഹത്തിന്‍റെ “ഹൃദയചിഹ്ന”വുമായി ലോക യുവജനോത്സവത്തിന് പനാമ ഒരുങ്ങുന്നു. കോളെജ് വിദ്യാര്‍ത്ഥിനി രൂപകല്പനചെയ്ത ഹൃദയചിഹ്നം യുവജനങ്ങള്‍ക്ക് ഹരമാകുന്നു!

കോളെജ് വിദ്യാര്‍ത്ഥിനി രൂപകല്പന ചെയ്തത്
പനാമയിലെ കോളെജ് വിദ്യാര്‍ത്ഥിനി, അംബാര്‍ നിക്കോളെ കാല്‍വോയാണ് ലോകത്തെ ഏറ്റവും വലിയ യുവജനസംഗമത്തിനുള്ള ചിഹ്നം രൂപകല്പനചെയ്തത്. മൂന്നുവര്‍ഷം കൂടുമ്പോള്‍ സംഘടിപ്പിക്കപ്പെടുന്ന സഭയുടെ യുവജനമേളയ്ക്ക് ഒരുക്കമായി രണ്ടുവര്‍ഷം മുന്‍പുതന്നെ ചിഹ്നം ഒരുക്കുകയുണ്ടായി. പനാമയുടെ മെത്രാപ്പോലീത്തയും, 2019 യുവജനസംഗമത്തിന്‍റെ സംഘാടക സമിതി അദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് ഹൊസെ ദൊമീങ്കോ യുളോവ 2017 മെയ്
14-നുതന്നെ 34-‍Ɔമത് ലോക യുവജനോത്സവത്തിന്‍റെ അംബാര്‍ കാല്‍വോ ഡിസൈന്‍ചെയ്ത ചിഹ്നം പ്രകാശനംചെയ്തു.

“ലോഗോ” -  ഒരു മേരിയന്‍ ചിത്രീകരണം
കലാകാരിതന്നെ ചിഹ്നത്തെ ഒരു മേരിയന്‍ ചിത്രീകരണമെന്ന് വിശേഷിപ്പിക്കുന്നുണ്ട്. കാരണം, പനാമയില്‍ 2019 ജനുവരി 22-മുതല്‍  27-വരെ അരങ്ങേറുന്ന യുവജനോത്സവത്തിന് പാപ്പാ ഫ്രാന്‍സിസ് ആപ്തവാക്യമായി നല്കിയത് വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ “ഇതാ! കര്‍ത്താവിന്‍റെ ദാസി അങ്ങയുടെ വചനം എന്നില്‍ നിറവേറട്ടെ!” (ലൂക്കാ 1 : 38) എന്ന ഉദ്ധരണിയാണ്. അതിനെ ആധാരമാക്കിയാണ്  20 വയസ്സുകാരി വിദ്യാര്‍ത്ഥിനിയും ചിത്രകാരിയുമായ അംബാര്‍ കാല്‍വോ “ലോഗോ”  (wyd – logo) ചിട്ടപ്പെടുത്തിയിരിക്കുന്നത്. കാല്‍വോയുടെ ചിത്രീകരണം ക്രൈസ്തവികതയുടെ മറ്റു അടയാളങ്ങള്‍കൊണ്ടും സമ്പന്നമാണ്.

സ്നേഹത്തിന്‍റെ പ്രതിബിംബമായ ഹൃദയം
മൊത്തമായി ഹൃദയത്തിന്‍റെ ആകാരമുള്ള ബഹുവര്‍ണ്ണ ചിഹ്നം, തീര്‍ച്ചയായും ആര്‍ക്കും ഏറെ സുപരിചിതമായ സ്നേഹത്തിന്‍റെ പ്രതീകമാണ്, പ്രത്യേകിച്ച് യുവജനങ്ങള്‍ക്ക്! ചിഹ്നത്തിന്‍റെ വിശദാംശങ്ങളിലേയ്ക്കു കടക്കുമ്പോള്‍ അതില്‍ സൂക്ഷ്മമായി ഒളിപ്പിച്ചുവച്ചിരിക്കുന്ന അര്‍ത്ഥഗര്‍ഭമായ ക്രൈസ്തവികതയും സാംസ്ക്കാരികതയും വെളിപ്പെട്ടു കിട്ടും.

ഹൃദയത്തിലെ ശൈലീകരിച്ച ഘടകങ്ങള്‍
ഹൃദയത്തിന്‍റെ വലതുഭാഗത്ത് ശൈലീകരിച്ച് ഉള്‍ക്കൊള്ളിച്ചിരിക്കുന്ന 5 വെളുത്ത പൊട്ടുകള്‍ സ്വര്‍ഗ്ഗരാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തെ പ്രതിനിധാനംചെയ്യുന്നു. മറിയത്തിന്‍റെ കിരീടത്തിലെ 5 രത്നസൂചകമായ പൊട്ടുകള്‍ പനാമയില ഭൂഖണ്ഡങ്ങളുടെ ഒത്തുചേരലിനെയും പ്രതിനിധാനംചെയ്യുന്നു.

പനാമ ഉള്‍ക്കടല്‍ ലോഗോയുടെ ബലതന്ത്രം
പനാമ ഉള്‍ക്കടലിന്‍റെ നീര്‍ച്ചാല്‍ ചിഹ്നത്തിലെ വിവിധ ഘടകങ്ങളെ ചുറ്റിവളഞ്ഞ് ഒഴുകുംപോലെയാണ് ലോഗോയുടെ ഉള്ളിലെ വരകളുടെ ചലനാത്മകത. പിന്നെ അത്, അവസാനം ക്രിസ്തുവില്‍ എത്തിച്ചേരുന്നത് പ്രതീകാത്മകമായി അംബാര്‍ ഒരു ചുവന്ന കുരിശില്‍ എത്തിക്കുന്നു. 

മറിയംവഴി ക്രിസ്തുവിലേയ്ക്ക്....!
ചിഹ്നത്തിലേയ്ക്കു മുറിഞ്ഞു കയറുന്ന തടിച്ച വെളുത്ത രേഖ രാജ്യത്തെ ലോകപ്രശസ്തമാക്കിയ കപ്പല്‍ ഗതാഗതമുള്ള പനാമ നീര്‍ച്ചാലിന്‍റെ രേഖീകരണമാണ്. ഒപ്പം, മറിയംവഴി ക്രിസ്തുവിനെ കണ്ടെത്താനുള്ള ജീവിതത്തിന്‍റെ മൗലികമായ മാര്‍ഗ്ഗരേഖയും കലാകാരി, അംബാര്‍ കാല്‍വോ ചിഹ്നത്തില്‍ കോറിയിട്ടിരിക്കുന്നു.

“ഇസ്തുമസ്”  പനാമയുടെ സാംസ്കാരിക വരവേല്പ്
ഹൃദയത്തിന്‍റെ ആകാരമുള്ള ലോഗോയുടെ മുകള്‍ ഭാഗത്തുള്ള “എം” (M) എന്ന ഇംഗ്ലിഷ് അക്ഷരംപോലെ വളഞ്ഞ ഭാഗം രീബിയന്‍ ‍കടലിനെയും ശാന്തസമുദ്രത്തെയും വേര്‍തിരിക്കുന്ന പനാമയുടെ ലോലവും സുന്ദരവുമായ ഇസ്തുമസ് (Panamian Isthumus) ഭൂപ്രദേശത്തെയും അവിടത്തെ തദ്ദേശ ജനതയെയും വിഭാവനംചെയ്യുന്നു. ഇത് ലോകയുവതയ്ക്ക് പനാമനല്കുന്ന ഹൃദ്യവും സാംസ്കാരികത നിറഞ്ഞതുമായ വരവേല്പിന്‍റെയും സൂചനയാണ്.

ലോഗോയിലെ യുവജനക്കുരിശും ക്രിസ്തുവും
പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ആഗോള സംഗമങ്ങളില്‍ പ്രതിഷ്ഠിക്കുന്നതിനായി യുവജനങ്ങളെ ഏല്പിച്ച വലിയ മരക്കുരിശിനെയും, അതുവഴി ക്രിസ്തുവിനെത്തന്നെയുമാണ് ചിഹ്നത്തിന്‍റെ ഇടതുഭാഗത്തുള്ള ചുവന്ന കുരിശു ചിത്രീകരിക്കുന്നത്.

ലോഗോയുടെ മേരിയന്‍ പ്രഭ
വലതു ഭാഗത്തെ ശൈലീകരിച്ച ആള്‍ രൂപം,  പനാമ യുവജനോത്സവത്തിന്‍റെ പ്രതിപാദ്യവിഷയമായ “അങ്ങേ ഹിതംപോലെ എന്നില്‍ നിറവേറട്ടെ!” എന്ന മേരിയന്‍ ഉദ്ധരണിയെയും യുവജനങ്ങള്‍ക്ക് ആത്മീയ അമ്മയായ പരിശുദ്ധ കന്യകാനാഥയെയും സൂചിപ്പിക്കുന്നു. മൊത്തമായി നോക്കുമ്പോള്‍ ഒരു ഹൃദയത്തിന്‍റെയും, ഇംഗ്ലിഷ് അക്ഷരം ‘M’-ന്‍റെയും ആകൃതിയിലൂടെ ഈ ലോകത്തിന്‍റെ ഹൃദയസ്ഥാനത്ത് ഇന്നും നിലകൊള്ളുന്ന,  ക്രിസ്തുവിലേയ്ക്കുന്ന നയിക്കുന്ന  “ആത്മീയ പാല”മായ മറിയത്തെ ചിത്രീകരിക്കുന്നു.

link of Ambar, the artist in her studio :  https://www.youtube.com/watch?v=czPJ15eq9cY

link of Ambar explaining the Logo of Wyd :  https://www.youtube.com/watch?v=m_0hRGFsMt0

31 December 2018, 17:26