തിരയുക

കുടിയേറ്റക്കാരുമായി ഗ്രീസിനു സമീപത്തുകൂടി നീങ്ങുന്ന ബോട്ട് കുടിയേറ്റക്കാരുമായി ഗ്രീസിനു സമീപത്തുകൂടി നീങ്ങുന്ന ബോട്ട്  (ANSA)

ഗ്രീസിലെ ബോട്ടപകടം യൂറോപ്പ് ഒഴിവാക്കേണ്ടിയിരുന്ന ഒരു കൂട്ടക്കൊല: അസ്ഥാലി കേന്ദ്രം

ലിബിയയിൽനിന്ന് ഇറ്റലിയിലേക്ക് കുടിയേറ്റക്കാരുമായി യാത്ര ചെയ്ത മത്സ്യബന്ധനബോട്ട് മുങ്ങി നിരവധി ആളുകൾ മരിച്ച സംഭവത്തിനെതിരെ ഇറ്റലിയിലെ അസ്ഥാലി പ്രസ്ഥാനം അപലപിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

700-ലധികം കുടിയേറ്റക്കാരുമായി ലിബിയയിൽനിന്ന് ഇറ്റലിയിലേക്ക് യാത്ര തിരിച്ച മത്സ്യബന്ധന ബോട്ട് കഴിഞ്ഞ ദിവസം ഗ്രീസിന്റെ തീരത്ത് മുങ്ങി നിരവധി ആളുകൾ മരണമടഞ്ഞതും പലരെയും കാണാതാവുകയും ചെയ്ത സംഭവം യൂറോപ്പ് ഒഴിവാക്കേണ്ടിയിരുന്ന ഒരു കൂട്ടക്കൊലയാണെന്ന് കുടിയേറ്റക്കാർക്കായി പ്രവർത്തിക്കുന്ന ഇറ്റലിയിലെ അസ്ഥാലി സംഘടന. അപകടം സംബന്ധിച്ച വിവരം അറിഞ്ഞിട്ടും ഗ്രീസ് ഇതിൽ ഇടപെടുകയോ ആളുകളെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാൻ ശ്രമിക്കുകയോ ചെയ്തില്ലെന്ന് ജൂൺ 15-ന് പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ അസ്ഥാലി പ്രസ്ഥാനം അപലപിച്ചു.

ഈ അപകടത്തിൽ മരണമടഞ്ഞവരുടെ എണ്ണം ഇപ്പോഴും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഇരകളായവർക്ക് അഗാധമായ അനുശോചനവും ദുഃഖവും അറിയിച്ച സംഘടന, ഈ കൂട്ടക്കൊല യൂറോപ്പിന് ഒഴിവാക്കാമായിരുന്നതാണെന്നും ഒഴിവാക്കണമായിരുന്നെന്നും വ്യക്തമാക്കി.

കുടിയേറ്റത്തിനും അഭയാർത്ഥികളുടെ കാര്യങ്ങൾക്കുമായുള്ള പുതിയ യൂറോപ്യൻ ഉടമ്പടി നടന്ന് കുറച്ചുദിവസങ്ങൾക്കുള്ളിൽ ഇതുപോലെ ഒരു അപകടം ഉണ്ടായത്, ഇതുപോലെയുള്ള ഉടമ്പടികൾക്ക് പിന്നിലെ വാഗ്ദാനങ്ങളുടെ പൊള്ളത്തരവും, കപടതയുമാണ് വെളിവാക്കുന്നതെന്ന് അസ്ഥാലി പ്രസ്ഥാനത്തിന്റെ വാർത്താവിനിമയ കാര്യങ്ങൾക്കായുള്ള ഉത്തരവാദിത്വം നിർവ്വഹിക്കുന്ന ഡോണത്തെല്ലാ പാരീസി ജൂൺ 15-ന് പുറത്തുവിട്ട പത്രപ്രസ്താവന വ്യക്തമാക്കി.

യൂറോപ്യൻ തീരങ്ങളിൽ മനുഷ്യർ മരിക്കുന്നത് ഇപ്പോഴും തുടരുന്നതിന് കാരണം, ആളുകളെ രക്ഷിക്കുന്നതിന് പകരം, അതിർത്തികൾ അടച്ചിടുന്നതിനാലും, ജനാധിപത്യ, സ്വാതന്ത്ര്യ വിരോധികളായ രാജ്യങ്ങളുമായി കരാറുകൾ ഉണ്ടാക്കുന്നതുകൊണ്ടുമാണ്. മനുഷ്യക്കടത്ത് ചെറുക്കുന്നതിനുള്ള നല്ല മാർഗ്ഗമായി, യൂറോപ്പിൽ സംരക്ഷണം തേടുന്നവർക്ക് നിയമപരവും സുരക്ഷിതവുമായ പ്രവേശനമാർഗ്ഗങ്ങൾ സ്ഥാപിക്കുന്നതിൽ യൂറോപ്യൻ രാജ്യങ്ങൾ ഇച്ഛാശക്തി കാണിക്കാത്തതും സംഘടന എടുത്തുപറഞ്ഞു.

അനീതി നിറഞ്ഞ ഒരു ലോകത്ത്, യൂറോപ്പിൽ അഭയം തേടാനെത്തുന്നവർക്കുനേരെ യൂറോപ്പ് തങ്ങളുടെ അതിർത്തികൾ അടച്ചിടുകയാണെന്ന് അസ്ഥാലി സംഘടനയുടെ പ്രസിഡന്റ് ഫാ. കാമില്ലോ റീപമോന്തി അപലപിച്ചു.

എഴുന്നൂറിലധികം ആളുകളുണ്ടായിരുന്ന ബോട്ട് മറിഞ്ഞുണ്ടായ ഈ അപകടത്തിൽ നിലവിലെ കണക്കുകൾ പ്രകാരം എൺപതോളം ആളുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്.

അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കും സഹായമെത്തിക്കുന്നതിനായി 2000-ൽ റോമിൽ സ്ഥാപിക്കപ്പെട്ട ഒരു ഈശോസഭാ പ്രസ്ഥാനമാണ് അസ്ഥാലി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 June 2023, 16:17