തിരയുക

യുവജനങ്ങൾക്കൊപ്പം ഫ്രാൻസിസ് പാപ്പാ യുവജനങ്ങൾക്കൊപ്പം ഫ്രാൻസിസ് പാപ്പാ   (ANSA)

യുവാക്കൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കണം: ഫ്രാൻസിസ് പാപ്പാ

ഏപ്രിൽ മാസം ഇരുപത്തിയെട്ടാം തീയതി, ഇറ്റലിയിലെ വെനീസിലേക്ക് ഫ്രാൻസിസ് പാപ്പാ നടത്തിയ സന്ദർശനവേളയിൽ, യുവജനങ്ങളുമായി കൂടിക്കാഴ്ചനടത്തുകയും അവർക്കു സന്ദേശം നൽകുകയും ചെയ്തു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഏപ്രിൽ മാസം ഇരുപത്തിയെട്ടാം തീയതി, ഇറ്റലിയിലെ വെനീസിലേക്ക് ഫ്രാൻസിസ് പാപ്പാ നടത്തിയ സന്ദർശനവേളയിൽ, യുവജനങ്ങളുമായി കൂടിക്കാഴ്ചനടത്തുകയും അവർക്കു സന്ദേശം നൽകുകയും ചെയ്തു. യുവജനങ്ങളുടെ സാന്നിധ്യത്തിൽ, സൂര്യൻ പോലും പുഞ്ചിരിക്കുന്നുവെന്ന നർമ്മം കലർന്ന അഭിസംബോധനയോടെയാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. ക്രൈസ്തവരെന്ന നിലയിൽ, തങ്ങളുടെ ജീവിതത്തിന്റെ സൗന്ദര്യം എന്താണെന്നു തിരിച്ചറിയണമെന്ന് പാപ്പാ യുവജനങ്ങളെ ഓർമ്മപ്പെടുത്തി. കർത്താവിന്റെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനുവേണ്ടിയും, അവന്റെ സന്തോഷത്തിൽ നമ്മുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനും നാം ശ്രദ്ധിക്കണമെന്നും പാപ്പാ അടിവരയിട്ടു.

ജീവിതത്തിൽ ലഭിച്ചിട്ടുള്ള മനോഹരമായ അനുഭവങ്ങളെപ്പറ്റി തിരിച്ചറിവുണ്ടാകണമെന്നും, ആ അനുഭവങ്ങളെ മറ്റുള്ളവരുമായി പങ്കുവയ്ക്കണമെന്നും പാപ്പാ പറഞ്ഞു. ഇത്തരത്തിൽ പങ്കുവയ്ക്കലിന്റെ മനോഹാരിതയാണ് ഈ കൂട്ടായ്മയിൽ പ്രകടമാകുന്നതെന്നും പാപ്പാ ചൂണ്ടിക്കാട്ടി. സൗന്ദര്യത്തിന്റെ നഗരമായ വെനീസിൽ, കണ്ടുമുട്ടലിന്റെ സൗന്ദര്യം കൂടി ആസ്വദിക്കുവാൻ സാധിക്കുന്നത് ദൈവത്തിന്റെ അത്ഭുതമാണെന്നും പാപ്പാ അടിവരയിട്ടു.

ഈ സൗന്ദര്യവും സന്തോഷവും ഗ്രഹിക്കാൻ, ആദ്യം നാം ചെയ്യേണ്ടത് ആലസ്യത്തിൽ നിന്നും എഴുനേൽക്കുവാനുള്ള തീരുമാനമെടുക്കുക എന്നതാണ്. മറ്റെന്തിനെക്കാളും ഉപരിയായി, നാം വിലയേറിയവരും പകരം വയ്ക്കാനാകാത്തവരുമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, തന്റെ ജീവിതത്തിൽ എന്താണ് ദൈവം ആഗ്രഹിക്കുന്നതെന്നു നാം ചോദിക്കണമെന്ന് പാപ്പാ യുവജനങ്ങളെ ആഹ്വാനം ചെയ്തു.

നമ്മെ താഴേക്ക് വലിക്കുന്ന തിന്മയുടെ ശക്തികൾക്കെതിരായി പോരാടുവാൻ തന്നിൽ ആശ്രയിക്കുന്നവരെ ഒരിക്കലും നിരാശപ്പെടുത്താത്ത, എപ്പോഴും  ഉയർത്തുകയും ക്ഷമിക്കുകയും ചെയ്യുന്ന കർത്താവിന്റെ കരം പിടിച്ചുകൊണ്ട് എഴുനേൽക്കുവാൻ നാം തയ്യാറാവണമെന്നും പാപ്പാ പറഞ്ഞു.ഇതിനു വിശുദ്ധ ഗ്രന്ഥം വായിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ എടുത്തു പറഞ്ഞു.

"ദുർബലത നമ്മെ താഴേക്ക് വലിക്കുന്നുവെന്നത് ശരിയാണ്, പക്ഷേ സ്ഥിരോത്സാഹമാണ് നിങ്ങളെ മുന്നോട്ട് നയിക്കുന്നത്", പാപ്പാ അടിവരയിട്ടു. വിശ്വാസത്തിലും, സ്നേഹത്തിലും അടിയുറച്ച ഒരു ജീവിതം നയിക്കുവാൻ സ്ഥിരോത്സാഹവും, കൂട്ടായ്മാ മനോഭാവവുമാണ് നമ്മെ സഹായിക്കുന്നതെന്ന് പാപ്പാ പറഞ്ഞു. ഇപ്രകാരം എഴുന്നേൽക്കുന്ന ഒരു വ്യക്തിക്ക് മാത്രമേ മുൻപോട്ടു പോകുവാൻ സാധിക്കുകയുള്ളൂവെന്നും പാപ്പാ പറഞ്ഞു. അനാവശ്യമായവയെ ഒഴിവാക്കിക്കൊണ്ട്, ഉപയോഗപ്രദമായ കാര്യങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട്, അവയ്ക്ക് ജീവൻ നൽകുവാൻ നമ്മുടെ യൗവനം നാം ഉപയോഗപ്പെടുത്തണമെന്ന് പാപ്പാ പാപ്പാ അടിവരയിട്ടു.

തന്റെ സന്ദേശത്തിന്റെ അവസാനം, യുവജനങ്ങൾ പാപ്പായ്ക്ക് ഒരു സമ്മാനവും നൽകി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 April 2024, 11:45