ഉക്രൈനെതിരെയുള്ള ആക്രമണങ്ങൾ യുവജീവിതങ്ങളെ തകർക്കുന്നു: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഉക്രൈനിലെ ജനനിബിഢപ്രദേശങ്ങളിൽ തുടരുന്ന ആക്രമണങ്ങൾ നിരവധി യുവജനങ്ങളുടെ ജീവനാണ് തകർക്കുന്നതെന്നും, കുട്ടികളുൾപ്പെടെ ഏവർക്കും സമാധാനപരമായി ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നും യൂണിസെഫ്. ഫെബ്രുവരി 2 ഞായറാഴ്ച യൂണിസെഫിന്റെ ഉക്രൈനിലെ പ്രതിനിധി മുനീർ മമ്മദ്‌സാദേ.പുറത്തുവിട്ട പത്രക്കുറിപ്പിലാണ് ഉക്രൈയിനിലെ യുവത നേരിടുന്ന ദുരിതങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭാസംഘടന പ്രസ്താവന നടത്തിയത്.
ഉക്രൈനിലെ കുട്ടികളുൾപ്പെടെയുള്ള നിരവധിയാളുകളുടെ ജീവനെടുക്കുകയും, നിരവധി പേർക്ക് പരിക്കിന് കാരണമാകുകയും ചെയ്യുന്ന തുടർച്ചയായ ആക്രമണങ്ങൾ തന്നിൽ ആശങ്കയുളവാക്കുന്നുണ്ടെന്ന് പ്രസ്താവിച്ച ശിശുക്ഷേമനിധി പ്രതിനിധി, ജനുവരി ഒന്നാം തീയതി ഞായറാഴ്ച, പോൾതാവയിൽ ഒരു കെട്ടിടത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ മൂന്ന് കുട്ടികൾക്ക് പരിക്കേറ്റുവെന്ന് അറിയിച്ചു. ഇതേസമയത്ത് ക്രമാതോർസ്ക്, സുമി, സിനെൽനികോവ് എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളിൽ മറ്റ് നാല് കുട്ടികൾക്ക് കൂടി പരിക്കേറ്റുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർച്ചയായുണ്ടാകുന്ന ഈ ആക്രമണങ്ങൾ ശാരീരികവും മാനസികവുമായ തകർച്ച മാത്രമല്ല, കുട്ടികളുടെ സമഗ്രമായ വളർച്ചയെ വരെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
റിപ്പോർട്ടുകൾ പ്രകാരം ,ഒഡെസയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ രണ്ടു സ്‌കൂളുകൾ തകർക്കപ്പെട്ടു. ഇവയിൽ ഒന്നിന് യൂണിസെഫ് സംരക്ഷണകവചമൊരുക്കിയിരുന്നുവെന്നും, അതുകൊണ്ടുതന്നെ അതിന് കാര്യമായ കേടുപാടുകൾ സംഭവിച്ചില്ലെന്നും, ആക്രമണസമയത്ത് കുട്ടികൾ സ്‌കൂളിൽ ഇല്ലാതിരുന്നതിനാൽ മാത്രം അവർ രക്ഷപെട്ടുവെന്നും മമ്മദ്‌സാദേ പ്രസ്താവിച്ചു. നിക്കോപോളിലും സപൊരീജിയയിലുമായി രണ്ട് സ്കൂളുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
കുട്ടികൾ എല്ലാത്തരം അപകടങ്ങളിൽനിന്നും അക്രമണങ്ങളിൽനിന്നും സംരക്ഷിക്കപ്പെടണമെന്നും, അവർക്ക് സംരക്ഷണമേകുന്ന സ്‌കൂളുകൾ, ആരോഗ്യപരിപാലനകേന്ദ്രങ്ങൾ, സാമൂഹ്യസേവനകേന്ദ്രങ്ങൾ തുടങ്ങിയവ ആക്രമിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും യൂണിസെഫ് ആവശ്യപ്പെട്ടു.
ജനനിബിഢപ്രദേശങ്ങളിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ആക്രമിക്കുന്നത്, കുട്ടികളുടെയും പൊതുജനങ്ങളുടെയും നന്മ ലക്ഷ്യമാക്കി ഒഴിവാക്കണമെന്നും, കഴിഞ്ഞ മൂന്ന് വർഷങ്ങളോളമായിത്തുടരുന്ന ആക്രമണങ്ങൾ അവസാനിപ്പിച്ച് കുട്ടികൾക്ക് സമാധാനം ഉറപ്പാക്കണമെന്നും യൂണിസെഫ് പ്രതിനിധി ആവശ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: