സർവ്വപ്രപഞ്ചത്തിനും ആനന്ദമേകുന്ന ദൈവവിധി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
തൊണ്ണൂറ്റിനാലും തൊണ്ണൂറ്റിയാറും സങ്കീർത്തനങ്ങൾ പോലെ കർത്താവ് ഭൂമിയെ വിധിക്കുന്നതുമായി ബന്ധപ്പെട്ട ചിന്തകൾ ഉൾക്കൊള്ളുന്ന ഒരു ഗീതമാണ് തൊണ്ണൂറ്റിയെട്ടാം സങ്കീർത്തനം. തൊണ്ണൂറ്റിമൂന്നാം സങ്കീർത്തനത്തിൽ ആരംഭിച്ച്, ഇസ്രയേലിന്റെയും സർവ്വപ്രപഞ്ചത്തിന്റെയും നാഥനായ യാഹ്‌വെയുടെ രാജത്വം, പ്രപഞ്ചത്തിന്മേലുള്ള അവന്റെ സർവ്വാധികാരം, അന്ത്യവിധി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന എട്ട് കീർത്തനങ്ങളിൽ ആറാമത്തേതാണ് ഈ സങ്കീർത്തനം. കർത്താവിന്റെ വിജയത്തിൽ സ്തുതിഗീതങ്ങൾ ആലപിക്കുവാനും, അവൻ ഭൂമിയെയും ലോകത്തെയും വിധിക്കുവാൻ വരുന്നതിൽ ആനന്ദിക്കുവാനും, കർത്താവിന്റെ മഹത്തായ പ്രവർത്തനങ്ങളിലും അവന്റെ വിജയത്തിലും ആഘോഷിക്കുവാനും, എല്ലാ ദേശങ്ങളെയും സർവ്വപ്രപഞ്ചത്തെയും സങ്കീർത്തനം ക്ഷണിക്കുന്നു. ദൈവജനമായ ഇസ്രയേലിന്റെ സമാധാനപരമായ അസ്തിത്വത്തിനെതിരെ നിൽക്കുന്ന എല്ലാ ജനതകളുടെയും ശക്തികളുടെയും മേലുള്ള കർത്താവിന്റെ വിജയത്തെയാണ് സങ്കീർത്തനം പരാമർശിക്കുന്നത്. ശക്തനായ ഒരു യോദ്ധാവിനെപ്പോലെയാണ് അവൻ വിജയം നേടിയിരിക്കുന്നത്. കർത്താവിന്റെ വിജയം അവന്റെ നീതിയുടെയും, ഇസ്രായേൽ ഭവനത്തോടുള്ള അവന്റെ കരുണയുടെയും വിശ്വസ്തതയുടെയും തെളിവുകൂടിയാണ്. അവസാനകാലവുമായി ബന്ധപ്പെട്ട ചിന്തകൾ ഉൾക്കൊള്ളുന്ന ഈ സങ്കീർത്തനം ദ്വിതീയ ഏശയ്യയുമായി അടുത്തുബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്.
കർത്താവിന്റെ വിശ്വസ്തതയും വിജയവും ഇസ്രായേൽ ജനവും
കർത്താവിന് ഒരു പുതിയ കീർത്തനം ആലപിക്കാനുള്ള പൊതുവായ ഒരു ആഹ്വാനത്തോടെയാണ് തൊണ്ണൂറ്റിയെട്ടാം സങ്കീർത്തനം ആരംഭിക്കുന്നത്. ഇതിനുള്ള കാരണമായി, സങ്കീർത്തനത്തിന്റെ ഒന്ന് മുതൽ മൂന്ന് വരെയുള്ള വാക്യങ്ങളിൽ കർത്താവിന്റെ വിജയവും നീതിയും കരുണയും വിശ്വസ്ഥതയും സങ്കീർത്തനം പ്രഘോഷിക്കുന്നു. തൊണ്ണൂറ്റിയാറാം സങ്കീർത്തനത്തിലും (സങ്കീ. 96) ഏശയ്യാപ്രവാചകന്റെ പുസ്തകം നാല്പത്തിരണ്ട്, അൻപത്തിരണ്ട്, അൻപത്തിയൊൻപത്, അറുപത്തിമൂന്ന് (ഏശയ്യാ 42,10-13; 52, 9-10; 59,16; 63, 5) തുടങ്ങിയ അദ്ധ്യായങ്ങളിലും കാണുന്ന ഒരു ചിന്തയാണ് ഇവിടെയും നാം കണ്ടുമുട്ടുന്നത്. പ്രബലനായ ഒരു യോദ്ധാവിനെപ്പോലെ, കർത്താവിന്റെ ശക്തമായ കരങ്ങളും വിശുദ്ധമായ ഭുജവും വിജയം നേടിയിരിക്കുന്നു (സങ്കീ. 98, 1). സർവ്വത്തെയും വിജയിച്ച യാഹ്‌വെയെന്ന ഇസ്രയേലിന്റെ ദൈവത്തിന് സകലരും പുതിയൊരു സ്തുതിഗീതമാലപിക്കേണ്ടിയിരിക്കുന്നു. ഇസ്രായേലിന്റെ സമാധാനപൂർണ്ണമായ നിലനിൽപ്പിന് എതിരായി നിൽക്കുന്ന എല്ലാ ശക്തികളെയും കീഴടക്കി തന്റെ ജനത്തിന് വിജയം നൽകുന്നവനാണ് യാഹ്‌വെയെന്ന ദൈവം.
കർത്താവുതന്നെയാണ് തന്റെ വിജയവും, നീതിയും ജനതകളുടെ മുന്നിൽ, ഭൂമിയുടെ അതിർത്തികളോളം, ലോകമെമ്പാടും അറിയപ്പെടുന്ന രീതിയിൽ വെളിപ്പെടുത്തുന്നത്. ഇസ്രായേൽജനത്തിന് തങ്ങളുടെ ദൈവത്തിന്റെ ഇടപെടലിലൂടെ ലഭിച്ച വിജയത്തിന്റെ പരസ്യമായ ഒരു വിളംബരം കൂടിയാണ് സങ്കീർത്തനവാക്യങ്ങളിൽ നാം കാണുന്നത്. ഇസ്രായേൽ ജനത്തോടുള്ള ദൈവത്തിന്റെ കരുണയുടെയും വിശ്വസ്തതയുടെയും തെളിവുകൂടിയാണ് അവർ നേടുന്ന വിജയം. ഭൂമിയുടെ അതിർത്തികൾ വരെ, സകലരും ഇസ്രയേലിന്റെ ദൈവത്തിന്റെ വിജയം ദർശിച്ചുവെന്ന് സങ്കീർത്തനം പ്രഘോഷിക്കുന്നു (സങ്കീ. 98, 3).
ഭൂമിയുടെയും പ്രപഞ്ചത്തിന്റെയും നാഥനായ ദൈവം
ദൈവത്തിന്റെ വിജയവും ഇസ്രായേൽ ജനതയോടുളള അവന്റെ പ്രത്യേക പരിഗണനയുമാണ് സങ്കീർത്തനത്തിന്റെ ആദ്യഭാഗത്ത് നാം കാണുന്നതെങ്കിൽ, നാലുമുതൽ ആറുവരെയുള്ള വാക്യങ്ങളിൽ, ഭൂമിയെ വിധിക്കാൻ വരുന്ന യാഹ്‌വെയിൽ ഭൂമിയിലെ എല്ലാ ജനതകളും, പ്രപഞ്ചശക്തികളും സന്തോഷവും ആനന്ദവും അനുഭവിക്കുന്നതിനെക്കുറിച്ചും, അവന് സ്തുതിഗീതങ്ങൾ ആലപിക്കുന്നതിന് അവർക്കുള്ള ക്ഷണത്തെക്കുറിച്ചുമാണ് നാം വായിക്കുന്നത്.
