ക്ഷമ, ഉപരി മഹത്തായ സ്നേഹത്തിൻറെ ഫലവും ഒരു വിളിയും, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫ്രാൻസീസ് പാപ്പാ, പതിവുപോലെ ഈ ബുധനാഴ്ച (27/03/24) വത്തിക്കാനിൽ, പൊതുദർശനം അനുവദിച്ചു. മഴയിൽ കുതിർന്ന ഒരു ദിനമായിരുന്നതിനാൽ പ്രതിവാര പൊതുദർശന വേദി വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിനു പകരം ബസിലിക്കയുടെ സമീപത്തുള്ള പോൾ ആറാമൻ ശാലയായിരുന്നു. വിവിധ രാജ്യക്കാരായിരുന്ന ആയിരക്കണക്കിന് തീർത്ഥാടകരും സന്ദർശകരും ശാലയിൽ സന്നിഹിതരായിരുന്നു. ഊന്നുവടിയുടെ സഹായത്തോടെ സാവധാനം നടന്ന് ശാലയിൽ എത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടെയും ആനന്ദാരവങ്ങളോടെയും വരവേറ്റു. റോമിലെ സമയം രാവിലെ 9.00 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 13.30-ന്, പാപ്പാ,ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു.തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.
"സ്നേഹം ദീർഘക്ഷമയും ദയയുമുള്ളതാണ്.... സ്നേഹം കോപിക്കുന്നില്ല, വിദ്വേഷം പുലർത്തുന്നില്ല.... സ്നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു.” പൗലോസ് കോറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനം, അദ്ധ്യായം 13, 4.5.7 വാക്യങ്ങളിൽ നിന്ന്.
ഈ വായനയ്ക്കു ശേഷം പാപ്പാ, ദുർഗ്ഗുണങ്ങളെയും സൽഗുണങ്ങളെയും അധികരിച്ചുള്ള പ്രബോധനപരമ്പര തുടർന്നു. ക്ഷമയായിരുന്നു പാപ്പായുടെ വിചിന്തന വിഷയം. പാപ്പാ ഇറ്റാലിൻ ഭാഷയിൽ നടത്തിയ മുഖ്യ വിചിന്തനം:
പീഢാനുഭവത്തിൽ ആവിഷ്കൃതമാകുന്ന ക്രിസ്തുവിൻറെ ക്ഷമ
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!
ഇന്ന് കൂടിക്കാഴ്ച ചത്വരത്തിൽ നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും മഴമൂലം അത് ശാലയിലേക്കു മാറ്റിയിരിക്കയാണ്. തീർച്ചയായും അല്പം തിങ്ങലനുഭവപ്പെടുന്നുണ്ടെങ്കിലും നമുക്ക് നനയാതിരിക്കാമല്ലൊ. നിങ്ങളുടെ ക്ഷമയ്ക്ക് നന്ദി. കഴിഞ്ഞ ഞായറാഴ്ച നമ്മൾ കർത്താവിൻറെ പിഢാനുഭവ വിവരണം ശ്രവിക്കുകയുണ്ടായി. താൻ അനുഭവിക്കുന്ന കഷ്ടപ്പാടുകളോട്, യേശു