തിരയുക

ഖാർക്കിവിൽ നടന്ന ഒരു ആക്രമണത്തിന് ശേഷമുള്ള ചിത്രം ഖാർക്കിവിൽ നടന്ന ഒരു ആക്രമണത്തിന് ശേഷമുള്ള ചിത്രം  (ANSA)

ഉക്രൈനിൽ കഴിഞ്ഞ ദിവസമുണ്ടായ വ്യോമാക്രമണത്തിൽ മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു: യുണിസെഫ്

റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ ഇരകളായി മൂന്ന് കുട്ടികൾ കൂടി. മദ്ധ്യ ഖാർകിവിലാണ് വ്യോമാക്രമണത്തിൽ കുട്ടികൾക്ക് പരിക്കേറ്റത്. നിക്കോപോളിലും സുമിയിലും നടന്ന മറ്റ് ആക്രമണങ്ങളിൽ കൂടുതൽ കുട്ടികൾക്ക് പരിക്കേറ്റതായി ശിശുക്ഷേമനിധി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മദ്ധ്യ ഖാർകിവിലുണ്ടായ ഒരു വ്യോമാക്രമണത്തിൽ മൂന്ന് കുട്ടികൾക്ക് പരിക്കേറ്റതായി യൂണിസെഫ് അറിയിച്ചു. ഉക്രൈൻ നഗരങ്ങളായ നിക്കോപോൾ, സുമി എന്നിവിടങ്ങളിൽ നടന്ന വ്യത്യസ്ത ആക്രമണങ്ങളിൽ കൂടുതൽ കുട്ടികൾക്ക് പരിക്കേറ്റതായും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി സാമൂഹ്യമാധ്യമമായ എക്‌സിൽ മെയ് പതിനഞ്ചാം തീയതി കുറിച്ചു.

നിരവധി മാസങ്ങളായി അവസാനമില്ലാതെ തുടരുന്ന റഷ്യ-ഉക്രൈൻ യുദ്ധത്തിൽ രണ്ടായിരത്തിയിരുപത്തിരണ്ട്‍ മുതലുള്ള കാലയളവിൽ ഏതാണ്ട് രണ്ടായിരത്തോളം കുട്ടികൾ ആക്രമണങ്ങൾക്ക് ഇരകളായതായും യൂണിസെഫ് വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ചയിലും ഖാർകിവ് ഉൾപ്പെടെ നിരവധി ഉക്രൈൻ നഗരങ്ങളിൽ റഷ്യൻ അക്രമണമുണ്ടായതായും, പത്തോളം കുട്ടികൾക്ക് പരിക്കേറ്റതായും യൂണിസെഫ് പത്രപ്രസ്താവനകളിലൂടെയും, സാമൂഹ്യമാധ്യമങ്ങളിലൂടെയും അറിയിച്ചിരുന്നു. സാധാരണ ജനമാണ് കിരാതമായ ഈ യുദ്ധത്തിന്റെ വില നല്കേണ്ടിവരുന്നതെന്ന് ശിശുക്ഷേമനിധി അനുസ്‌മരിച്ചു.

കഴിഞ്ഞയാഴ്ച ഉക്രൈനിലെ വിവിധ നഗരങ്ങളിലുണ്ടായ അക്രമങ്ങളിൽ നിരവധി സ്കൂളുകളും ആരോഗ്യകേന്ദ്രങ്ങളും തകർന്നിരുന്നു.

മുൻപുണ്ടായ ആക്രമണങ്ങളിലെന്നപോലെ, ഇപ്പോഴും തുടർച്ചയായി കുട്ടികൾ ആക്രമണങ്ങൾക്ക് ഇരകളായി മാറുകയാണെന്ന്  യൂണിസെഫ് ഓർമ്മിപ്പിച്ചു. ഇത് തികച്ചും അപലപനീയമാണെന്നും സംഘടന കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 May 2024, 16:03