അഫ്ഖാനിസ്ഥാനിലെ ഏതാനും വിദ്യാർത്ഥിനികൾ അഫ്ഖാനിസ്ഥാനിലെ ഏതാനും വിദ്യാർത്ഥിനികൾ  (ANSA)

അഫ്ഖാനിസ്ഥാൻ: മദ്ധ്യമ-ഉന്നത വിദ്യഭ്യാസം പെൺകുട്ടികൾക്ക് നിഷേധിച്ച ഏക രാജ്യം!

വിദ്യഭ്യാസത്തിനുള്ള അവകാശം മാറ്റമില്ലാത്തതും സന്ധിചെയ്യാനാവാത്തതും ആണെന്ന് ഐക്യരാഷ്ട്രസഭയുടെ വിദ്യഭ്യാസ ശാസ്ത്ര സാംസ്കാരിക സംഘടനയായ യുനെസ്കൊയുടെ ഡയറെക്ടർ ജനറൽ ശ്രീമതി ഉദ്രെയ് അസൂലെ .

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അഫ്ഖാനിസ്ഥാനിൽ മദ്ധ്യമ-ഉന്നത വിദ്യഭ്യാസം നിഷേധിക്കപ്പെട്ടിരിക്കുന്ന പെൺകുട്ടികളുടെയും സ്ത്രീകളുടെയും സംഖ്യ 14 ലക്ഷമാണെന്ന് ഐക്യരാഷ്ട്രസഭയുടെ വിദ്യഭ്യാസ ശാസ്ത്ര സാംസ്കാരിക സംഘടന, യുനെസ്കൊ (UNESCO) വെളിപ്പെടുത്തി. വിദ്യഭ്യാസാവകാശം നിഷേധിക്കപ്പെട്ട ഇവരുടെ സംഖ്യയിൽ 3 ലക്ഷത്തിൻറെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

2021 ആഗസ്റ്റ് 15-ന് വീണ്ടും അധികാരം പിടിച്ചെടുത്ത തലിബാൻറെ ഭരണം മൂന്നുവർഷം പിന്നിടുമ്പോഴുള്ള അഫ്ഖാനിസ്ഥാനിലെ സ്ത്രീകളുടെ അവസ്ഥയാണ് യുനെസ്കൊ ഒരു റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.

പ്രാഥമിക വിദ്യാഭ്യസം ലഭിക്കുന്ന കുട്ടികളുടെ സംഖ്യയും കുത്തനെ താഴ്ന്നിട്ടുണ്ടെന്ന് യുനെസ്കൊ പറയുന്നു. ആൺകുട്ടികളും പെൺകുട്ടികളുമുൾപ്പടെ 11 ലക്ഷത്തിൽ താഴെ കുട്ടികളാണ് പ്രാഥമിക വിദ്യഭ്യാസം നടത്തുന്നത്. 12 വയസ്സിനുമേൽ പ്രായമുള്ള പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിദ്യഭ്യാസം നിഷേധിച്ചിരിക്കുന്ന ഏകരാജ്യം അഫ്ഖാനിസ്ഥാനാണെന്ന് യുനെസ്കൊ വെളിപ്പെടുത്തുന്നു.

വിദ്യഭ്യാസത്തിനുള്ള അവകാശം മാറ്റമില്ലാത്തതും സന്ധിചെയ്യാനാവാത്തതും ആണെന്ന് യുനെസ്കൊയുടെ ഡയറെക്ടർ ജനറൽ ശ്രീമതി ഉദ്രെയ് അസൂലെ പറഞ്ഞു. പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിദ്യഭ്യാസ നിരോധനം ഏർപ്പെടുത്തുന്നതിനു മുമ്പ് വിദ്യഭ്യാസം നിഷേധിക്കപ്പെട്ടവരെക്കൂടി കൂട്ടുകയാണെങ്കിൽ അവരുടെ സംഖ്യ 25 ലക്ഷത്തോളമാകും. ഇത് അഫ്ഖാനിസ്ഥാനിലെ വിദ്യാർത്ഥിനകളുടെ 80 ശതമാനം വരും.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 August 2024, 11:10