പരമ്പരാഗതമായവയിൽ ഉൾപ്പെടുത്തപ്പെട്ടിട്ടില്ലാത്തതും എന്നാൽ സുപ്രധാനവുമായ ഒരു പുണ്യത്താൽ പ്രതികരിക്കുന്നു: അത് ക്ഷമയെന്ന പുണ്യമാണ്. ക്ഷമ. ഒരാൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ സഹിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് അത്: ക്ഷമയ്ക്കും പീഢാനുഭവത്തിൻറെ അതേ വേരുണ്ടെന്നത് യാദൃശ്ചികമല്ല. കൃത്യമായി പീഡാനുഭവത്തിലാണ് ക്രിസ്തുവിൻറെ ക്ഷമ ആവിർഭവിക്കുക, പിടിക്കപ്പെടുകയും അടിക്കപ്പെടുകയും അന്യായമായി ശിക്ഷവിധിക്കപ്പെടുകയും ചെയ്യുന്നത് അവിടന്ന് സൗമ്യതയോടും ക്ഷമയോടും കൂടി സ്വീകരിക്കുന്നു. പീലാത്തോസിൻറെ മുമ്പാകെ അവിടന്ന് പ്രത്യാരോപണം നടത്തുന്നില്ല; സൈനികർ അപമാനിക്കുന്നതും തുപ്പുന്നതും ചാട്ടവാർകൊണ്ടടിക്കുന്നതും അവിടന്ന് സഹിക്കുന്നു; കുരിശിൻറെ ഭാരം വഹിക്കുന്നു; തന്നെ മരത്തിൽ തറയ്ക്കുന്നവരോട് അവിടന്ന പൊറുക്കുന്നു, കുരിശിൽ വെച്ച് അവിടന്ന് പ്രകോപനങ്ങളോട് പ്രതികരിക്കുന്നില്ല, മറിച്ച, കരുണയേകുന്നു. ഇതാണ് യേശുവിൻറെ ക്ഷമ. ഇതെല്ലാം നമ്മോട് പറയുന്നത് യേശുവിൻറെ ക്ഷമ അടങ്ങിയിരിക്കുന്നത് സഹിക്കുന്നതിലുള്ള വിരക്തമായ പ്രതിരോധത്തിലല്ലയെന്നും, മറിച്ച് അത് ഉപരി മഹത്തായ സ്നേഹത്തിൻറെ ഫലമാണ് എന്നുമാണ്.
സ്നേഹവും ക്ഷമയും തമ്മിലുള്ള ബന്ധം
കോറിന്തോസുകാർക്കുള്ള ഒന്നാം ലേഖനത്തിൽ, ൽ, "സ്നേഹഗീതം" എന്ന് വിശേഷിക്കപ്പെടുന്ന പതിമൂന്നാം അദ്ധ്യായത്തിൽ (1 കോറി 13,4-7 കാണുക), പൗലോസപ്പോസ്തലൻ, സ്നേഹത്തെയും ക്ഷമയെയും അഭേദ്യം സംയോജിപ്പിക്കുന്നു. വാസ്‌തവത്തിൽ, സ്നേഹത്തിൻറെ പ്രഥമ സവിശേഷതയെക്കുറിച്ച് വിവരിക്കുമ്പോൾ, "സൗമനസ്യം" അല്ലെങ്കിൽ "ക്ഷമ" എന്ന് വിവർത്തനം ചെയ്യാവുന്ന ഒരു വാക്ക് അദ്ദേഹം ഉപയോഗിക്കുന്നു. സ്നേഹം സൗമ്യമാണ്, അത് ക്ഷമയുള്ളതാണ്. ഇത് വേദപുസ്തകത്തിലേക്കു പലപ്പോഴും മടങ്ങിപ്പോകുന്ന വിസ്മയകരമായ ഒരു ആശയം ആവിഷ്ക്കരിക്കുന്നു: നമ്മുടെ അവിശ്വസ്തതയ്ക്കു മുന്നിൽ ദൈവം "കോപിക്കുന്നതിൽ വിമുഖൻ" ആണെന്നു കാണിക്കുന്നു (പുറപ്പാട് 34.6 കാണുക; സംഖ്യ 14.18 കാണുക): മനുഷ്യൻറെ തിന്മയോടും പാപത്തോടും വെറുപ്പ് പ്രകടിപ്പിക്കുന്നതിനുപകരം, അവിടന്ന് അനന്തമായ ക്ഷമയോടെ ആദ്യം മുതൽ ആരംഭിക്കാൻ സദാ സന്നദ്ധനായിക്കൊണ്ട് തൻറെ മാഹാത്മ്യം വെളിപ്പെടുത്തുന്നു. പാപത്തിനു മുന്നിൽ മുന്നോട്ടുവയ്ക്കുന്നതായ ക്ഷമയാണ് പൗലോസിനെ സംബന്ധിച്ചിടത്തോളം, ദൈവത്തിൻറെ സ്നേഹത്തിൻറെ ആദ്യ സ്വഭാവം. എന്നാൽ അത് മാത്രമല്ല: അത് തിന്മയോട് നന്മകൊണ്ട് എങ്ങനെ പ്രതികരിക്കണമെന്ന് അറിയുകയും കോപത്തിലും നിരാശയിലും സ്വയം അടച്ചിടതെ, സ്ഥൈര്യത്തോടെ നിലകൊള്ളുകയും വീണ്ടും ആരംഭിക്കുകയും ചെയ്യുന്ന എല്ലാ മഹത്തായ സ്നേഹത്തിൻറെയും ആദ്യ സവിശേഷതയാണ്. വീണ്ടും ആരംഭിക്കുന്ന ക്ഷമ. ആകയാൽ, ക്ഷമയുടെ അടിത്തട്ടിൽ സ്നേഹമുണ്ട്, വിശുദ്ധ അഗസ്റ്റിൻ പറയുന്നതുപോലെ: "ഒരുവനിൽ ദൈവ സ്നേഹം എത്രത്തോളം കൂടുതലുണ്ടോ അത്രോളം അവൻ ഏതൊരു തിന്മയും സഹിക്കുന്നതിൽ കൂടുതൽ കരുത്തനായിരിക്കും" (De patientia, XVII).
ക്ഷമ, മികച്ച ക്രിസ്തീയ സാക്ഷ്യം
ക്ഷമയുള്ള ഒരു ക്രിസ്ത്യാനിയെ കണ്ടുമുട്ടുന്നതിനേക്കാൾ മികച്ച ഒരു സാക്ഷ്യം യേശുവിൻറെ സ്നേഹത്തിനേകാനില്ലെന്ന് അപ്പോൾ നമുക്കു പറയാനാകും. അനുദിനം, മറഞ്ഞിരുന്ന്, വിശുദ്ധമായ സഹനത്താൽ ലോകത്തെ മനോഹരമാക്കിത്തീർക്കുന്ന അമ്മമാരും, പിതാക്കന്മാരും, ജോലിക്കാരും, ഭിഷഗ്വരന്മാരും, നഴ്സുമാരും, രോഗികളും, എത്രമാത്രമാണെന്ന് നമുക്കോർക്കാം! വിശുദ്ധ ഗ്രന്ഥം പറയുന്നതുപോലെ, "ഒരു വീരൻറെ ശക്തിയെക്കാൾ നല്ലത് ക്ഷമയാണ് " (സുഭാഷിതങ്ങൾ 16,32). എന്നിരുന്നാലും, നാം സത്യസന്ധരായിരിക്കണം: നമുക്ക് പലപ്പോഴും ക്ഷമയില്ല. സാധാരണഗതിയിൽ നാമെല്ലാം അക്ഷമരാണ്. മുന്നോട്ട് പോകാൻ ആവശ്യമായ ഒരു "അത്യന്താപേക്ഷിത ജീവകം" എന്നപോലെ ഇത് ആവശ്യമാണ്, എന്നാൽ നമ്മൾ സഹജമായി അക്ഷമരാവുകയാണ് - അക്ഷമരാകുകയെന്നത് ഒരു സഹജവാസനയാണ് - തിന്മയോട് തിന്മകൊണ്ട് പ്രതികരിക്കുന്നു: ശാന്തത പാലിക്കുക, നമ്മുടെ സഹജവാസനകളെ നിയന്ത്രിക്കുക, മോശം പ്രതികരണങ്ങൾ തടയുക കുടുംബത്തിലോ ജോലിസ്ഥലത്തോ ക്രൈസ്തവ സമൂഹത്തിലോ ഉള്ള തർക്കങ്ങളും സംഘർഷങ്ങളും ഇല്ലാതാക്കുക എന്നിവ ബുദ്ധിമുട്ടാണ്. ഉത്തരം ഉടൻ വരുന്നു; ഞങ്ങൾക്ക് ക്ഷമിക്കാനാകില്ല.
ക്ഷമ, ഒരു വിളി
എന്നിരുന്നാലും, ക്ഷമ ഒരു ആവശ്യം മാത്രമല്ല, അതൊരു വിളിയാണെന്ന് നമുക്ക് ഓർക്കാം: ക്രിസ്തു ക്ഷമയുള്ളവനാണെങ്കിൽ, ക്രിസ്ത്യാനി ക്ഷമയുള്ളവനായിരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു. തിടുക്കവും " എല്ലാം ഉടനടി" എന്നതും ആധിപത്യം പുലർത്തുന്ന ഇന്നത്തെ വ്യാപകമായ മാനോഭാവത്തിൻറെ ചുറ്റുപാടിൽ ഒഴുക്കിനെതിരെ നീന്താൻ ഇത് ആവശ്യപ്പെടുന്നു; സാഹചര്യങ്ങൾ പക്വത പ്രാപിക്കാൻ കാത്തിരിക്കുന്നതിനുപകരം, തൽക്ഷണം മാറ്റം പ്രതീക്ഷിച്ച് ആളുകൾ ഞെരുക്കപ്പെടുന്നു. ധൃതിയും അക്ഷമയും ആത്മീയ ജീവിതത്തിൻറെ ശത്രുക്കളാണെന്ന് മറക്കരുത്: അത് എന്തുകൊണ്ട്? ദൈവം സ്നേഹമാണ്, സ്നേഹിക്കുന്നവൻ മടുക്കുന്നില്ല, കോപിക്കുന്നില്ല, അന്ത്യശാസനം നൽകുന്നില്ല, ദൈവം ക്ഷമയുള്ളവനാണ്, എങ്ങനെ കാത്തിരിക്കണമെന്ന് ദൈവത്തിനറിയാം. വീടുവിട്ടുപോയ മകനെ കാത്തിരിക്കുന്ന കരുണാമയനായ പിതാവിൻറെ കഥ നമുക്ക് ഓർക്കാം: അവൻ ക്ഷമപുലർത്തുന്നു, പുത്രൻ മടങ്ങിവരുന്നത് കണ്ടയുടനെ അവനെ ആലിംഗനം ചെയ്യുന്നതിൽ മാത്രം അവൻ അക്ഷമനാകുന്നു (ലൂക്കാ 15:21 കാണുക); അല്ലെങ്കിൽ നമുക്ക് ധാന്യത്തിൻറെയും കളകളുടെയും ഉപമയെക്കുറിച്ച് ചിന്തിക്കാം, തിന്മയെ അതിൻറെ സമയത്തിന് മുമ്പ് ഉന്മൂലനം ചെയ്യാൻ കർത്താവ് തിടുക്കം കാണിക്കുന്നില്ല കാരണം ഒന്നു നഷ്ടപ്പെട്ടുപോകരുത് (മത്തായി 13:29-30 കാണുക). സകലവും രക്ഷിക്കാൻ ക്ഷമ നമ്മെ പ്രാപ്തരാക്കും.
ക്ഷമ, പ്രാർത്ഥിച്ചു നേടേണ്ട പുണ്യം
എന്നാൽ സഹോദരീ സഹോദരന്മാരേ, ക്ഷമ വർദ്ധമാനമാക്കാൻ എന്തുചെയ്യും? വിശുദ്ധ പൗലോസ് പഠിപ്പിക്കുന്നതുപോലെ, പരിശുദ്ധാത്മാവിൻറെ ഫലമായതിനാൽ (ഗലാ 5:22 കാണുക), അത് ക്രിസ്തുവിൻറെ ആത്മാവിനോട് യാചിക്കണം. അവിടന്ന് നമുക്ക് ക്ഷമയുടെ സൗമ്യമായ ശക്തി നൽകുന്നു - ക്ഷമ ഒരു സൗമ്യമായ ശക്തിയാണ് - കാരണം "നന്മ ചെയ്യുക മാത്രമല്ല, തിന്മയെ എങ്ങനെ സഹിക്കാമെന്ന് അറിയുക എന്നതും ക്രിസ്തീയ പുണ്യത്തിൻറെ സവിശേഷതയാണ്" (വിശുദ്ധ അഗസ്റ്റിൻ, പ്രഭാഷണങ്ങൾ, 46,13). ക്ഷമ സ്വായത്തമാക്കാൻ,പ്രത്യേകിച്ച് ഈ ദിവസങ്ങളിൽ, ക്രൂശിതരൂപത്തെ ധ്യാനിക്കുന്നത് നമുക്ക് ഗുണകരമാണ്. ഏറ്റവും അലോസരപ്പെടുത്തുന്ന ആളുകളെ ക്ഷമയോടെ സഹിക്കുക എന്ന കണക്കിലെടുക്കാത്തതും എന്നാൽ സുപ്രധാനവുമായ കാരുണ്യ പ്രവർത്തി അവരോടു ചെയ്യാൻ കഴിയുന്നതിനുള്ള കൃപയാചിച്ചുകൊണ്ട് അവരെ അവിടത്തെ പക്കലേക്ക് കൊണ്ടുവരുകയെന്നത് നല്ലൊരു അഭ്യാസമാണ്. അത് അത്ര എളുപ്പമല്ല. ശല്യക്കാരായവരെ ക്ഷമയോടെ സഹിക്കാൻ നമുക്കു കഴിഞ്ഞെങ്കിൽ എന്ന് നമുക്കു ചിന്തിക്കാം. ദൈവത്തിൻറെ നയനങ്ങളോടെ അനുകമ്പയോടെ അവരെ നോക്കാൻ കഴിയുന്നതിനായി പ്രാർത്ഥിച്ചുകൊണ്ട് തുടങ്ങാം. ആളുകൾ ചെയ്യുന്ന തെറ്റുകൾ നോക്കി അവരെ തരംതിരിക്കുന്ന ശീലം നമുക്കുണ്ട്. ഇല്ല, ഇത് നല്ലതല്ല. ആളുകളെ അവരുടെ തെറ്റുകൾ നോക്കിയല്ല അവരുടെ വദനങ്ങളും അവരുടെ ഹൃദയവും നോക്കിയാണ് തിരയേണ്ടത്.
ജീവന് ശ്വാസം പകരുന്ന ക്ഷമ
അവസാനമായി, ജീവന് ശ്വാസമേകുന്ന പുണ്യമായ ക്ഷമ വളർത്തിയെടുക്കേണ്ടതിന് നോട്ടം വിശാലമാക്കുന്നത് നല്ലതാണ്. ഉദാഹരണത്തിന്, ക്രിസ്ത്വാനുകരണം നമ്മെ ക്ഷണിക്കുന്നതുപോലെ, ലോകത്തിൻറെ വിശാലതയെ നമ്മുടെ പ്രശ്‌നങ്ങളിലേക്ക് ചുരുക്കരുത്. ക്രിസ്ത്വാനുകരണം ഇങ്ങനെ പറയുന്നു: "നിൻറെ നിസ്സാര കഷ്ടാപ്പാടുകൾ സഹിക്കാൻ പഠിക്കുന്നതിന് നീ മറ്റുള്ളവരുടെ കൂടുതൽ ഗുരുതരമായ യാതനകൾ ഓർക്കുക",ദൈവസ്നേഹത്തെ പ്രതി സഹിക്കുന്നവ, എത്രതന്നെ ചെറുതാണെങ്കിലും, പ്രതിഫലം ലഭിക്കാതെ പോകില്ലെന്നോർക്കുക" (III, 19). വീണ്ടും, പരീക്ഷണത്തിൻറെ പിടിയിൽ അകപ്പെട്ട ജോബ് പഠിപ്പിക്കുന്നതു പോലെ, നമ്മുടെ പ്രതീക്ഷകളെ വിഫലമാക്കില്ല എന്ന ഉറച്ച വിശ്വാസത്തോടുകൂടി ദൈവത്തിൻറെ പുതുമയിലേക്ക് പ്രത്യാശയോടെ നമ്മെത്തന്നെ തുറക്കുന്നത് നല്ലതാണ്. ക്ഷമയുണ്ടായിരിക്കുക തിന്മകളെ എങ്ങനെ സഹിക്കണമെന്നറിയുക.
യുദ്ധത്തിൽ പുത്രിമാർ നഷ്ടപ്പെട്ട രണ്ടു പിതാക്കന്മാരുടെ സൗഹൃദ സാക്ഷ്യം
ഇന്ന് ഇവിടെ, ഈ കൂടിക്കാഴ്ചയ്ക്ക്, പിതാക്കന്മാരായ രണ്ട് പേരുണ്ട്. ഒരു ഇസ്രായേൽക്കാരനും ഒരു അറബ് വംശജനും. ഇപ്പോൾ നടക്കുന്ന യുദ്ധത്തിൽ ഇരുവർക്കും പെൺമക്കളെ നഷ്ടപ്പെട്ടു, ഇരുവരും സുഹൃത്തുക്കളാണ്; യുദ്ധത്തിൻറെതായ ശത്രുതയിലേക്കല്ല അവരുടെ നോട്ടം, മറിച്ച്, പരസ്പരം സ്നേഹിക്കുന്ന ഒരേ കുരിശനുഭവത്തിലൂടെ കടന്നുപോയ രണ്ട് പേരുടെ സൗഹൃദത്തിലേക്കാണ് അവർ നോക്കുന്നത്. വിശുദ്ധനാട്ടിലെ യുദ്ധത്തിൽ തങ്ങളുടെ പെൺമക്കളുടെ നഷ്ടത്തിലൂടെ യാതന അനുഭവിച്ച ഈ രണ്ട് വ്യക്തികളുടെ വളരെ മനോഹരമായ ഈ സാക്ഷ്യത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാം. പ്രിയ സഹോദരങ്ങളെ, നിങ്ങളുടെ സാക്ഷ്യത്തിന് നന്ദി.
ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു.
സമാപനാഭിവാദ്യങ്ങൾ
പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ യുവതീയുവാക്കളെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്തു. സന്തോഷത്തിൻറെയും കരുണയുടെയും ഉറവിടമായ രക്ഷകനായ ക്രിസ്തുവിൻറെ കൃപയിലേക്ക് സ്വയം തുറക്കുന്നതിനായി വിശുദ്ധവാരത്തിലെ ഈ ദിവസങ്ങളിൽ പ്രാർത്ഥനയിൽ ജീവിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു. യുദ്ധത്തിൻറെ വേദികളായ ഉക്രൈയിനിലും ഇസ്രായേലിലും പലസ്തീനിലും വിശുദ്ധ നാട്ടിലും സമാധാനം സംസ്ഥാപിതമാകുന്നതിനു വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. കർത്താവിൻറെ ഉത്ഥാനത്തിൻറെ സമ്മാനമായ ശാന്തി അവിടന്ന് പ്രദാനം ചെയ്യട്ടെയെന്ന് പാപ്പാ പ്രാർത്ഥിക്കുകയും ചെയ്തു. തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടു. അതിനു ശേഷം, പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: