സിനഡൽ സഭാ ആശയത്തിൽ കായികരംഗവും
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
വത്തിക്കാനിലെ വിദ്യാഭ്യാസം മറ്റും സാംസ്കാരിക ഉന്നമനത്തിനായുള്ള ഡിക്കസ്റ്ററിയും, ഫ്രഞ്ച് എംബസിയും ചേർന്ന് മെയ് മാസം 16 മുതൽ 18 വരെയുള്ള തീയതികളിൽ വത്തിക്കാനിൽ വച്ചു 'അന്താരാഷ്ട്ര കായിക, ആത്മീയ സമ്മേളനം' നടത്തും. സാഹോദര്യവും സഹിഷ്ണുതയും തുല്യതയും ഉള്ള ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനു കായികരംഗത്തിനുള്ള പ്രസക്തിയും, അതിൽ ദൈവീകതയ്ക്കുള്ള പങ്കും എടുത്തു കാണിക്കുന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
റോമിലെ സാൻ ലൂയിജി ദെയ് ഫ്രഞ്ചെസി ശാലയിലും, ചിർക്കോ മാസിമോയിൽ വച്ചുമാണ് സമ്മേളനത്തിന്റെ വിവിധ രംഗങ്ങൾ നടക്കുന്നതെന്ന് ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ഹോസെ തോളേന്തീനോ ദേ മെന്തോസ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിശുദ്ധി കാംക്ഷിക്കാനുള്ള ആഹ്വാനമാണ് കായികത്തോടുള്ള പ്രതിബദ്ധതയെന്ന ഫ്രാൻസിസ് പാപ്പായുടെ നിർവചനവും കർദിനാൾ അടിവരയിട്ടു.
എന്നാൽ ഈ രംഗത്തെ നിയന്ത്രിക്കാനോ, ഒരു ബദൽ കായികം സൃഷ്ടിക്കാനോ സഭ ആഗ്രഹിക്കുന്നില്ലഎന്നും , മറിച്ച് കായികരംഗത്തെ ഒരു ക്രിസ്തീയ കാഴ്ചപ്പാടിലൂടെ കൂടുതൽ മാനുഷികമാക്കുക എന്നതാണ് സിനഡൽ സഭയിൽ കായികം ഉൾപ്പെടുത്തുവാനുള്ള ആശയത്തിന് പിന്നിലെന്നും കർദിനാൾ എടുത്തു പറഞ്ഞു.
ഫ്രഞ്ച് അംബാസഡർ ഫ്ലോറൻസ് മാംഗിനും വാർത്താസമ്മേളനത്തിൽ പങ്കാളിയായി. നിലവിലെ യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ, സാർവത്രിക അടിസ്ഥാന ധാർമ്മിക തത്ത്വങ്ങളോടുള്ള ബഹുമാനം ഊട്ടിയുറപ്പിച്ചുകൊണ്ട് സമാധാനത്തിൻ്റെ സന്ദേശം കൈമാറുവാനുള്ള ഒരു അവസരമാണ് ഈ സമ്മേളനമെന്നു ഫ്ലോറൻസ് ചൂണ്ടിക്കാട്ടി.
അതിരുകളില്ലാത്ത ഒരു കായികരംഗത്തിൻെറ ആശയം സമൂഹത്തിൽ പകർന്നു നൽകുവാൻ ജന്മനാ വികലാംഗനായ, പാരാ ഒളിമ്പിക്ക് താരം, ആർതുറോ മരിയാനിയും വാർത്താസമ്മേളനത്തിൽ പങ്കെടുക്കുകയും, തന്റെ സാക്ഷ്യം വിവരിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: