ശൂന്യമായിടം ദൈവത്താൽ നിറയ്ക്കുന്നതിനായി യേശു നമ്മെ അയക്കുന്നു, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ദൈവത്തെ സംവഹിക്കാൻ സാധിക്കണമെങ്കിൽ നാം ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിക്കുകയും ഒരുമയോടെ ചരിക്കുകയും ചെയ്യണമെന്ന് മാർപ്പാപ്പാ.
സ്പെയിനിലെ ബുർഗോസ് സെമിനാരിയിൽ നിന്നെത്തിയ വൈദികരും വൈദികാർത്ഥികളും അടങ്ങുന്ന മുപ്പതിലേറെപ്പേരുടെ ഒരു സംഘത്തെ ശനിയാഴ്ച (27/04/24) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
ശുശ്രൂഷാപൗരോഹിത്യത്തിലേക്കുള്ള യേശുവിൻറെ വിളിക്ക് ഉത്തരമേകാൻ ഭിന്ന വർഗ്ഗങ്ങളിലും സംസ്കാരങ്ങളിലും പ്രായത്തിലുമുള്ളവർ ഒന്നു ചേർന്നിരിക്കുന്ന ഒരു വർണ്ണചിത്രമായി പാപ്പാ ഈ സമൂഹത്തെ വിശേഷിപ്പിച്ചു. ചരിത്രത്താലും പാരമ്പര്യത്താലും കാലവസ്ഥയും ആചരങ്ങളും മൂലം ഊർജ്ജസ്വലരായ ജനങ്ങളാലും സമ്പന്നവും എന്നാൽ ഇന്ന് “ശൂന്യമായ സ്പെയിൻ” എന്ന് പറയപ്പെടുന്നതുമായ ഒരു സ്ഥലത്താണ്, പലർക്കും അചിന്തനീയമായ ഒരിടത്താണ്, അവർ വൈദിക പരിശീലനം നേടുന്നത് എന്ന വസ്തുതയും പാപ്പാ അനുസ്മരിച്ചു.
താൻ പോകാനിരുന്നിടത്തേക്ക് യേശു ഈരണ്ടുപേരെ അയക്കുന്ന സുവിശേഷ സംഭവത്തെക്കുറിച്ച് (ലൂക്കാ, 10,1) നമ്മെ ഓർമ്മിപ്പിക്കുന്നതാണ് ഈ സ്ഥലം എന്നു സൂചിപ്പിച്ച പാപ്പാ, ഈ ശൂന്യമായ ഇടം ദൈവത്തെക്കൊണ്ട് നമ്മൾ നിറയ്ക്കണമെന്ന്, അതായത്, ഒരു സമൂഹത്തിന്, സഭയ്ക്ക്, ഒരു ജനതയ്ക്ക് രൂപം നല്കുന്നതിന് നമ്മുടെ സഹോദരങ്ങൾക്കിടയിൽ അവിടത്തെ സന്നിഹിതനാക്കണമെന്ന്, യേശു അഭിലഷിക്കുന്നുവെന്ന് വിശദീകരിച്ചു.
പരസ്പരം സ്വീകരിക്കുകയും സമ്പന്നമാക്കുകയും ചെയ്യാൻ അറിയുന്ന വൈജാത്യമുള്ള ഒരു സമൂഹമായിരിക്കേണ്ടത് ഇതിന് പ്രഥമതഃ ആവശ്യമാണെന്ന് പാപ്പാ പറഞ്ഞു. കർത്താവിനോട് സന്നദ്ധതയും ശരണവും വിശ്വസവും പ്രകടിപ്പിക്കേണ്ടതും അനിവാര്യമാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു. മാനുഷികമായ സുരക്ഷിതത്വങ്ങളിൽ നിന്നു വിമുക്തരായി ദൈവത്തെയും സഹോദരങ്ങളെയും സ്വീകരിക്കുന്നതിനായി നമ്മുടെ ഹൃദയം ശൂന്യമാക്കിയിടേണ്ടതിൻറെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: