തിരയുക

ക്രിസ്തീയ സ്നേഹം, സ്നേഹയോഗ്യമല്ലാത്തതിനെയും ആശ്ലേഷിക്കുന്നു, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണം: ദൈവികപുണ്യം - ഉപവി.
ഫ്രാൻസീസ് പാപ്പായുടെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണം

ജോയി കരിവേലി, വത്തിക്കാൻ സിറ്റി    

ഫ്രാൻസീസ് പാപ്പാ, പതിവുപോലെ ഈ ബുധനാഴ്ച (15/05/24)  വത്തിക്കാനിൽ, പൊതുദർശനം അനുവദിച്ചു. പ്രതിവാര പൊതുകൂടിക്കാഴചാവേദി വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരമായിരുന്നു. ഭാരതീയരുൾപ്പടെ വിവിധ രാജ്യക്കാരായിരുന്ന ആയിരക്കണക്കിന് തീർത്ഥാടകരും സന്ദർശകരും ബസിലിക്കാങ്കണത്തിൽ ഈ പൊതുദർശന പരിപാടിയിൽ പങ്കെടുക്കുന്നതിനെത്തിയിരുന്നു. എല്ലാവർക്കും തന്നെ കാണത്തക്കരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ ചത്വരത്തിൽ എത്തിയ പാപ്പായെ കണ്ടമാത്രയിൽ ജനസഞ്ചയത്തിൻറെ ആനന്ദം അണപൊട്ടിയൊഴുകി, കരഘോഷങ്ങളും ആനന്ദാരവങ്ങളും അവിടെ അലതല്ലി. തന്നോടൊപ്പം, ഏതാനും ബാലികാബാലന്മാരെ വാഹനത്തിൽ കയറ്റി ജനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് അവർക്കിടയിലൂടെ നീങ്ങിയ പാപ്പാ, പ്രസംഗ വേദിയിലേക്കു നയിക്കുന്ന പടവുകൾക്കടുത്തു വച്ച് കുട്ടികളെ വണ്ടിയിൽ നിന്നിറക്കി. തുടർന്ന് വാഹനം പടവുകൾ കയറി വേദിക്കരികിലെത്തിയപ്പോൾ പാപ്പാ അതിൽ നിന്നിറങ്ങുകയും റോമിലെ സമയം രാവിലെ 9.00 മണികഴിഞ്ഞപ്പോൾ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30-നു ശേഷം, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

"സ്നേഹം ദീർഘക്ഷമയും ദയയുമുള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല. ആത്മപ്രശംസചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല. സ്നേഹം അനുചിതമായി പെരുമാറുന്നില്ല, സ്വാർത്ഥം അന്വഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലർത്തുന്നില്ല. അത് അനീതിയിൽ സന്തോഷിക്കുന്നില്ല, സത്യത്തിൽ ആഹ്ലാദം കൊള്ളുന്നു. സ്നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു.” പൗലോസപ്പോസ്തലൻ കോറിന്തോസുക്കാർക്കെഴുതിയ ഒന്നാം ലേഖനം, അദ്ധ്യായം 13: 4-7 വരെയുള്ള വാക്യങ്ങൾ.

ഈ വായനയ്ക്കു ശേഷം പാപ്പാ, ദുർഗ്ഗുണങ്ങളെയും സൽഗുണങ്ങളെയും അധികരിച്ചുള്ള പ്രബോധനപരമ്പര തുടർന്നു. ദൈവികപുണ്യങ്ങളിൽ ഒന്നായ സ്നേഹം അഥവാ, ഉപവിയായിരുന്നു ഇത്തവണ പാപ്പായുടെ പരിചിന്തനത്തിന് ആധാരം. ഇറ  ഇറ്റാലിയൻ ഭാഷയിൽ  പാപ്പാ നടത്തിയ പ്രഭാഷണം:

ദൈവിക പുണ്യം: ഉപവി

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!

ഇന്ന് നമ്മൾ ദൈവികപുണ്യങ്ങളിൽ മൂന്നാമത്തെതായ ഉപവിയെക്കുറിച്ചാണ് പ്രതിപാദിക്കുക. മറ്റു രണ്ടെണ്ണം വിശ്വാസവും പ്രത്യാശയുമായിരുന്നു എന്നത് നമുക്കോർക്കാം. ഉപവിയെന്ന മൂന്നാമത്തെ പുണ്യത്തെക്കുറിച്ചാണ് പരാമർശിക്കുക.  പുണ്യങ്ങളെ അധികരിച്ച് നാം നടത്തിയ പ്രബോധന പ്രയാണം മുഴുവൻറെയും പരിസമാപ്തിയാണിത്. ഉപവിയക്കുറിച്ചുള്ള ചിന്ത ഉടനെ കോറിന്തോസുകാർക്കുള്ള ഒന്നാം ലേഖനത്തിലെ വിശുദ്ധ പൗലോസിൻറെ പ്രചോദനദായകമായ വാക്കുകളിലേക്ക് പായിച്ചുകൊണ്ട് ഹൃദയമനസ്സുകളെ വികസിപ്പിക്കുന്നു. വിസ്മയകരമായ ആ ഗീതം ഉപസംഹരിച്ചുകൊണ്ട്, അപ്പോസ്തലൻ ദൈവികപുണ്യത്രയം ഉദ്ധരിക്കുകയും ഉദ്‌ഘോഷിക്കുകയും ചെയ്യുന്നു: “ഇപ്പോൾ ഈ മൂന്നും നിലനിൽക്കുന്നു: വിശ്വാസം, പ്രത്യാശ, സ്നേഹം. എന്നാൽ സ്നേഹമാണ് സർവ്വോത്കൃഷ്ടം" (1 കോറിന്തോസ് 13:13).

കോറിന്തോസിലെ ക്രൈസ്തവരോട് പൗലോസപ്പോസ്തലൻ

സാഹോദര്യ സ്‌നേഹത്തിൽ അപൂർണ്ണമായ ഒരു സമൂഹത്തെയാണ് പൗലോസ് സംബോധന ചെയ്യുന്നത്: കോറിന്തോസിലെ ക്രിസ്ത്യാനികൾ തികച്ചും വഴക്കാളികളായിരുന്നു, ആന്തരിക ഭിന്നതകളുണ്ടായിരുന്നു, തങ്ങൾ എല്ലായ്‌പ്പോഴും ശരിയാണെന്ന് അവകാശപ്പെടുന്നവരും മറ്റുള്ളവരെ ശ്രവിക്കാത്തവരും അവരെ താഴ്ന്നവരായി കണക്കാക്കുന്നവരുമുണ്ട്. അറിവ് ഊതിവീർപ്പിക്കും, അതേസമയം സ്നേഹം കെട്ടിപ്പടുക്കും എന്ന് പൗലോസ് ഇക്കൂട്ടരെ ഓർമ്മിപ്പിക്കുന്നു (1 കോറി 8:1 കാണുക). ഒരു ക്രൈസ്തവ സമൂഹത്തിൻറെ ഏറ്റവും വലിയ ഐക്യത്തിൻറെ വേളയെപ്പോലും, അതായത്, കർത്താവിൻറെ അന്ത്യഅത്താഴത്തെ, വിശുദ്ധകുർബ്ബാനാർപ്പണത്തെ, സ്പർശിക്കുന്ന ഒരു ഉതപ്പ് അപ്പോസ്തലൻ രേഖപ്പെടുത്തുന്നു: അവിടെയും ഭിന്നതകളുണ്ട്, അത് മുതലെടുത്ത്, ഒന്നുമില്ലാത്തവരെ ഒഴിവാക്കി ഭക്ഷിക്കുന്നവരുമുണ്ട് (1 കോറിന്തോസ് 11:18-22 കാണുക). ഇതിനു മുന്നിൽ, പൗലോസ് വ്യക്തമായ ഒരു വിധി പറയുന്നു: "നിങ്ങൾ ഒരുമിച്ചുകൂടുമ്പോൾ, കർത്താവിൻറെ അത്താഴമല്ല നിങ്ങൾ ഭക്ഷിക്കുന്നത്" (1 കോറിന്തോസ് 20). നിങ്ങൾക്ക് വിജാതീയമായ മറ്റൊരു ആചാരമുണ്ട്. അത് കർത്താവിൻറെ അത്താഴമല്ല.

എന്താണ് സ്നേഹം?

ആർക്കറിയാം, ഒരുപക്ഷെ കോറിന്തോസിലെ സമൂഹത്തിൽ അവർ, അവരാരും പാപം ചെയ്തവരാണെന്നു കരുതിയിരിക്കില്ല, അപ്പോസ്തലൻറെ ആ കഠിന വാക്കുകൾ അവർക്ക് അൽപ്പം ദുർഗ്രാഹ്യമായി തോന്നി. തങ്ങൾ എല്ലാവരും നല്ല ആളുകളാണെന്ന ബോധ്യം അവർക്കുണ്ടായിരുന്നിരിക്കാം, സ്നേഹത്തെക്കുറിച്ച് ചോദിച്ചാൽ, സൗഹൃദവും കുടുംബവും എന്ന പോലെ തന്നെ സ്നേഹവും തീർച്ചയായും അവർക്ക് ഒരു സുപ്രധാന മൂല്യമാണെന്ന് അവർ മറുപടി നൽകുമായിരുന്നു. നമ്മുടെ ഇക്കാലത്തും, നിരവധി "സ്വാധീനക്കാരുടെ" അധരങ്ങളിലും നിരവധി പാട്ടുകളുടെ പല്ലവികളിലും പ്രണയം തത്തിക്കളിക്കുന്നു. സ്നേഹത്തെക്കുറിച്ച് ധാരാളം പറയുന്നുണ്ട്, എന്നാൽ എന്താണ് സ്നേഹം?

എടുക്കുന്നതല്ല, കൊടുക്കുന്ന സ്നേഹം  

“എന്നാൽ ഇതര സ്നേഹമോ?” എന്ന് പൗലോസ് കോറിന്തോസിലെ തൻറെ ക്രൈസ്തവരോടു ചോദിക്കുന്നതായി തോന്നുന്നു. ആരോഹണം ചെയ്യുന്ന സ്നേഹമല്ല, അവരോഹണം ചെയ്യുന്ന സ്നേഹം; എടുക്കുന്നതല്ല, കൊടുക്കുന്ന സ്നേഹം; പ്രത്യക്ഷമായതല്ല മറഞ്ഞിരിക്കുന്ന സ്നേഹം. ഇന്ന് നമുക്കിടയിൽ എന്നപോലെ കോറിന്തോസുകാർക്കിടയിലും ആശയക്കുഴപ്പം ഉണ്ടെന്നും ദൈവത്തിൽ നിന്ന് മാത്രം നമ്മിലേക്കൊഴുകുന്ന ദൈവികപുണ്യത്തിൻറെ ഒരു ലാഞ്ഛനയും യഥാർത്ഥത്തിൽ ഇല്ലെന്നും പൗലോസ് ആശങ്കാകുലനാണ്. അവർ നല്ല ആളുകളാണെന്നും കുടുംബത്തെയും സുഹൃത്തുക്കളെയും സ്നേഹിക്കുന്നുവെന്നും എല്ലാവരും വാക്കുകളാൽ ഉറപ്പുനൽകിയാലും  വാസ്തവത്തിൽ അവർക്ക് ദൈവസ്നേഹത്തെക്കുറിച്ച് വളരെക്കുറച്ചേ അറിയൂ.

അഗാപെ

സ്നേഹത്തെ നിർവ്വചിക്കുന്നതിന് നിരവധി ഗ്രീക്ക് പദങ്ങൾ പുരാതന ക്രൈസ്തവർക്കുണ്ടായിരുന്നു. നമ്മൾ ഉപവി എന്ന്  സാധാരണയായി വിവർത്തനം ചെയ്യുന്ന "അഗാപെ" എന്ന വാക്ക് ഒടുവിൽ ആവിർഭവിക്കുന്നു. കാരണം സത്യത്തിൽ ക്രിസ്ത്യാനികൾ ലോകത്തിലെ എല്ലാ സ്നേഹങ്ങൾക്കും പ്രാപ്തരാണ്: ഏറെക്കുറെ എല്ലാവർക്കും സംഭവിക്കുന്നതു പോലെ, അവരും പ്രണയത്തിലാകുന്നു. സൗഹൃദത്തിൽ വേദ്യമാകുന്ന ദയാശീലം അവരും അനുഭവിക്കുന്നു. അവരും രാജ്യസ്നേഹവും മനുഷ്യരാശിമുഴുവനോടുമുള്ള സാർവ്വത്രിക സ്നേഹവും ജീവിക്കുന്നു. എന്നാൽ ദൈവത്തിൽ നിന്ന് വരുന്നതും ദൈവോന്മുഖമായതുമായ ഒരു ഉപരിവലിയ സ്നേഹമുണ്ട്, അത്, ദൈവത്തെ സ്നേഹിക്കാനും അവൻറെ സുഹൃത്തുക്കളാകാനും ദൈവവുമായി സൗഹൃദം പങ്കിടാനുള്ള ആഗ്രഹത്തോടെ, ദൈവം സ്നേഹിക്കുന്നതുപോലെ നമ്മുടെ അയൽക്കാരനെ സ്നേഹിക്കാനും നമ്മെ പ്രാപ്തരാക്കുന്നു. ക്രിസ്തു നിമിത്തമുള്ള ഈ സ്നേഹം, മാനുഷികമായി നമ്മൾ പോകാത്തിടത്തേക്ക് നമ്മെ തള്ളിവിടുന്നു: ഇത് ദരിദ്രനോടുള്ള സ്നേഹമാണ്, സ്നേഹയോഗ്യമല്ലാത്തവയോട്, സ്നേഹിക്കാത്തവരോട് നന്ദിയില്ലാത്തവരോട് ഉള്ള സ്നേഹമാണ്. അത് ആരും സ്നേഹിക്കാത്തവയോടുള്ള സ്നേഹമാണ്; ശത്രുവിനോടു പോലും ഉള്ള സ്നേഹമാണ്. ഇതാണ് "ദൈവികം,  ഇത് ദൈവത്തിൽ നിന്ന് വരുന്നു, ഇത് നമ്മിൽ പരിശുദ്ധാത്മാവിൻറെ പ്രവർത്തനമാണ്.

ശത്രുവിനെ സ്നേഹിക്കുക

ഗിരിപ്രഭാഷണത്തിൽ യേശു ഇങ്ങനെ പ്രസംഗിക്കുന്നു: "നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങൾ സ്നേഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് എന്തുമേന്മയാണുള്ളത്? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുണ്ടല്ലോ. നിങ്ങൾക്ക് നന്മ ചെയ്യുന്നവർക്ക് നിങ്ങൾ നന്മ ചെയ്താൽ, നിങ്ങൾക്ക് എന്ത് മേന്മയാണുള്ളത്? പാപികളും അങ്ങനെ ചെയ്യുന്നുണ്ടല്ലോ" (ലൂക്കാ 6,32-33). അവിടന്ന് ഉപസംഹരിക്കുന്നു: "എന്നാൽ നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക, നന്മ ചെയ്യുക, ഒന്നും പ്രതീക്ഷിക്കാതെ ഉദാരതയോടെ കടം കൊടുക്കുക, നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും, നിങ്ങൾ അത്യുന്നതൻറെ മക്കളായിരിക്കും, കാരണം അവൻ നന്ദിഹീനരോടും ദുഷ്ടരോടും കരുണ കാണിക്കുന്നു" (ലൂക്കാ 6, 35). ഇതു നമുക്കോർക്കാം. ഇതു നാം മറക്കരുത്.

ദൈവത്തിൽ ജീവിക്കേണ്ട സ്നേഹം

ഈ വാക്കുകളിൽ സ്നേഹം ഒരു ദൈവിക പുണ്യമായി ആവിഷ്കൃതമാകുകയും ഉപവി എന്ന പേര് സ്വീകരിക്കുകയും ചെയ്യുന്നു. സ്നേഹം ഉപവിയാണ്. ദൈവത്തിൽ ജീവിക്കുന്നില്ലെങ്കിൽ, അത് അഭ്യസിക്കാൻ ബുദ്ധിമുട്ടുള്ള അസാദ്ധ്യമായ ഒരു സ്നേഹമാണെന്ന് നമുക്ക് ഉടൻ മനസ്സിലാകുന്നു. നമ്മുടെ മനുഷ്യപ്രകൃതി നല്ലതും മനോഹരവുമായതിനെ സ്വയമേവ സ്നേഹിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു. ഒരു ആദർശത്തിൻറെയോ വലിയ വാത്സല്യത്തിൻറെയോ പേരിൽ നമുക്കും ഉദാരമനസ്കരാകുകയും വീരകൃത്യങ്ങൾ ചെയ്യുകയും ചെയ്യാം. എന്നാൽ ദൈവസ്നേഹം ഈ മാനദണ്ഡങ്ങളെ ഉല്ലംഘിക്കുന്നു. ക്രിസ്തീയ സ്നേഹം സ്നേഹയോഗ്യമല്ലാത്തതിനെ ആശ്ലേഷിക്കുന്നു, മാപ്പു നൽകുന്നു, പൊറുക്കുകയെന്നത് എത്ര ആയാസകരമാണ്, ക്ഷമിക്കുന്നതിന് എത്രമാത്രം സ്നേഹം വേണം! ശപിക്കുന്നവരെ ക്രിസ്തീയ സ്നേഹം അനുഗ്രഹിക്കുന്നു. നാം ശീലിച്ചിച്ചിട്ടുള്ളത് ഒരു അധിക്ഷേപത്തോടോ ശാപത്തോടോ അവകൊണ്ടുതന്നെ പ്രത്യുത്തരിക്കാനാണ്. ക്രിസ്തീയ സ്നേഹമാകട്ടെ ഏതാണ്ട് അസാദ്ധ്യമാണെന്ന തോന്നലുളവാക്കും വിധം തീവ്രമാണ്. അത് മാത്രമാണ് നമ്മുടെ കാര്യത്തിൽ അവശേഷിക്കുക. ദൈവരാജ്യത്തിൽ പ്രവേശിക്കാനുള്ള "ഇടുങ്ങിയ വാതിലാണ്" സ്നേഹം. കാരണം ജീവിതസായാഹ്നത്തിൽ നമ്മൾ സാധാരണ സ്നേഹത്തിൻറെയല്ല, മറിച്ച് ഉപവിയുടെ, നമ്മുടെ സമൂർത്തസ്നേഹത്തിൻറെ അടിസ്ഥാനത്തിലാണ് വിധിക്കപ്പെടുക: "സത്യമായി ഞാൻ നിങ്ങളോട് പറയുന്നു: എൻറെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ  ഇതു ചെയ്തുകൊടുത്തപ്പോൾ, എനിക്കുതന്നെയാണ് ചെയ്തുതന്നത്" (മത്തായി 25,40). ഇതാണ് സ്നേഹത്തെ സംബന്ധിച്ച സുന്ദരമായ കാര്യം മഹത്തായ കാര്യം. സധൈര്യം മുന്നേറുക!

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു.

സമാപനാഭിവാദ്യങ്ങൾ - പ്രളയബാധിത അഫ്ഗാനിസ്ഥാൻ

അഫ്ഗാനിസ്ഥാനിൽ കുഞ്ഞുങ്ങളുൾപ്പടെ അനേകരുടെ ജീവനപഹരിക്കുകയും പാർപ്പിടനാശം വിതച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ജലപ്രളയദുരന്തത്തിൽ യാതനകളനുഭവിക്കുന്ന ജനതയെ പാപ്പാ അനുസ്മരിക്കുകയും പ്രാർത്ഥിക്കുകയും അന്താരാഷ്ട്രസഹായം അഭ്യർത്ഥിക്കുകയും ചെയ്തു.

 ഉക്രൈയിനിനും ഇസ്രായേലിനും പലസ്തീനും മ്യന്മാറിനും വേണ്ടി പ്രാർത്ഥിക്കുക

ഉക്രൈയിനിനും ഇസ്രായേലിനും പലസ്തീനും മ്യന്മാറിനും, അതുപോലെ യുദ്ധം മുലം കഷ്ടപ്പെടുന്ന  സകല ജനതകൾക്കും സമാധാനം സംലഭ്യമാകുന്നതിനു വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. നിയതമായ സമാധാനം ഉണ്ടാകുന്നതിനും എന്നും ഒരു തോൽവിയായ യുദ്ധം ഇല്ലാതാകുന്നതിനും വേണ്ടി പ്രാർത്ഥിക്കണമെന്ന് പാപ്പാ പറഞ്ഞു.  പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ യുവതീയുവാക്കളെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്തു. ഈ വരുന്ന ഞായറാഴ്ച പെന്തക്കൂസ്താതിരുന്നാൾ ആചരിക്കപ്പെടുന്നത് അനുസ്മരിച്ച പാപ്പാ പരിശുദ്ധാരൂപിയുടെ പ്രവർത്തനത്തോടു വിധേയത്വമുള്ളവരായിരിക്കാൻ അവർക്ക് പ്രചോദനം പകരുകയും സമാശ്വാസകൻറെ സാന്ത്വനദായക സാന്നിധ്യം ഒരോരുത്തർക്കും പരീക്ഷണ വേളയിൽ ആശ്വാസത്തിൻറെ ഉറവിടമാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. പാപ്പായുടെ അഭിവാദ്യങ്ങൾക്കു ശേഷം ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടു. തദ്ദനന്തരം, പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 May 2024, 12:25

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >