യുവജനങ്ങളുടെ ആത്മീയയാത്ര യുവജനങ്ങളുടെ ആത്മീയയാത്ര 

പ്രത്യാശയുടെ യുവസഞ്ചാരികള്‍ റോമിലേയ്ക്ക്...!

യുവജനങ്ങളെ കേന്ദ്രീകരിച്ചുള്ള മെത്രാന്മാരുടെ സിനഡുസമ്മേളനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാനും പിന്‍തുണ പ്രഖ്യാപിക്കാനും “ പ്രത്യാശയുടെ എഴുപതിനായിരം യുവസഞ്ചാരികള്‍” റോമിലെത്തും. പാപ്പാ ഫ്രാന്‍സിസിനുമായി നേര്‍ക്കാഴ്ച നടത്താനും സംവദിക്കാനും പ്രാ‍ര്‍ത്ഥിക്കാനും സമൂഹബലിയര്‍പ്പിക്കാനും....

- ഫാദര്‍ വില്യം നെല്ലിക്കല്‍

രൂപതകളില്‍നിന്നുമുള്ള ആത്മീയപദയാത്ര
യൂറോപ്പിലെ വേനല്‍ ചൂടിനെ വെല്ലുവിളിച്ചാണ് ഇറ്റലിയില്‍ ആകെയുള്ള 226 രൂപതകളിലെ 195-രൂപതകളി‍ല്‍നിന്നുമായി 70,000 യുവജനങ്ങള്‍ കാല്‍നടയായി ആഗസ്റ്റ് 8-ന്‍റെ പ്രഭാതത്തില്‍ റോമിലേയ്ക്ക് യാത്രപുറപ്പെട്ടിരിക്കുന്നത്. രൂപതാതലത്തില്‍ വരുന്ന ഈ യുവജനങ്ങളെ കൂടാതെ ഇറ്റലിയിലെ ദേശീയ കരിസ്മാറ്റിക്ക് നവീകരണ പ്രസ്ഥാനത്തിലെ (Renewal in the Spirit) യുവജനങ്ങളും ഈ സമ്മേളനത്തില്‍ സംഗമിക്കുമ്പോള്‍ അവര്‍ രണ്ടു ലക്ഷത്തില്‍ അധികമാകുമെന്ന് ദേശീയ മെത്രാന്‍ സമിതിക്കുവേണ്ടി പെറൂജിയയുടെ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ഗ്വാള്‍ത്തിയെരോ ബസേത്തി ആഗസ്റ്റ് 7-ന് ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

യുവജനങ്ങള്‍ക്കായുള്ള സിനഡിന് പിന്‍തുണ
ആഗസ്റ്റ് 8-ന്‍റെ പ്രഭാതത്തില്‍ യാത്ര ആരംഭിച്ച “പ്രത്യാശയുടെ യുവസഞ്ചാരികള്‍”  ആഗസ്റ്റ് 11 ശനിയാഴ്ച വൈകുന്നരം റോമിലെ “ചിര്‍ക്കോ മാക്സിമോ” സ്റ്റേഡിയത്തില്‍ (Circo Maximo) സംഗമിക്കും. 16-നും 30-നും ഇടയ്ക്ക് വയസ്സ് പ്രായമുള്ള യുവതീയുവാക്കളാണ് പദയാത്രയായി റോമിലെത്തുന്നത്. “യുവജനങ്ങളുടെ വിശ്വാസവും ജീവിത തിരഞ്ഞെടുപ്പുകളും…” എന്ന വിഷയവുമായി 2018 ഒക്ടോബര്‍ 3-മുതല്‍ 28-വരെ തിയതികളില്‍ വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യുവജനങ്ങളെ കേന്ദ്രീകരിച്ചുള്ള മെത്രാന്മാരുടെ  15-Ɔമത് സാധാരണ സിനഡു സമ്മേളനത്തിന് പിന്‍തുണ പ്രഖ്യാപിച്ചുകൊണ്ടാണ് യുവജനങ്ങള്‍ പ്രത്യാശയുടെ പദയാത്രയ്ക്ക് ഇറങ്ങിയിരിക്കുന്നത്.

"ചീര്‍ക്കോ മാക്സിമോ"  സ്റ്റേഡിയത്തില്‍  ജാഗരാനുഷ്ഠാനം
ഇന്നിന്‍റെ സംഘര്‍ഷപൂര്‍ണ്ണമായ അനുദിന ജീവിത സാഹചര്യങ്ങളില്‍‍ പ്രത്യാശ തേടുന്ന ഈ യുവസഞ്ചാരികള്‍ പാപ്പാ ഫ്രാന്‍സിസിനോടൊപ്പം ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4.30-ന് റോമിലെ ചീര്‍ക്കോ മാക്സിമോ സ്റ്റേഡിയത്തില്‍ നടത്തപ്പെടുന്ന ജാഗരപ്രാര്‍ത്ഥനയില്‍ പങ്കെടുക്കും. യുവജനങ്ങളുമായി സംവദിക്കുന്ന പാപ്പാ, അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി രാത്രി 8.30-ന് അവരെ അഭിസംബോധനചെയ്യും.

വത്തിക്കാനിലെ ദിവ്യബലി
വിവിധ പരിപാടികളിലൂടെ ജാഗരം പൂര്‍ത്തിയാക്കുന്ന യുവജനങ്ങള്‍ ഞായറാഴ്ച,  ആഗസ്റ്റ് 12-Ɔο തിയതി പ്രാദേശിക സമയം  രാവിലെ 9.30-ന് വത്തിക്കാനില്‍‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍  ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും പെറൂജിയയുടെ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ഗ്വാള്‍ത്തിയേരോ ബസേത്തിയുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള സമൂഹബലിയര്‍പ്പണത്തില്‍ പങ്കെടുക്കും.   ദിവ്യബലിയുടെ അന്ത്യത്തില്‍  യുവജനങ്ങളുടെ മദ്ധ്യത്തിലെത്തന്ന പാപ്പാ ഫ്രാന്‍സിസ് അവര്‍ക്ക് സന്ദേശം നല്കുകയും അവര്‍ക്കൊപ്പം ത്രികാലപ്രാര്‍ത്ഥനചൊല്ലുകയകും ചെയ്യും.  തുടര്‍ന്ന്  അവരുടെമദ്ധ്യേ ചത്വരത്തില്‍  തുറന്ന വാഹനത്തില്‍  സഞ്ചരിച്ച് യുവജനങ്ങളെ അഭിവാദ്യംചെയ്യുന്നതോടെയാണ് പ്രത്യാശയുടെ യുവജനസംഗമത്തിന് തിരശ്ശീല വീഴുന്നത്.

 കര്‍ദ്ദിനാള്‍ ഗ്വാള്‍ത്തിയേറോ ബസ്സേത്തിയും, ഇറ്റലിയുടെ ദേശീയ മെത്രാന്‍ സമിതിയുടെ യുവജന കമ്മിഷന്‍ സെക്രട്ടറി, ഫാദര്‍ മിഖായേല്‍ ഫലബ്രേത്തിയും ചേര്‍ന്ന് റോമില്‍ ആഗസ്റ്റ് 8-ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ദേശീയ മെത്രാന്‍ സമിതിയും കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനവും ചേര്‍ന്നു സംഘടിപ്പിക്കുന്ന സംയുക്ത ദേശീയ യുവജന സമ്മേളനത്തിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 August 2018, 19:46