അയര്‍ലന്‍ഡ് അപ്പസ്തോലികയാത്ര അയര്‍ലന്‍ഡ് അപ്പസ്തോലികയാത്ര 

വ്യക്തിസ്വാതന്ത്ര്യം നഷ്ടമാക്കാത്ത സ്നേഹക്കൂട്ടാണ് കുടുംബം

ആഗോള കത്തോലിക്ക കുടുംബ സംഗമത്തിന്‍റെ ഏഴു വേദികളില്‍ 1997-മുതല്‍ 2015-വരെ സജീവമായി പങ്കെടുത്തിട്ടുള്ള ഇറ്റാലിക്കാരായ ഫ്രീസോ ദമ്പതികള്‍ വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു ആഗസ്റ്റ് 11, ശനിയാഴ്ച നല്കിയ അഭിമുഖത്തിന്‍റെ പ്രസക്തഭാഗങ്ങളാണിത് :

- ഫാദര്‍ വില്യം നെല്ലിക്കല്‍

ആഗസ്റ്റ് 21-മുതല്‍ 26-വരെ തിയതികളില്‍ അയര്‍ലണ്ടിലെ ഡബ്ലിന്‍ നഗരത്തില്‍ അരങ്ങേറാന്‍ പോകുന്ന ആഗോള കുടുംബസംഗമത്തിന് ഒരുക്കമായിട്ടാണ് വത്തിക്കാന്‍റെ വാര്‍ത്താവിഭാഗം ഫ്രീസോ ദമ്പതികളുമായി അഭിമുഖം നടത്തിയത്. ആഗസ്റ്റ് 25, 26 ശനി, ഞായര്‍ ദിനങ്ങളില്‍ പാപ്പാ ഫ്രാന്‍സിസ് കുടുംബസംഗത്തില്‍ എത്തുന്നത് ഒരു ഉച്ചസ്ഥായിയാണ്.

കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍
നവയുഗത്തില്‍ കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ കേന്ദ്രീകരിച്ചാണ് ഇത്തവണ കുടുംബങ്ങളുടെ ആഗോള സംഗമം അയര്‍ലണ്ടിലെ ഡബ്ലിന്‍ നഗരത്തില്‍ നടക്കാന്‍ പോകുന്നത്. വര്‍ദ്ധിച്ചുവരുന്നതും കുടുംബങ്ങള്‍ നേരിടുന്നതുമായ ജീവിതവെല്ലുവിളികള്‍ക്കു കാരണം “വിവാഹം എന്നേയ്ക്കും” അല്ലെങ്കില്‍ വിവാഹം അഭേദ്യമാണ് എന്ന അടിസ്ഥാന കാഴ്ചപ്പാടിനും വിശ്വാസത്തിനും മങ്ങലേറ്റിട്ടുള്ളതിനാലാണ്. അതിനാല്‍ സ്നേഹം ജീവിതത്തിന്‍റെ അനിതരസാധാരണമായൊരു ഘടകമായും, കുടുംബ ജീവിതത്തിലെ സന്തേഷത്തിന്‍റെ സ്രോതസ്സും, ദമ്പതികള്‍ അതിന്‍റെ ജീവിക്കുന്ന സാക്ഷികളുമാണ് എന്ന കാഴ്ചപ്പാടു വളരേണ്ടതുണ്ട്. ഒപ്പം വിവാഹജീവിതത്തില്‍ ഒരിക്കലും ആരുടെയും സ്വാതന്ത്ര്യം ബലികഴിക്കപ്പെടുന്നില്ല, മറിച്ച് വ്യക്തിസ്വാതന്ത്ര്യങ്ങള്‍ അര്‍ത്ഥസമ്പുഷ്ടമായ സ്നേഹത്തിന്‍റെ മനോഹാരിത അണിയുകയാണെന്ന് അന്ന-അല്‍ബേര്‍തോ  ഫ്രീസോ ദമ്പതികള്‍ പങ്കുവച്ചു.  

വ്യക്തമാഹാത്മ്യവാദവും ആപേക്ഷികതാവാദവും
ഇന്ന് കുടുംബ ജീവിതത്തെ തകര്‍ക്കുന്നത് വ്യക്തിമാഹാത്മ്യവാദവും അപേക്ഷികതാവാദവുമാണ്. ആല്‍ബര്‍ത്തോ ഫ്രീസോ അഭിപ്രായപ്പെട്ടു. കൂട്ടായ ഉത്തരവാദിത്വത്തിനും പങ്കുവയ്ക്കലിനും ഉപരി വ്യക്തിയുടെ ചിന്തകളും പ്രവൃത്തികളുമാണ് വലുതും പ്രധാനപ്പെട്ടതും എന്ന കാഴ്ചപ്പാടാണ് വ്യക്തിമാഹാത്മ്യവാദം. സത്യത്തിന് ആഗോളപ്രസക്തി ലഭിക്കണമെന്നില്ല. എല്ലാവരുടെയും വീക്ഷണത്തില്‍ സത്യമുണ്ടാകേണ്ടതാണ്. അങ്ങനെ ബലമില്ലാത്ത കാഴ്ചപ്പാടാണ് ആപേക്ഷികതാവദം. ഇതുമൂലം ലോകത്ത് ഏറെ മുല്യച്ഛ്യുതി സംഭവിക്കുന്നുണ്ട്. വികലമായ ചിന്താഗതികള്‍ വളര്‍ന്നു വരുന്നുണ്ട്. ഈ നവമായ വീക്ഷണങ്ങളെല്ലാം ദാമ്പത്യത്തിന്‍റെ ഭദ്രതയെ തകര്‍ക്കുന്നുമുണ്ട്.

അടിത്തറയാകേണ്ട ദൈവസ്നേഹം കുടുംബങ്ങളെക്കുറിച്ചുള്ള ക്രൈസ്തവ വീക്ഷണം ദൈവത്തിന്‍റെ പദ്ധതിയിലേയ്ക്ക് ആഴമായി ഇറങ്ങുന്നതാണ്. ദൈവത്തിന്‍റെ പ്രതിച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവര്‍ ജീവദാതാവായ സ്രഷ്ടാവിന്‍റെ പ്രയോക്താക്കളാണ്. ഫ്രീസോ ദമ്പതികള്‍ അഭിപ്രായപ്പെട്ടു. യുവദമ്പതികളുടെ ഹൃദയത്തില്‍ ആദ്യം വിരിയുന്ന സ്നേഹം വിശുദ്ധമാണ്. അത് അനിതരസാധാരണവും ദൈവികവുമായി കാത്തുസൂക്ഷീക്കണം, ബലപ്പെടുത്തിയെയുക്കണം.

കുടുംബത്തിലെ ദൈവപ്രതിഷ്ഠ
ദമ്പതികളില്‍ ആദ്യമുണരുന്ന സ്നേഹം ദൈവസ്നേഹത്തിന്‍റെ ഒരു മിന്നല്‍ പാളിച്ചയാണ്,  (A Divine Spark) എന്നു തിരിച്ചറിയുന്നവര്‍ അത് പൊലിഞ്ഞുപോകാതെ കാത്തുസൂക്ഷിക്കും, അത് ദാമ്പത്യത്തില്‍ ഫലമണിയും. ജീവിതത്തോണി കൊടുങ്കാറ്റില്‍ പെട്ടാലും അത് ഉലയാതെ നില്ക്കണമെങ്കില്‍ ഉള്ളില്‍ എറിയുന്ന ദൈവസ്നേഹത്തിന്‍റെ തീനാളം പൊലായാതെ സൂക്ഷിക്കേണ്ടതാണ്. ക്രിസ്തു കുടുംബജീവിതത്തിന്‍റെ കേന്ദ്രമാകണം. അപ്പോള്‍ ദമ്പതികള്‍ രണ്ടുപോരല്ല, ക്രിസ്തുവും ചേര്‍ന്ന് മൂന്നുപേരാണ്. ക്രിസ്തു കുടുംബത്തിലെ അദൃശ്യനായ അതിഥിയായിരിക്കണം. അങ്ങനെ ദൈവസ്നേഹത്തിനും ക്രിസ്തുവിനും സാക്ഷ്യം വഹിക്കുന്നവരാകണം ക്രൈസ്തവ കുടുംബങ്ങള്‍. ദൈവസ്നേഹത്തില്‍നിന്നും ഉതിരുന്ന ആത്മീയ ആനന്ദത്തിന്‍റെ സാക്ഷികളാകണം ക്രൈസ്തവമക്കള്‍. ജീവിതമൂല്യങ്ങള്‍ക്കും അപ്പുറവും വ്യക്തിയുടെ വികാരങ്ങള്‍ക്കും അവകാശങ്ങങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും മുന്‍തൂക്കം കൊടുക്കുന്നതും കുടുംബജീവിതത്തെ തകര്‍ക്കാറുണ്ടെന്ന് ഫ്രീസോ ദമ്പതികള്‍ അഭിപ്രായപ്പെട്ടു.

സ്നേഹത്തിന്‍റെ ആനന്ദം (Amoris Latitiae)
പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക പ്രബോധനം “സ്നേഹത്തിന്‍റെ ആനന്ദം” (Amoris Latitiae)  ഈ കുടുംബസംഗമത്തില്‍ ഏറെ പ്രാധാന്യമുള്ള പഠനവിഷയമാണെന്ന് ഫ്രീസോ ദിമ്പതികള്‍ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. ദൈവസ്നേഹമെന്ന വലിയ യാഥാര്‍ത്ഥ്യത്തെ ക്രൈസ്തവ കുടുംബങ്ങളിലെ സ്നേഹമുള്ള ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്താനാണ് പാപ്പായുടെ നവമായ പ്രബോധനം ആവശ്യപ്പെടുന്നത്. ദൈവം സ്നേഹമാണെന്ന ചിന്തയും, മൂല്യവും ലോകത്തിനു സാക്ഷ്യപ്പെടുത്താന്‍ കുടുംബങ്ങള്‍ക്കാകണം. ജീവിതത്തിന്‍റെ വലിയ പ്രതിസന്ധിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കും ജീവിതമെല്ലാം ഇരുട്ടേറിയിരിക്കുമ്പോഴും ദൈവസ്നേഹത്തിന് നമ്മില്‍ പ്രകാശം പരത്താനാകും.

പാരമ്പര്യത്തെ തകിടംമറിക്കുന്ന  പ്രബോധനം
സ്നേഹത്തിന്‍റെ ആനന്ദം, ഏറെ പ്രകാശപൂര്‍ണ്ണവും പ്രായോഗികവുമെന്ന് ഫ്രീസോ ദമ്പതികള്‍ വിലയിരുത്തി. പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ പ്രബോധനം സഭയുടെ പരമ്പരാഗത പ്രമാണങ്ങളുമായി ചിലയിടങ്ങളില്‍ പൊരുത്തപ്പെ‌ടുന്നില്ല എന്ന വസ്തുത രണ്ടുപേരും ചൂണ്ടിക്കാണിച്ചു. എന്നാല്‍ ജീവിതപ്രതിസന്ധികളില്‍ സന്തോഷത്തിന്‍റെ പാതയിലേയ്ക്ക് തിരികെ വരാനുള്ള മാര്‍ഗ്ഗദര്‍ശിയാണിത്. കുടുംബങ്ങള്‍ക്കുള്ള മനോഹരമായൊരു സ്നേഹഗീതമാണിത്. ക്രിസ്തുവില്‍ തെളിഞ്ഞു നില്ക്കുന്നതും, സഭയിന്ന് ജീവിക്കേണ്ടതുമായ കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സമ്പന്നമായ പ്രബോധനമാണ് സ്നേഹത്തിന്‍റെ ആനന്ദം! ഇങ്ങനെയാണ് അഭിമുഖം അവസാനിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 August 2018, 13:32