സോമാലിയ മൊഗദിഷു കടൽത്തീരത്ത് ഭീകരാക്രമണം: പൊതുജനം ഭീതിയിൽ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഓഗസ്റ്റ് രണ്ട് വെള്ളിയാഴ്ച, സൊമാലിയയുടെ തലസ്ഥാനം മൊഗദിഷുവിലെ കടൽപ്പുറത്തുണ്ടായ കടുത്ത ഭീകരാക്രമണത്തിന്റെ ഭീതിയിലാണ് രാജ്യമെന്ന് ഫീദെസ് വാർത്താ ഏജൻസി. അൽ-ഷബാബിന്റെ പ്രവർത്തകർ കടൽത്തീരത്തുള്ള ഒരു ഹോട്ടലിൽ നടത്തിയ ആക്രമണത്തിൽ നാൽപ്പതിലധികം ആളുകൾ മരിക്കുകയും നൂറ്റിനാല്പ്പതോളം പേർക്ക് പരിക്കേൽക്കുകയു ചെയ്‌തിരുന്നു. സുരക്ഷിതമെന്ന് കരുതിയിരുന്ന ഒരു പ്രദേശത്താണ് ഈ അക്രമണമുണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുണ്ടെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.
ആക്രമണത്തെത്തുടർന്ന് ഓഗസ്റ്റ് നാലാം തീയതി ഞായറാഴ്ച, തീവ്രവാദപ്രവർത്തനങ്ങൾക്ക് അറുതിവരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൂറുകണക്കിന് ആളുകൾ തെരുവുകളിൽ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് സർക്കാർ ചിലരെ അറസ്റ്റ് ചെയ്യുകയും അന്വേഷങ്ങളുമായി മുന്നോട്ട് പോവുകയും ചെയ്യുന്നുണ്ടെന്ന് വാർത്താ ഏജൻസികൾ അറിയിച്ചു.
കടൽത്തീരത്തുള്ള സീ വ്യൂ ഹോട്ടലിനടുത്ത് വച്ചാണ് സ്ഫോടകവസ്തുക്കൾ ശരീരത്തിൽ കെട്ടിവെച്ച തീവ്രവാദി പൊട്ടിത്തെറിച്ചത്. കഴിഞ്ഞ നാലുവർഷങ്ങളിൽ ഈ പ്രദേശത്ത് മാത്രം ഇത്തരത്തിലുള്ള മൂന്ന് ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, മരണമടഞ്ഞവരുടെ എണ്ണവും, ആക്രമണത്തിനായുള്ള തയ്യാറെടുപ്പുകളും കണക്കിലെടുക്കുമ്പോൾ, ഏറ്റവും തീവ്രതയേറിയ ആക്രമണമാണ് കഴിഞ്ഞ ദിവസം നടന്നതെന്ന് വാർത്താമാധ്യമങ്ങൾ വ്യക്തമാക്കി.
ആഫ്രിക്കൻ മുനമ്പിലുള്ള പ്രദേശങ്ങളിൽ തങ്ങളുടെ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള ശക്തമായ ഒരു സന്ദേശമാണ് അൽ-ഷബാബ് എന്ന മാഫിയ, മയക്കുമരുന്ന് തീവ്രവാദസംഘം ഈ ആക്രമണം വഴി നൽകുന്നതെന്നും, സോമാലിയയിലെ സാധാരണ ശമ്പളത്തേക്കാൾ പത്തിരട്ടി നൽകി ചെറുപ്പക്കാരായ സോമാലിയൻ പൗരന്മാരെ സംഘടന തങ്ങളുടെ പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുക്കുകയാണെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഫീദെസ് അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: