വിശുദ്ധ എഡിത് സ്റ്റെയിന്‍ വിശുദ്ധ എഡിത് സ്റ്റെയിന്‍ 

സ്നേഹിക്കുന്നവര്‍ സഹനം ഏറ്റെടുക്കും

ആഗസ്റ്റ് 9-ന് സഭ അനുവര്‍ഷം അനുസ്മരിക്കുന്ന വിശുദ്ധ എഡിറ്റ് സ്റ്റൈന്‍ എന്നു വിഖ്യാതയായ കുരിശിന്‍റെ വിശുദ്ധ തെരേസാ ബെനെഡിക്റ്റായുടെ സൂക്തമാണിത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ക്രിസ്തുവിനോടുള്ള സ്നേഹം നമ്മില്‍നിന്നും സഹനം ആവശ്യപ്പെടുന്നുണ്ട്. അതിനാല്‍ അനുദിനജീവിതത്തില്‍ നാം യഥാര്‍ത്ഥത്തില്‍ സഹോദരങ്ങളെ സ്നേഹിക്കുന്നെങ്കില്‍ അവര്‍ക്കുവേണ്ടി സഹിക്കാനും ത്യാഗങ്ങള്‍ ഏറ്റെടുക്കുവാനും സന്നദ്ധരാകണമെന്ന് വിശുദ്ധ സ്റ്റൈന്‍ തന്‍റെ ജീവിതംകൊണ്ട് പഠിപ്പിക്കുന്നു.

എഡിറ്റ് സ്റ്റൈന്‍ (1891-1942) യഹൂദയായ ജര്‍മ്മന്‍കാരിയും താത്വികയുമായിരുന്നു. ആവിലായിലെ അമ്മത്രേസ്യായുടെ ആത്മീയതയാല്‍ ആകൃഷ്ടയായവള്‍ 1922-ജനുവരി 1-ന് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. നിഷ്പാദുക കര്‍മ്മാലീത്ത സഭയില്‍ അംഗമാകാനും അവര്‍ ആഗ്രഹിച്ചു. സന്ന്യാസജീവിതത്തില്‍നിന്നും എഡിറ്റിനെ പിന്‍തിരിപ്പിക്കുന്ന ശ്രമങ്ങള്‍ ധാരാളം പുറമെനിന്നും ഉണ്ടായെങ്കിലും 1934 ഒക്ടോബര്‍ 14-ന് അവര്‍ കൊളോണിലെ കര്‍മ്മല മഠത്തില്‍ അംഗമായി. 1934-ലെ ഏപ്രില്‍ മാസത്തില്‍ സഭാവസ്ത്രം സ്വീകരിച്ച് കുരിശിന്‍റെ സിസ്റ്റര്‍ ബെനഡിക്റ്റയായി മാറി. സഹോദര സ്നേഹത്തെപ്രതി സഹനം ഏറ്റെടുക്കാന്‍ പ്രചോദനമേകുന്ന ക്രിസ്തുവിന്‍റെ കുരിശ് അവര്‍ക്ക് അനുദിന ജീവിതത്തില്‍ ദിശാമാപിനിയായി.

നാസികളുടെ യഹൂദ-വിദ്വേഷം 1938-ല്‍ ജര്‍മ്മനിയില്‍ ആളിക്കത്തി. ജര്‍മ്മനിയില്‍നിന്നും നാടുകടത്തപ്പെട്ട 987 പേരുടെ കൂട്ടത്തില്‍ ആഗസ്റ്റ് 7-ന് എഡിറ്റ് സ്റ്റൈനും ബന്ധിയാക്കപ്പെട്ടു. ആഗസ്റ്റ് 9-ന് പോളണ്ടിലെ ഓഷ്വിറ്റ്സ് ജര്‍മ്മന്‍ ക്യാമ്പില്‍ തന്‍റെ സഹോദരി റോസയ്ക്കൊപ്പം കുരിശിന്‍റെ സിസ്റ്റര്‍ തേരേസാ ബെനഡിക്ടയും വിഷവാതക മുറിയില്‍ വിശ്വാസത്തെപ്രതി രക്ഷസാക്ഷിത്വം വരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 August 2018, 12:33