തിരയുക

കായീക വിനോദവും ആത്മീയതയും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനം. കായീക വിനോദവും ആത്മീയതയും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനം. 

പാപ്പാ : മത്സരങ്ങളിലെ സത്യസന്ധതയും ആത്മീയതയും തമ്മിൽ അഗാധമായ ബന്ധമുണ്ട്

കായീക വിനോദവും ആത്മീയതയും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിനെത്തിയവർക്ക് പാപ്പാ സന്ദേശം അയച്ചു. കായിക വിനോദത്തിൽ വേണ്ട അജപാലന ദൗത്യത്തിന്റെയും മത്സരത്തിന്റെ സത്യമായ മൂല്യങ്ങളെക്കുറിച്ചുള്ള വിദ്യാഭ്യാസത്തിന്റെയും ആവശ്യകതയെ അടിവരയിട്ടു കൊണ്ടാണ് പാപ്പാ സന്ദേശം നൽകിയത്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“കായിക വിനോദത്തിൽ ജീവിത പോരാട്ടം” എന്ന ശീർഷകത്തിലാണ് വിദ്യാഭ്യാസത്തിനും സംസ്കാരത്തിനുമായുള്ള ഡിക്കാസ്റ്ററിയും പരിശുദ്ധ സിംഹാസനത്തിലെ ഫ്രഞ്ച് എംബസ്സിയും ചേർന്ന് ഈ അന്തർദേശീയ സമ്മേളനം സംഘടിപ്പിച്ചത്. ഒന്നിലധികം തവണ വി. പൗലോസ് അപ്പോസ്തോല൯  ആത്മീയ ജീവിതത്തെ  ക്രിസ്തുവാകുന്ന ദാനത്തിനു വേണ്ടിയുള്ള മൽസരവുമായി, പ്രത്യേകിച്ച് ഓട്ടമത്സരവുമായി ബന്ധപ്പെടുത്തിയിട്ടുള്ളത്‌ ഓർമ്മിപ്പിച്ചു കൊണ്ടാണ് പാപ്പാ ആരംഭിച്ചത്. (1കോറി 9, 24, 2 തിമോ4,7-8). കായിക താരങ്ങളുടെ അച്ചടക്കവും സമചിത്തതയും ആരോഗ്യകരമായ മാത്സര്യവും ക്രിസ്തീയ ജീവിതത്തിന്റെ ഉദാഹരണങ്ങളായാണ് അപ്പോസ്തോല൯ കാണിക്കുന്നത്.  ഇന്നും ദൈവത്തെ പ്രീതിപ്പെടുത്താനും അവന്റെ കൂട്ടുകാരാകാനും ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമാണ് ഈ ഉപമ എന്ന് പാപ്പാ പറഞ്ഞു.

കൂടിക്കാഴ്ചയും, ഒരുമിച്ചു ചേരലും, സമൂഹ രൂപീകരണവും, ചിട്ടയും വഴി ജീവിതത്തെ ഊർജ്ജസ്വലമാക്കുകയും യുവതലമുറയുടെ സ്വപ്നങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ് കായിക വിനോദമെന്ന്  പാപ്പാ ചൂണ്ടിക്കാണിച്ചു. അതിനാൽ,  അവിടെ മത്സരത്തിന്റെ ശരിയായ മൂല്യങ്ങൾ പഠിപ്പിക്കുവാനുള്ള  അജപാലനത്തിന്റെ ആവശ്യകത പാപ്പാ അടിവരയിട്ടു.  സ്വാർത്ഥതയും വെറും ഭൗതീകം മാത്രമായ താൽപ്പര്യങ്ങളും ശുദ്ധീകരിക്കപ്പെടണം. അതിനാലാണ് സഭ കായിക വിനോദത്തിന്റെ അനുഭവങ്ങളെക്കുറിച്ച് ചിന്തിക്കുകയും സുവിശേഷ പ്രഘോഷണ പ്രവർത്തനങ്ങളിൽ അത് വേണ്ടത്ര പ്രയോജനച്ചെത്തുകയും ചെയ്യേണ്ട കാര്യം പ്രധാന്യമർഹിക്കുന്നതെന്ന് പാപ്പാ അവരോടു പറഞ്ഞു.

2000 ലെ ജൂബിലിയിൽ ജോൺ പോൾ രണ്ടാമൻ നടത്തിയ  വചനപ്രഘോഷണം ഉദ്ധരിച്ചു കൊണ്ട്  കായിക വിനോദ മേഖലയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവരും യേശുവിനെ ദൈവത്തിന്റെ യഥാർത്ഥ കായിക താരമായി അവതരിപ്പിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു. പാപ്പാമാരുടെ വിചിന്തനങ്ങളിൽ കായിക വിനോദത്തെക്കുറിച്ചുള്ള സഭയുടെ കാഴ്ചപ്പാടുകൾ പ്രതിധ്വനിക്കുന്നുണ്ട്. കായിക വിനോദത്തെ  മാനുഷികതലത്തിൽ കൊണ്ടുവന്ന് അതിലെ  മനുഷ്യത്വരഹിതമായ പ്രവൃത്തികൾക്കും, അഴിമതിക്കും  എതിരെ ശ്രദ്ധാലുക്കളാകാനും വ്യക്തികൾ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കും ജനതകൾ തമ്മിലുള്ള സാഹോദര്യം വളർത്താനും അത് വിനിയോഗിക്കുവാനാണ് സഭ ആവശ്യപ്പെടുന്നത് എന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ഈ ഒരു സാഹചര്യത്തിൽ കായിക വിനോദവും ആത്മീയതയും സംബന്ധിച്ച ഈ സമ്മേളനം  കായിക വിനോദത്തിനപ്പുറമുള്ള ഒരു വിനോദത്തെക്കുറിച്ച് ചിന്തിക്കാൻ ആവശ്യപ്പെടുന്നതാണെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. കായിക വിനോദത്തിലെ ധാർമ്മിക, സാംസ്കാരിക, രാഷ്ടീയ, ആത്മീയ മൂല്യങ്ങൾ ആഴത്തിലാക്കാൻ ഈ സമ്മേളനം വഴി കാട്ടുന്നു. കായിക രംഗത്തെ എല്ലാത്തലങ്ങളിലും അതിന്റെ സത്യസന്ധതയുടെ വാസനാസിദ്ധി കുറഞ്ഞു പോകാതെ കാക്കാൻ പരിശ്രമിക്കുന്നതും കായിക രംഗത്തെ രൂപപ്പെടുത്തുന്നതിൽ ഉൾപ്പെട്ടിട്ടുള്ള സകലരുടെയും ആത്മീയതയുടെ നിലവാരവും തമ്മിലുള്ള ബന്ധവും ഫ്രാൻസിസ് പാപ്പാ വരച്ചുകാട്ടി. ആരോഗ്യപരമായ കായികരംഗം തീർക്കാനും രൂപീകരണം നൽകാനും എല്ലാത്തരം തെറ്റായ രീതികളും ദുരുപയോഗങ്ങളും തടയാൻ അവരുടെ മനസ്സാക്ഷി മാനുഷിക മൂല്യങ്ങളിൽ അധിഷ്ടിതമായി രൂപപ്പെടേണ്ടത് നിർണ്ണായകമാണെന്നും പാപ്പാ ചൂണ്ടിക്കാനിച്ചു. അവരുടെ പ്രതിബദ്ധതയ്ക്ക് നന്ദി പറഞ്ഞ് അവരെ ആശീർവ്വദിച്ചു കൊണ്ട് പാപ്പാ സന്ദേശം ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 May 2024, 10:51