വാഴ്ത്തപ്പെട്ട അന്ന കൊളെസറൊവ (1928-1944) വാഴ്ത്തപ്പെട്ട അന്ന കൊളെസറൊവ (1928-1944) 

നവവാഴ്ത്തപ്പെട്ട അന്ന കൊളെസറൊവ

കന്യകാത്വം സംരക്ഷിക്കുന്നതിനായി ജീവന്‍ ഹോമിച്ച നിണസാക്ഷി

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നവവാഴ്ത്തപ്പെട്ട അന്ന കൊളെസറൊവാ അവളുടെ രക്ത സാക്ഷിത്വം വഴി കാട്ടിത്തരുന്നത് തിന്മയെയും അക്രമത്തെയും അനീതിയെയും നന്മകൊണ്ട് ചെറുക്കാനാകും എന്നാണെന്ന് വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ പുതിയ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആ‍ഞ്ചെലൊ ജൊവാന്നി ബെച്ചു.

സെപ്റ്റംബര്‍ ഒന്നാം തിയതി ശനിയാഴ്ച (01/09/18) സ്ലൊവാക്യയിലെ കൊസിച്ചില്‍ നടന്ന വാഴ്ത്തപ്പെട്ട പദ പ്രഖ്യാപന തിരുക്കര്‍മ്മ മദ്ധ്യേ വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

രണ്ടാം ലോകമാഹയുദ്ധത്തിന്‍റെ വേളയിലായിരുന്നു അന്നയുടെ നിണസാക്ഷിത്വം എന്നനുസ്മരിച്ച അദ്ദേഹം ഇന്നും അനേകം നാടുകളില്‍ സംഘര്‍ഷാവസ്ഥ നിലനില്ക്കുന്നുണ്ടെന്നും അനേകം പെണ്‍കുട്ടികളും സ്ത്രീകളും പീഢിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ ബെച്ചു അനുസ്മരിച്ചു.

1928 ജൂലൈ 14 ന് സ്ലൊവാക്യയിലെ വ്യസോക്ക നാദ് ഉഹോം എന്ന ഗ്രാമത്തില്‍ ജനിച്ച നവവാഴ്ത്തപ്പെട്ട കൊളെസറോവാ, കേവലം പതിനാറാമത്തെ വയസ്സില്‍, തന്‍റെ  കന്യകാത്വം സംരക്ഷിക്കുന്നതിനുവേണ്ടി ജീവന്‍ ഹോമിച്ച അല്മായ ബാലികയാണ്.

റഷ്യയുടെ ചെമ്പട ആ ഗ്രാമം പിടിച്ചെടുത്തപ്പോള്‍ അവള്‍ സ്വകുടുംബത്തോടൊപ്പം വീടിന്‍റെ നിലവറയില്‍ ഒളിച്ചു താമസിച്ചു. എന്നാല്‍ സൈന്യം ആ വീടും വളഞ്ഞു. അതില്‍ ഒരു സൈനികന്‍ കൊളെസറൊവായുടെയും കുടുംബത്തിന്‍റെയും ഒളിത്താവളം കണ്ടെത്തി.  തങ്ങള്‍ അപകടകാരികളല്ല എന്നു ബോധ്യപ്പെടുത്തുന്നതിന് സ്വപിതാവിന്‍റെ നിര്‍ബന്ധ പ്രകാരം ആ സൈനികന് ഭക്ഷണം നല്കാന്‍ കൊളെസറൊവാ പുറത്തിറങ്ങി. എന്നാല്‍ സൈനികന്‍ അവളെ ലൈഗികമായി പീഢിപ്പിക്കാന്‍  ശ്രമിച്ചു.  അയാളില്‍ നിന്ന്  ഒഴിഞ്ഞുമാറിയ അവള്‍ അയാളുടെ ഇംഗിതത്തിനു വഴങ്ങുന്നതിലും നല്ലത് മരണമാണെന്നുറപ്പിച്ചു. അങ്ങനെ ഒഴിഞ്ഞുമാറി മാതാപിതാക്കളുടെ അടുത്തേക്കോടിയ കൊളെസറൊവയെ പിന്‍ചെന്ന സൈനികന്‍ അവളുടെ പ്രിയപ്പെട്ടവരോട് യാത്രപറയാന്‍ അവളെ ആജ്ഞാപിക്കുകയും തുടര്‍ന്ന് നിറയൊഴിക്കുകയും ചെയ്തു. അങ്ങനെ 1944 നവമ്പര്‍ 22 ന്, പതിനാറാമത്തെ വയസ്സില്‍, കൊളെസറോവാ വധിക്കപ്പെട്ടു.

2005 ഏപ്രില്‍ 2ന് കൊസിച് രൂപതാതലത്തില്‍ കൊളെസറോവായുടെ നാമകരണ നടപടികള്‍ക്ക് തുടക്കം കുറിക്കപ്പെട്ടു. 2018 മാര്‍ച്ച് 6 ന് ഫ്രാന്‍സീസ് പാപ്പാ കൊളെസറോവായുടെ നിണസാക്ഷിത്വത്തിന് അംഗീകാരം നല്കി

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 September 2018, 13:48