ഇതിൽ ഒന്നാമത്തെ ഭാഗത്ത് കർത്താവിന് ആനന്ദഗീതമാലപിക്കുന്നതിനും ആഹ്ളാദാരവത്തോടെ അവിടുത്തെ സ്തുതിക്കുന്നതിനും, ഭൂമിയെ മുഴുവനും ആഹ്വാനം ചെയ്യുന്ന സങ്കീർത്തനവരികളാണുള്ളത്. യാഹ്‌വെ ഇസ്രയേലിനെ തന്റെ ജനമായി പ്രത്യേകം തിരഞ്ഞെടുക്കുന്നുവെങ്കിലും, അവന്റെ വിജയവും സാന്നിദ്ധ്യവും ഭൂമിയിലെ ജനതകളിലേക്ക് മുഴുവൻ അനുഗ്രഹമായി എത്തുന്നുവെന്ന ഒരു ചിന്തയിലാണ് സങ്കീർത്തനം ഭൂമിയെ മുഴുവൻ ഇത്തരമൊരു സ്തുതിഗീതാലാപനത്തിന് ക്ഷണിക്കുന്നത്. അബ്രാഹത്തെ വിളിക്കുന്നതുമായി ബന്ധപ്പെട്ട് ഉൽപ്പത്തിപ്പുസ്തകം പന്ത്രണ്ടാം അധ്യായത്തിന്റെ ആദ്യഭാഗത്ത്, "നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗ്രഹീതമാകും" (ഉൽപത്തി 12, 3) എന്ന് കർത്താവ് വാഗ്ദാനം ചെയ്യുന്നത് നാം വായിക്കുന്നുണ്ട്. കർത്താവിന്റെ വിജയവും നീതിയും വിശ്വസ്തതയും ഭൂമിയുടെ അതിർത്തികളോളവും പ്രഘോഷിക്കപ്പെടുന്നതിനാൽ, ഭൂമി മുഴുവനും അവന്റെ സ്തുതികൾ ആലപിക്കുന്നത് കരണീയമാണ്. കിന്നാരം മീട്ടിയും, കൊമ്പും കാഹളവും മുഴക്കിയും സ്തുതിയർപ്പിക്കാൻ സങ്കീർത്തകൻ ആഹ്വാനം ചെയ്യുന്നതിന് (സങ്കീ. 98, 4-6) പഴയനിയമത്തിലെ വിവിധ ഭാഗങ്ങളിലുൾപ്പെടെ, രാജാക്കന്മാരുടെ വിജയത്തിൽ പ്രജകൾ നടത്തുന്ന ആഹ്ലാദാരവങ്ങളോടും, കർത്താവിന്റെ മുന്നിൽ ദൈവജനത്തിന്റെ സ്‌തോത്രാലാപനത്തോടും സാമ്യമുണ്ട്. ദിനവൃത്താന്തത്തിന്റെ രണ്ടാം പുസ്തകം 29-ആം അധ്യായത്തിൽ, ദാവീദുരാജാവിന്റെ കല്പനയനുസരിച്ച്, ലേവ്യരും പുരോഹിതരും ദേവാലയത്തിൽ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ കർത്താവിന് സ്തോത്രമാലപിക്കുന്നതും (2 ദിനവൃത്താന്തം 29, 25-30), എസ്രാ പ്രവാചകന്റെ ഗ്രന്ഥം മൂന്നാമദ്ധ്യായത്തിൽ, ദേവാലയനിർമ്മാണത്തെക്കുറിച്ച് പറയുന്ന ഭാഗത്ത്, ദേവാലയത്തിലെ ആർപ്പുവിളിയുടെ സ്വരം അകലങ്ങളോളം കേൾക്കാമായിരുന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നതും (എസ്ര 3, 13) നാം കാണുന്നുണ്ട്.
കർത്താവിന് സ്തോത്രഗീതങ്ങൾ ആലപിക്കുവാൻ ഇസ്രായേൽ ജനത്തോടും, ഭൂമിയിലെ ജനതകളോടും ആഹ്വാനം ചെയ്ത സങ്കീർത്തനം, അതിന്റെ ഏഴും എട്ടും വാക്യങ്ങളിൽ, ഈ സ്തുതിയപ്പണത്തിന്റെ ഭാഗമാകാൻ പ്രപഞ്ചശക്തികൾക്കുള്ള വിളി അറിയിക്കുന്നതാണ് നാം കാണുന്നത്. ഇസ്രായേൽ ജനത്തിന്റെ സ്‌തോത്രാലാപനത്തോട്, ഭൂമിയിലെ ജനതകൾ ഒരുമിച്ചുചേരുമ്പോൾ, സമുദ്രത്തിന്റെ ഇരമ്പലും, ഭൂമിയിലെ ജലപ്രവാഹങ്ങളുടെ സ്വരവും, ദൈവസ്തുതിയുടെ ഗീതങ്ങൾക്ക് അകമ്പടിയായുണ്ടാകണമെന്ന് സങ്കീർത്തനവരികൾ ഓർമ്മിപ്പിക്കുന്നു. സമുദ്രവും അതിലുള്ളവയും, ഭൂമിയും അതിലെ നിവാസികളും സ്വരമുയർത്തട്ടെ, ജലപ്രവാഹങ്ങൾ കരഘോഷം മുഴക്കട്ടെ, പർവ്വതങ്ങൾ ഒത്തൊരുമിച്ച് ആനന്തകീർത്തനമാലപിക്കട്ടെ (സങ്കീ. 98, 7-8). കർത്താവിന്റെ വിജയവും, അവന്റെ ഭരണവും, സങ്കീർത്തനത്തിന്റെ അവസാനവാക്യത്തിൽ നാം വായിക്കുന്ന, ലോകത്തെ നീതിയോടും, ജനതകളെ ന്യായത്തോടും കൂടി അവൻ നടത്തുവാനിരിക്കുന്ന വിധിയും (സങ്കീ. 98, 9), ഈ ഭൂമിയിൽ പലപ്പോഴും നീതി നിഷേധിക്കപ്പെട്ട ഇസ്രായേൽ ജനതയ്ക്ക് മാത്രമല്ല, ഭൂമിയ്ക്കും, അതിലെ സകല നിവാസികൾക്കും പ്രപഞ്ചത്തിന് മുഴുവനും ആനന്ദമേകുന്നതായിരിക്കുമെന്ന ഒരു ചിന്ത അവതരിപ്പിച്ചുകൊണ്ടാണ് സങ്കീർത്തനം അവസാനിക്കുന്നത്. ദൈവസൃഷ്ടിയായ ഈ പ്രപഞ്ചം മുഴുവൻ, തന്റെ സൃഷ്ടാവിന് ഒത്തൊരുമിച്ച് നന്ദിയുടെ ഗീതം ആലപിക്കുന്നതിനെക്കുറിച്ചുള്ള മനോഹരമായ ഒരു രംഗം കൂടിയാണ് ഈ സങ്കീർത്തനവരികളിൽ നമുക്ക് കാണാനാവുക.
സങ്കീർത്തനം ജീവിതത്തിൽ
കർത്താവിന്റെ നീതിയും ന്യായവും നിറഞ്ഞ വിധിയെക്കുറിച്ചുള്ള ചിന്തകൾ അവതരിപ്പിച്ചുകൊണ്ട്, അതിൽ ആനന്ദിക്കാനും, സകലത്തിന്റെയും നാഥനായ ഇസ്രയേലിന്റെ കർത്താവിന് സ്തുതിഗീതങ്ങൾ ആലപിക്കാനും ഇസ്രായേൽ ജനതയെയും, ഭൂമിയെയും അതിലെ നിവാസികളെയും പ്രപഞ്ചത്തെ മുഴുവനും ആഹ്വാനം ചെയ്യുന്ന തൊണ്ണൂറ്റിയെട്ടാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, പ്രത്യാശയുടെയും ആനന്ദത്തിന്റെയും നാളുകളെക്കുറിച്ചുള്ള പ്രതീക്ഷകളാണ് സങ്കീർത്തനം നമുക്ക് മുന്നിൽ വയ്ക്കുന്നതെന്ന് കാണാം. പലപ്പോഴും നീതിയും ന്യായവും നിഷേധിക്കപ്പെടുന്ന, മുൻവിധികളും, സ്വാധീനങ്ങളും, സ്വാർത്ഥചിന്തകളും വിധിപറയുന്ന ഈ ലോകത്ത്, അവയെ അതിജീവിക്കുന്ന ദൈവനീതിയുടെയും, കുറവുകളില്ലാത്ത ദൈവത്തിന്റെ വിശ്വസ്തതയുടെയും ഒരു നല്ല നാളയെക്കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ആനന്ദമേകുന്നവയാണ്. അതേസമയം, നീതിയിലും ന്യായത്തിലും പ്രപഞ്ചത്തെ വിധിക്കുന്ന ഒരു ദൈവത്തെക്കുറിച്ചുള്ള ചിന്തകൾ, ദൈവികമായ നീതിയും ന്യായവുമനുസരിച്ച് ജീവിക്കാനുള്ള നമ്മുടെ വിളിയെക്കുറിച്ചുകൂടി നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. ദൈവത്തിന് മുന്നിൽ, അവന്റെ നാമത്തിനും മഹത്വത്തിനും ചേർന്ന വിധത്തിൽ, നിർമ്മലമായ മനഃസാക്ഷിയോടെ ജീവിക്കുകയും, സമുദ്രത്തിനൊപ്പം അഗാധമായ ദൈവസ്നേഹവും, നിലയ്ക്കാത്ത ജലപ്രവാഹം പോലെ സജീവമായ വിശ്വാസവും, പർവ്വതങ്ങൾക്കൊപ്പം ഉയർന്ന മൂല്യങ്ങളും സ്വന്തമാക്കുകയും ചെയ്യാം. അവസാനവിധിദിനത്തിൽ പ്രപഞ്ചത്തിന്റെ അതിരുകൾക്കുമപ്പുറമെത്തുന്ന ദൈവസ്‌തുതികളിൽ നമ്മുടെ സ്വരവുമുണ്ടാകട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: