തിരയുക

നിയുക്ത സഹായമെത്രാൻ ആൻറണി വാലുങ്കൽ,വരാപ്പുഴ അതിരൂപതയുടെ പുതിയ സഹായമെത്രാൻ നിയുക്ത സഹായമെത്രാൻ ആൻറണി വാലുങ്കൽ,വരാപ്പുഴ അതിരൂപതയുടെ പുതിയ സഹായമെത്രാൻ 

വരാപ്പുഴ അതിരൂപതയ്ക്ക് പുതിയ സഹായമെത്രാൻ!

ഭാരതസഭയിൽ പുതിയ രണ്ടു മെത്രാന്മാർ: വരാപ്പുഴ അതിരുപതയുടെ പുതിയ സഹായമെത്രാനായി ആൻറണി വാലുങ്കലിനെയും ഉത്തർപ്രദേശിലെ ജാൻസി രൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാനായി വൈദികൻ വിൽഫ്രെഡ് ഗ്രിഗറി മൊറാസിനെയും പാപ്പാ നാമനിർദ്ദേശം ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വൈദികൻ ആൻറണി വാലുങ്കലിനെ വരാപ്പുഴ അതിരൂപതയുടെ പുതിയ സഹായമെത്രാനായി മാർപ്പാപ്പാ നാമനിർദ്ദേശം ചെയ്തു.

ശനിയാഴ്ചയാണ് (11/05/24) ഫ്രാൻസീസ് പാപ്പാ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. അന്നു തന്നെ പാപ്പാ ഉത്തർപ്രദേശിലെ ജാൻസി രൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാനായി വൈദികൻ വിൽഫ്രെഡ് ഗ്രിഗറി മൊറാസിനെ നിയമിച്ചു.

വരാപ്പുഴ അതിരൂപതയുടെ നിയുക്ത സഹായമെത്രാൻ ആൻറണി വാലുങ്കൽ വല്ലാർപാടം തീർത്ഥാടനകേന്ദ്രത്തിൻറെ റെക്ടറും വികാരിയുമായി സേവനം ചെയ്തുവരികയായിരുന്നു. മെത്രാഭിഷേകം വല്ലാർപാടം ബസിലിക്കാങ്കണത്തിൽ വച്ച് ജൂൺ 30-ന് നടത്തപ്പെടും.

1969 ജൂലൈ 26-ന് ഏരൂരിൽ ജനിച്ച അദ്ദേഹം 1994 ഏപ്രിൽ 11-ന് പൗരോഹിത്യം സ്വീകരിച്ചു. ബാംഗ്ലൂരിലെ സെൻറ് പീറ്റേഴ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ആദ്ധ്യാത്മിക ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഇടവക സഹവികാരി, വികാരി, വരാപ്പുഴ അതിരൂപതയുടെ മൈനർ സെമിനാരിയുടെ റെക്ടർ, കാർമ്മൽഗിരി സെൻറ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ ആദ്ധ്യാത്മിക നിയന്താവ് എന്നീ നിലകളിലും നിയുക്ത സഹായമെത്രാൻ ആൻറണി വാലുങ്കൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.

ജാൻസി രൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാനായി നിയമിതനായിരിക്കുന്ന വൈദികൻ വിൽഫ്രെഡ് ഗ്രിഗറി മൊറാസ് മാംഗ്ലൂരിലെ നീരുടെയിൽ 1969 ഫെബ്രുവരി 13-ന് ജനിച്ചു. ലക്നോ രൂപതയ്ക്കുവേണ്ടി 1997 ഏപ്രിൽ 27-ന് ഗുരുപ്പട്ടം സ്വീകരിച്ചു. റോമിലെ ഉർബനിയാന പൊന്തിഫിക്കൽ സെമിനാരിയിൽ നിന്ന് മിസ്സിയോളജിയിൽ അഥവാ പ്രേഷിത വിജ്ഞാനീയത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള അദ്ദേഹം മൈനൽ സെമിനാരിയിൽ വൈദിക പരിശീലകൻ, മെത്രാൻറെ കാര്യദർശി, വിദ്യാലയ മേധാവി, പ്രാദേശിക അജപാലന കേന്ദ്ര മേധാവി, സെമിനാരി റെക്ടർ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. അല്ലഹബാദ് രൂപതയിലെ സെൻറ് ജോസഫ് സെമിനാരിയുടെ റെക്ടറായി സേവനമനുഷ്ഠിച്ചുവരവെയാണ് പുതിയ നിയമനം. 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 May 2024, 15:04