തിരയുക

മാർ റാഫേൽ തട്ടിൽ പിതാവിനെ പൗരസ്ത്യസഭകൾക്കായുള്ള റോമൻ ഡികാസ്റ്ററി അധ്യക്ഷൻ കർദ്ദിനാൾ ക്ലൗദിയോ ഗുജെറോത്തി വിമാനത്താവളത്തിലെത്തി സ്വീകരിച്ചപ്പോൾ മാർ റാഫേൽ തട്ടിൽ പിതാവിനെ പൗരസ്ത്യസഭകൾക്കായുള്ള റോമൻ ഡികാസ്റ്ററി അധ്യക്ഷൻ കർദ്ദിനാൾ ക്ലൗദിയോ ഗുജെറോത്തി വിമാനത്താവളത്തിലെത്തി സ്വീകരിച്ചപ്പോൾ 

സീറോമലബാർ ശ്രേഷ്ഠമെത്രാപ്പോലീത്ത മാർ റാഫേൽ തട്ടിൽ പിതാവ് റോമിലെത്തി

സീറോമലബാർ ആർച്ചെപ്പിസ്കോപ്പൽ സഭയുടെ ശ്രേഷ്ഠമെത്രാപ്പോലീത്ത മാർ റാഫേൽ തട്ടിൽ പിതാവ്, ഫ്രാൻസിസ് പാപ്പയുമായുള്ള ഔദ്യോഗികസന്ദർശനത്തിനായി മെയ് 7 ചൊവ്വാഴ്ച റോമിലെത്തി. ഫ്രാൻസിസ് പാപ്പായുടെ നാമത്തിൽ, പൗരസ്ത്യസഭകൾക്കായുള്ള റോമൻ ഡികാസ്റ്ററി അധ്യക്ഷൻ കർദ്ദിനാൾ ക്ലൗദിയോ ഗുജെറോത്തി, റോം ഫ്യുമിച്ചീനോയിലുള്ള വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് റോമിലെത്തി. മേജർ ആർച്ച്ബിഷപായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് മാർ തട്ടിൽ പിതാവ് റോമിലെത്തുന്നത്. മെയ് 7 ചൊവ്വാഴ്ച റോം ഫ്യുമിച്ചീനോയിലുള്ള ലെയൊനാർദോ ദാവിഞ്ചി അന്താരാഷ്ട്രവിമാനത്താവളത്തിലെത്തിയ സീറോമലബാർ സഭാ മേലധ്യക്ഷനെ പൗരസ്ത്യസഭകൾക്കായുള്ള റോമൻ ഡികാസ്റ്ററി അധ്യക്ഷൻ കർദ്ദിനാൾ ക്ലൗദിയോ ഗുജെറോത്തി, ഫ്രാൻസിസ് പാപ്പായുടെ പേരിൽ സ്വീകരിച്ചു. ഫ്രാൻസിസ് പിതാവുമായുള്ള ഔദ്യോഗിക സന്ദർശനത്തിനായാണ് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ റോമിലെത്തിയിരിക്കുന്നത്.

യൂറോപ്പിലേക്കുള്ള സീറോമലബാർ സഭയുടെ അപ്പസ്തോലിക വിസിറ്റേറ്ററും, സഭയുടെ റോം പ്രൊക്യൂറേറ്ററുമായ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, പൗരസ്ത്യസഭകൾക്കായുള്ള ഡികാസ്റ്ററിയിൽ സീറോമലബാർ സഭയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായുള്ള റവ. ഫാ. കിം ഡിസൂസ, സാന്താ അനസ്ത്യാസ്യാ റെക്ടർ റവ. ഫാ. ബാബു പണാട്ടുപറമ്പിൽ, യൂറോപ്യൻ മിഷൻ കോഓർഡിനേറ്റർ റവ. ഫാ. ക്ലെമന്റ് സിറിയക് എന്നിവരും വിമാനത്താവളത്തിലെത്തിയിരുന്നു.

മെയ് 13 തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ ഫ്രാൻസിസ് പാപ്പാ മാർ തട്ടിലിനെ വത്തിക്കാനിൽ സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മാർ തട്ടിലിന്റെ ഔദ്യോഗികസന്ദർശനവുമായി ബന്ധപ്പെട്ട് സീറോ മലബാർ സിനഡിൽനിന്നുള്ള മാർ മാത്യു മൂലക്കാട്ട്, മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പെരുന്തോട്ടം, മാർ ജോസഫ് പ്ലാമ്പാനി എന്നീ മെത്രാപ്പോലീത്താമാരും കൂരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലും റോമിൽ എത്തിച്ചേരും.

സീറോ മലബാർ സഭാധ്യക്ഷൻ എന്ന നിലയിൽ പരിശുദ്ധ സിംഹാസനവും പിതാവുമായുള്ള ഐക്യം ഏറ്റുപറയുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം. പൗരസ്ത്യ പാത്രിയാർക്കൽ, മേജർ ആർച്ചെപ്പിസ്കോപ്പൽ സഭകളുടെ തലവന്മാരായി തിരഞ്ഞെടുക്കപ്പെടുന്നവർ പരിശുദ്ധ പിതാവിനോടുള്ള ഐക്യവും വിധേയത്വവും ഏറ്റുപറയുന്നതിനായി റോമിലെത്തുന്നത് പതിവാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 May 2024, 19:18