തിരയുക

സങ്കീർത്തനചിന്തകൾ - 104 സങ്കീർത്തനചിന്തകൾ - 104 

പ്രപഞ്ചസ്രഷ്ടാവും സംവിധായകനും പരിപാലകനുമായ ദൈവത്തെ സ്തുതിക്കാം

വചനവീഥി: നൂറ്റിനാലാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
ശബ്ദരേഖ - നൂറ്റിനാലാം സങ്കീർത്തനം - ഒരു വിചിന്തനം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പ്രപഞ്ചത്തിന്റെയും, അതിലെ സകലത്തിന്റെയും സ്രഷ്ടാവായ ദൈവത്തെ സ്തുതിക്കുന്ന ഒരു സങ്കീർത്തനമാണ് നൂറ്റിനാലാം സങ്കീർത്തനം. ഉത്പത്തിപുസ്തകം ഒന്നും രണ്ടും അദ്ധ്യായങ്ങളിലും ജോബിന്റെ പുസ്തകം മുപ്പത്തിയെട്ട് മുതൽ നാൽപ്പത് വരെ അദ്ധ്യായങ്ങളിലും കാണുന്ന പ്രപഞ്ചസ്രഷ്ടിയെക്കുറിച്ചുള്ള വിവരണത്തിന്റെ ഒരു ചുരുക്കെഴുത്താണ് ഈ സങ്കീർത്തനവാക്യങ്ങളിൽ നമുക്ക് കാണാനാകുന്നത്. സകലതിന്റെയും, ആകാശത്തിന്റെയും, ഭൂമിയുടെയും ജലത്തിന്റെയും, ഭൂമിയിലെ സകല ജീവജാലങ്ങളുടെയും സ്രഷ്ടാവും, നിയന്താവും, പരിപാലകനും ദൈവമാണെന്നും, അതുകൊണ്ടുതന്നെ അവനെ സ്തുതിക്കുക എന്നത് തന്റെ കടമയാണെന്നും തിരിച്ചറിയുന്ന സങ്കീർത്തകൻ, ദൈവത്തെ വാഴ്ത്താനും, അവന് ജീവിതകാലം മുഴുവൻ കീർത്തനം പാടാനും തന്നെത്തന്നെയും, അതിലൂടെ വായനക്കാരായ ഏവരെയും ക്ഷണിക്കുന്നതാണ് ഈ സങ്കീർത്തനവരികളിൽ നാം കാണുന്നത്. എല്ലാം വൈദഗ്ദ്ധയത്തോടെ ക്രമപ്പെടുത്തുന്നതും, എല്ലാത്തിനെയും യഥാക്രമം നിയന്ത്രിക്കുന്നതും സ്രഷ്ടാവായ കർത്താവാണ്.

മഹത്വപൂർണ്ണനായ കർത്താവ്

സങ്കീർത്തനത്തിന്റെ ഒന്ന് മുതൽ നാല് വരെയുള്ള വാക്യങ്ങളിൽ, ദൈവമഹത്വം വർണ്ണിക്കുകയും ദൈവത്തെ വാഴ്ത്താൻ തന്റെ ആത്മാവിനെ ക്ഷണിക്കുകയും ചെയ്യുന്ന സങ്കീർത്തകനെയാണ് നാം കാണുക. അത്യുന്നതനും, മഹത്വവും തേജസ്സും ധരിച്ചിരിക്കുന്നവനുമായ കർത്താവ്  (സങ്കീ. 104, 1), വസ്ത്രമെന്നപോലെ പ്രകാശമണിയുകയും, കൂടാരമെന്നപോലെ ആകാശത്തെ വിരിക്കുകയും (സങ്കീ. 104, 2) ചെയ്യുന്നു. ദൈവികമന്ദിരത്തിന്റെ തുലാങ്ങൾ ജലത്തിൻമേൽ സ്ഥാപിച്ചവനും, വാനമേഘങ്ങളെ രഥമാക്കി കാറ്റിന്റെ ചിറകുകളിൽ സഞ്ചരിക്കുന്നവനുമാണ് ദൈവമെന്നും  (സങ്കീ. 104,3, (ഉത്പത്തി 1, 6-7)), കാറ്റുകളെ ദൂതരും, അഗ്നിയേയും അഗ്നിജ്വാലകളെയും അവൻ തന്റെ സേവകരുമാക്കിയെന്നും (സങ്കീ. 104, 4) പറയുന്നിടത്ത്, ദൈവം സർവ്വവ്യാപിയും, വായുവിന്റെയും കരയുടെയും ജലത്തിന്റെയും മേൽ അധികാരവും നിയന്ത്രണവുമുള്ളവനാണെന്ന ചിന്തയാണ് സങ്കീർത്തകൻ പകരുന്നത്.

പ്രപഞ്ചസ്രഷ്ടാവും സംവിധായകനുമായ ദൈവം

സങ്കീർത്തനത്തിന്റെ അഞ്ച് മുതൽ പതിനെട്ട് വരെയുള്ള വാക്യങ്ങളിൽ, പ്രപഞ്ചസൃഷ്ടിയും, അതിലെ ഓരോ വസ്തുവകകളുടെയും ജീവജാലങ്ങളുടെയും ക്രമീകരണവും നടത്തുന്ന ദൈവത്തെക്കുറിച്ചാണ് സങ്കീർത്തകൻ പരാമർശിക്കുന്നത്. ആമുഖമായി നാം കണ്ടതുപോലെ ഉത്പത്തിയുടെയും ജോബിന്റെയും പുസ്തകങ്ങളിലെ പ്രപഞ്ചസൃഷ്ടിയുമായി ബന്ധപ്പെട്ട ഭാഗങ്ങളിൽ കാണുന്ന ആശയങ്ങൾതന്നെയാണ് ഇവിടെയും നാം കാണുക. ശാസ്ത്രീയമായ ഒരു വിവരണമെന്നതിനേക്കാൾ, മാനുഷികമായ രീതിയിൽ പ്രപഞ്ചസൃഷ്ടിയെക്കുറിച്ചുള്ള ഒരു വിചിന്തനമായി വേണം നാം ഈ വാക്യങ്ങളെ കാണേണ്ടത്. ഇളക്കം തട്ടാത്തവിധം ഭൂമിയെ അതിന്റെ അടിസ്ഥാനത്തിലുറപ്പിച്ചതും (സങ്കീ. 104, 5), വസ്ത്രം കൊണ്ടെന്നപോലെ ആഴികൊണ്ട് അതിനെ ആവരണം ചെയ്തതും ദൈവമാണെന്നും, പർവ്വതങ്ങൾക്കും മീതെ നിന്നിരുന്ന ജലം (സങ്കീ. 104, 6)  വീണ്ടും ഭൂമിയെ മൂടാതിരിക്കുവാൻ അലംഘനീയമായ രീതിയിൽ അതിന് അതിരു നിശ്ചയിച്ചത് അവിടുന്നാണെന്നും (സങ്കീ. 104, 9) മലകൾക്കിടയിലൂടെ താഴ്വരകളിലേക്ക് ഉറവകളൊഴുക്കുന്നത് അവിടുന്നാണെന്നും (സങ്കീ. 104, 10) സങ്കീർത്തകൻ എഴുതുന്നു. നിയന്ത്രണമില്ലാതിരുന്ന ജലത്തെ ഭൂമിയിലെ മറ്റു ജീവജാലങ്ങളുടെയും, ഭൂമിയുടെതന്നെയും സുസ്ഥിരമായ നിലനിൽപ്പിനായി നിയന്ത്രിച്ചത് ദൈവമാണെന്ന ഒരു ചിന്തയാണ് ഈ വാക്യങ്ങളിലൂടെ സങ്കീർത്തകൻ പങ്കുവയ്ക്കുന്നത്. പർവ്വതങ്ങളും താഴ്വരകളും വിഭാവനം ചെയ്‌ത്‌ ക്രമപ്പെടുത്തിയതും ദൈവമാണെന്ന് സങ്കീർത്തകൻ എഴുതുന്നുണ്ട് (സങ്കീ. 104, 8). ഭൂമിയിലെ മൃഗങ്ങൾക്ക് ദാഹശമനത്തിനായും (സങ്കീ. 104, 11) ആകാശത്തിലെ പറവകൾക്ക് സുഖകരമായ വാസത്തിനായും (സങ്കീ. 104, 12), ഭൂമിയുടെ നന്മയ്ക്കായും (സങ്കീ. 104, 13) ജലത്തെ നിയന്ത്രിച്ചൊഴുക്കുന്നത് കർത്താവാണ്. കന്നുകാലികൾക്ക് വേണ്ടി പുല്ലും, മനുഷ്യർക്ക് ആഹാരം ലഭിക്കാൻവേണ്ടി സസ്യങ്ങളും മുളപ്പിക്കുന്നതും (സങ്കീ. 104, 14) മനുഷ്യന്റെ ഉപയോഗത്തിനായി വീഞ്ഞും, എണ്ണയും ഭക്ഷണവും പ്രദാനം ചെയ്യുന്നതും ദൈവം തന്നെ (സങ്കീ. 104, 15). പക്ഷികൾക്ക് ചേക്കേറാൻ ദേവദാരുവും മറ്റു വൃക്ഷങ്ങളും, മൃഗങ്ങൾക്കായി പർവ്വതങ്ങളും പാറകളും സൃഷ്ടിച്ച് ക്രമപ്പെടുത്തിയതും ദൈവമാണ് (സങ്കീ. 104, 16-18).

പ്രപഞ്ചം മുഴുവനും, പ്രത്യേകിച്ച് ഭൂമിയും അതിലെ സകലതും എല്ലാത്തിന്റെയും നന്മയ്ക്കായി സൃഷ്ടിച്ച്, ക്രമീകരിച്ച്, പരിപാലിച്ച് കൊണ്ടുപോകുന്നത് ദൈവമാണെന്നും, പ്രകൃതിയിലെ സുസ്ഥിരമായ ക്രമീകരണം തിരിച്ചറിഞ്ഞ് ദൈവത്തെ സ്തുതിക്കേണ്ടത് സ്രഷ്ടികളായ നമ്മുടെ കടമയാണെന്നും ഉദ്ബോധിപ്പിക്കുകയാണ് ഈ വാക്യങ്ങളിലൂടെ സങ്കീർത്തകൻ. മനുഷ്യന് മാത്രമല്ല, എല്ലാത്തിനും എല്ലാവർക്കും ഈ പ്രപഞ്ചത്തിൽ ദൈവം നൽകിയ ഒരു സ്ഥാനവും പ്രാധാന്യവും ഉണ്ടെന്നും, സൃഷ്ടപ്രപഞ്ചത്തിൽ പരസ്പരസഹവാസത്തിനായാണ് എല്ലാം ക്രമീകരിക്കപ്പെട്ടിരിക്കുന്നതെന്നും ഉള്ള ചിന്തകളാണ് ഇവിടെ നമുക്ക് കാണാനാകുക.

പ്രകൃതിയുടെയും ജീവജാലങ്ങളുടെയും ക്രമീകരണവും പരിപാലനവും ദൈവാരാധനയും

സങ്കീർത്തനത്തിന്റെ പത്തൊൻപത് മുതലുള്ള വാക്യങ്ങളിൽ പ്രപഞ്ചം മുഴുവൻ സ്രഷ്ടിച്ച ദൈവം എത്ര മനോഹരവും കൃത്യവുമായാണ് എല്ലാത്തിനെയും ക്രമീകരിച്ചതെന്നുള്ള ബോധ്യമാണ് സങ്കീർത്തകൻ പങ്കുവയ്ക്കുന്നത്. ഋതുക്കൾ നിർണ്ണയിക്കാൻ ചന്ദ്രനെ നിർമ്മിച്ചതും, സൂര്യന്റെ ഉദയാസ്തമയങ്ങൾ ക്രമപ്പെടുത്തിയതും ഇതേ ദൈവമാണ് (സങ്കീ. 104, 19). രാത്രിയിൽ ഇരയെത്തേടി വന്യജീവികൾ പുറത്തിറങ്ങുന്നതും, പകൽ അവ ഗുഹകളിൽ അഭയം തേടുന്നതും, മനുഷ്യൻ വേലയ്ക്കിറങ്ങി, സുരക്ഷിതമായി പകലന്തിയോളം അദ്ധ്വാനിക്കുന്നതും ദൈവം തീരുമാനിച്ച ക്രമപ്രകാരമാണെന്ന് സങ്കീർത്തകൻ മനസിലാക്കുന്നു (സങ്കീ. 104, 20-23). തന്റെ ജ്ഞാനത്താൽ ദൈവം സൃഷ്ടിച്ചവയെല്ലാം വൈവിധ്യപൂർണ്ണങ്ങളാണെന്ന് ഏറ്റുപറയുന്ന സങ്കീർത്തകൻ (സങ്കീ. 104, 24), ചെറുതും വലുതുമായ അസംഖ്യം ജീവികളെക്കൊണ്ട് നിറഞ്ഞ മഹാസമുദ്രവും ഇതേ ദൈവത്തിന്റെ നിയന്ത്രണത്തിലാണെന്നും, കപ്പലുകൾ സഞ്ചരിക്കുന്ന അതിൽ, ദൈവസൃഷ്ടിയായ, എന്നാൽ ഭീകരാസത്വമായി കരുതപ്പെടുന്ന (സങ്കീ. 74, 14, ഏശയ്യാ 27, 1) ലവിയാഥനും വിഹരിക്കുന്നുവെന്നും (സങ്കീ. 104, 25-26) എഴുതുന്നുണ്ട്. ഭൂമിയിൽ എല്ലാത്തിനും നിലനിൽക്കാൻ ദൈവം അവസരം നൽകുന്നുണ്ടെന്നും, എന്നാൽ അവയെല്ലാം ദൈവത്തിന് കീഴിലായിരിക്കണമെന്നും തുടർന്നുള്ള സങ്കീർത്തനവാക്യങ്ങളുടെ കൂടി അടിസ്ഥാനത്തിൽ നമുക്ക് കാണാനാകും. ദൈവം എല്ലാം സൃഷ്ടിച്ച് ക്രമീകരിച്ചിട്ടുണ്ടെങ്കിലും, സ്രഷ്ടപ്രപഞ്ചം അവനിലേക്ക് നോക്കി, അവന്റെ ഹിതമനുസരിച്ച്, അവനിൽനിന്നാണ് എല്ലാം സ്വീകരിക്കുന്നതെന്ന ബോധ്യത്തോടെ വേണം ജീവിക്കേണ്ടതെന്ന ഉദ്ബോധനമാണ് ഇരുപത്തിയേഴും ഇരുപത്തിയെട്ടും വാക്യങ്ങളിൽ നമുക്ക് കാണാനാകുക (സങ്കീ. 104, 27-28). അങ്ങ് ശ്വാസം പിൻവലിക്കുമ്പോൾ അവ പൂഴിയിലേക്ക് മടങ്ങുന്നുവെന്നും, അങ്ങ് ജീവശ്വാസമയക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നുവെന്നുമുള്ള വാക്യങ്ങളിലൂടെ, ദൈവമാണ് ജീവന്റെ ദാതാവും, പരിപാലകനുമെന്നും സങ്കീർത്തകൻ ഏറ്റുപറയുന്നു (സങ്കീ. 104, 29-30).

പ്രപഞ്ചത്തിന്റെ സ്രഷ്ടാവും, സംവിധായകനും, പരിപാലകനുമായ ദൈവത്തെക്കുറിച്ചുള്ള ചിന്തകളുടെ അടിസ്ഥാനത്തിൽ, ദൈവത്തിന് മുന്നിൽ ഭയഭക്തിബഹുമാനങ്ങളോടെ ആയിരിക്കാനും (സങ്കീ. 104, 31-32), തന്റെ ജീവിതകാലം മുഴുവനും കർത്താവിന് കീർത്തനം പാടാനും, അവനെ സ്തുതിക്കാനുമുള്ള തന്റെ തീരുമാനവും, ഈ ഗാനം ദൈവത്തിന് പ്രീതികരമാകട്ടെയെന്ന സങ്കീർത്തകന്റെ ആഗ്രഹവുമാണ് (സങ്കീ. 104, 33-34) സങ്കീർത്തനത്തിന്റെ അവസാനഭാഗത്ത് നാം കാണുന്നത്. ദൈവത്തിന്റെ നന്മയും മഹത്വവും തിരിച്ചറിയുന്ന ഒരുവന്, തിന്മ ചെയ്യുന്നവരെ സ്വീകരിക്കാനോ, തിന്മയെ അംഗീകരിക്കാനോ സാധിക്കില്ലെന്ന ഒരു ചിന്ത പങ്കുവയ്ക്കുന്ന സങ്കീർത്തനത്തിന്റെ അവസാനവാക്യം, കർത്താവിനെ വാഴ്ത്താനും സ്തുതിക്കാനും തന്റെ ആത്മാവിനെ ആഹ്വാനം ചെയ്യുന്ന  (സങ്കീ. 104, 31-35), സങ്കീർത്തകന്റെ വാക്കുകളോടെയാണ് അവസാനിക്കുന്നത്.

സങ്കീർത്തനം ജീവിതത്തിൽ

പ്രപഞ്ചവും അതിലെ സകലതും ഒരു വിശ്വാസിയിൽ എപ്രകാരമാണ് ദൈവികചിന്തയുണർത്തുന്നതെന്നതാണ് നൂറ്റിനാലാം സങ്കീർത്തനത്തിലൂടെ നാം വായിച്ചറിയുന്നത്. ദൈവത്തിന്റെ മഹത്വത്തിന്റെയും പ്രപഞ്ചസൃഷ്ടിയിലൂടെയും പരിപാലനത്തിലൂടെയും വെളിവാകുന്ന ദൈവികനന്മയുടെ തിരിച്ചറിവ്, നമ്മിലും നന്ദിയുടെ വികാരങ്ങൾ ഉണർത്തണമെന്നും, നമ്മെയും നിസ്സംഗതയുടെയും അവിശ്വാസത്തിന്റെയും നിശബ്ദതയിൽനിന്ന് ആരാധനയുടെ സ്തുതിഗീതങ്ങളിലേക്ക് കൊണ്ടുചെന്നെത്തിക്കണമെന്നും ഈ ഗീതത്തിലൂടെ സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നു. ഇതിലേക്കായി, പ്രപഞ്ചത്തിനും അതിലെ സകലതിനും പിന്നിൽ തെളിയുന്ന ദൈവമഹത്വം തിരിച്ചറിയാനും, ആ തിരിച്ചറിവിൽനിന്ന് വിശ്വാസത്തിലേക്കും, ദൈവാരാധനയുടെ ചിന്തകളിലേക്കും കടന്നുചെല്ലാനും, സങ്കീർത്തകനും വിശ്വാസിസമൂഹത്തിനുമൊപ്പം ജീവിതം ദൈവസ്തുതിയുടെ കീർത്തനമാക്കി മാറ്റാനും നമുക്കും സാധിക്കട്ടെ. അവന്റെ ജീവശ്വാസമാണ് നമ്മെ ജീവനിൽ നിലനിറുത്തുന്നതെന്ന് തിരിച്ചറിഞ്ഞ് ജീവിക്കാം. ദൈവസൃഷ്ടിയുടെ ഭംഗി കെടുത്തുന്ന തിന്മകളിലും പാപത്തിലും നിന്നകന്ന്, ദൈവത്തിന് പ്രീതികരമായ ഒരു ജീവിതം നയിക്കാനും, സങ്കീർത്തകന്റേതുപോലെ നമ്മുടെ ജീവിതങ്ങളെയും ദൈവമഹത്വത്തിന്റെ പ്രഘോഷണവും സ്തുതിയും സാക്ഷ്യവുമാക്കി മാറ്റുകയും ചെയ്യാം. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 ഫെബ്രുവരി 2025, 16:18