Cardinal Louis Sako I, Patriarch of the Chaldean Catholic Church of Babylon Cardinal Louis Sako I, Patriarch of the Chaldean Catholic Church of Babylon 

സമാധാന നിര്‍മ്മിതിക്ക്- മനുഷ്യത്വവും മതങ്ങളുടെ കൂട്ടായ്മയും

ഡിസംബര്‍ 20-Ɔο തിയതി വ്യാഴാഴ്ച - കാല്‍ഡിയന്‍ സഭാദ്ധ്യക്ഷനും ബാബിലോണിന്‍റെ പാത്രിയര്‍ക്കിസുമായ കര്‍ദ്ദിനാള്‍ ലൂയി സാഖോ കലാപ ഭൂമിയായ ഇറാക്കില്‍നിന്നും നല്കിയ ക്രിസ്തുമസ് സന്ദേശത്തിലെ ചിന്തകള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ക്രിസ്തു മനുഷ്യത്വത്തിന്‍റെ പൂര്‍ണ്ണരൂപം

ദൈവത്തിന്‍റെ പ്രതിച്ഛായയുമായി സാരൂപ്യപ്പെടുന്ന മനുഷ്യത്വത്തിന്‍റെ പൂര്‍ണ്ണരൂപം, ചരിത്രത്തില്‍ മനുഷ്യനായി ഭൂമിയില്‍ അവതരിച്ച ക്രിസ്തുവില്‍ കണ്ടെത്താം. ഡിസംബര്‍ 20-ന് പ്രസിദ്ധപ്പെടുത്തിയ സന്ദേശത്തിലൂടെ ഇറാക്കിലെ കര്‍ദ്ദിനാള്‍ സാഖോ ഉദ്ബോധിപ്പിച്ചു. യുദ്ധവും അതിക്രമങ്ങളും, ജിഹാദികളുടെ ഭീകരപ്രവര്‍ത്തനങ്ങളും, രാഷ്ട്രീയ അസ്ഥിരതയുംകൊണ്ട് തകര്‍ന്ന ഇറാക്കിന്‍റെ മണ്ണില്‍ ഭാവിക്ക് അടിത്തറയാകേണ്ടത്ത് മനുഷ്യത്വവും മതങ്ങളുടെ കൂട്ടായ്മയുമാണ്. അതിനാല്‍  ഈ ക്രിസ്തുമസ് കാലത്ത് തങ്ങളുടെ വിശ്വാസവും, പ്രാര്‍ത്ഥനയും അയല്‍ക്കാരോടുള്ള സ്നേഹവും വഴിയാണ് ക്രൈസ്തവര്‍ തകര്‍ന്നു കിടക്കുന്ന രാജ്യത്തെ പുനിര്‍നിമ്മിക്കാന്‍ പരിശ്രമിക്കേണ്ടത്.

കൃപയുടെ സ്രോതസ്സുക്കള്‍
ക്രിസ്തുവിന്‍റെ ജനനത്തിലും പരസ്യജീവിത സംഭവങ്ങളിലും, ജീവിതസാക്ഷ്യങ്ങളിലും, പിന്നീട് അവിടുത്തെ പീഡകളിലും, കുരിശുമരണത്തിലും, ഉത്ഥാനത്തിലും ലോകം കണ്ടത് ദൈവികതയുടെ പ്രതിഫലനങ്ങളാണ്. മനുഷ്യനില്‍ ഒത്തിരി ഒളിഞ്ഞിരിക്കുന്ന നന്മകളുണ്ടെങ്കിലും, ആന്തരികവും ആത്മീയവുമായ നവീകരണത്തിനുവേണ്ടുവോളം കൃപയും, കൃപയുടെ സ്രോതസ്സുക്കളും ക്രൈസ്തവനുണ്ട്. കൂദാശകളിലൂടെ – ജ്ഞാനസ്നാനം, പരിശുദ്ധ കുര്‍ബ്ബാന, അനുരഞ്ജനത്തിന്‍റെ കൂദാശ എന്നിവയിലൂടെ ക്രിസ്തുവിലുള്ള കൂട്ടായ്മയ്ക്കും ഐക്യത്തിനും ആവശ്യമായ കൃപ ക്രൈസ്തവര്‍ക്കു ലഭിക്കുന്നു. അതിനാല്‍ സന്മനസ്സുള്ളവര്‍ അനുദിന സമര്‍പ്പണം, ആത്മധൈര്യം, കഠിനാദ്ധ്വാനം എന്നിവയിലൂടെ തങ്ങളുടെ വിളിയോടു പ്രത്യുത്തരിച്ചാല്‍ അവര്‍ ദൈവകൃപയ്ക്കു യോഗ്യരാകുമെന്നതില്‍ സംശയമില്ല. അങ്ങനെ സാഹോദര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും വിശാലമായ പൊതുവീക്ഷണം വ്യക്തിയുടെ സമൂഹത്തിന്‍റെയും ജീവിതനന്മയ്ക്കു മാത്രമല്ല, മനുഷ്യകുലത്തിന്‍റെ വിഭിന്നതയില്ലാത്ത പൊതുനന്മയ്ക്ക് ഉപകാരപ്രദമാവുകതന്നെ ചെയ്യും!

വിശ്വാസത്തിന്‍റെ കേന്ദ്രസ്ഥാനവും പ്രാര്‍ത്ഥനയുടെ പ്രാധാന്യവും
വിശ്വാസജീവിതം പ്രാര്‍ത്ഥനയിലും, സമൂഹത്തിന്‍റെ ഭാഗഭാഗിത്വത്തിലും പ്രതിഫലിപ്പിക്കണം. കാരണം ക്രൈസ്തവര്‍ വിശ്വാസത്തിന്‍റെയും, പ്രാര്‍ത്ഥനയുടെയും സേവനത്തിന്‍റെയും ജീവിതസാക്ഷികളാകണം. വിശ്വാസം വചനാധിഷ്ഠിതവും സുവിശേഷമൂല്യങ്ങളില്‍ ഊന്നിയതുമായ ജീവിതത്തിന് വഴിയൊരുക്കുന്നു. അങ്ങനെ  തിന്മയുടെ ശക്തികള്‍ക്ക് കീഴ്പ്പെടാതെ വിശ്വാസികള്‍ ദൈവവമക്കളായി മാറുന്നു.  ക്രൈസ്തവ മക്കളുടെ വിശ്വാസസാക്ഷ്യത്തെയും സേവന തല്പരതയെയും സല്‍പ്രവൃത്തികളെയും സമാധാനവഴികളെയും തെളിയിക്കുന്ന സമയമാണ് ക്രിസ്തുമസ്.  സല്‍പ്രവൃത്തികളുടെയും കൂട്ടായ്മയുടെയും സമാധാനത്തിന്‍റെയും വഴികളിലൂടെ സാമൂഹിക ഭദ്രതയും നിര്‍മ്മിതിയും യാഥാര്‍ത്ഥ്യമാക്കാം. സമൂഹത്തില്‍ വിഭാഗീയത വളര്‍ത്തുന്നവര്‍ കലാപം സൃഷ്ടിക്കുന്നു.

മതത്തിന്‍റെ പേരില്‍ മനുഷ്യരെ ആക്രമിക്കുന്നു, ദൈവത്തിന്‍റെ പേരില്‍ സഹോദരങ്ങളെ കൊന്നൊടുക്കുന്നു. എന്നാല്‍ ദൈവത്തിന്‍റെ പേരില്‍ വംശീയതയും വിഭാഗീയതയും അധര്‍മ്മവും വളര്‍ത്തുന്നവര്‍  വിശ്വാസികളല്ല!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 December 2018, 18:13