തിരയുക

വെനെസ്വേലയിലെ ഒരു തിരഞ്ഞെടുപ്പു പ്രചാരണ രംഗം, 10/07/24 വെനെസ്വേലയിലെ ഒരു തിരഞ്ഞെടുപ്പു പ്രചാരണ രംഗം, 10/07/24  (ANSA)

സമ്മതിദാനാവകാശ ബഹിഷ്ക്കരണ പ്രലോഭനത്തെ മറികടക്കണം, മെത്രാന്മാർ!

വെനേസ്വലയിൽ പ്രസിഡൻറ് തിരഞ്ഞെടുപ്പ് ജൂലൈ 28-ന്. വെനെസ്വേലയുടെ ഭാവിയെ മുദ്രിതമാക്കുന്നതായിരിക്കും ഈ തിരഞ്ഞെടുപ്പെന്ന് പ്രാദേശിക മെത്രാന്മാർ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തെക്കെ അമേരിക്കൻ നാടായ വെനെസ്വേലയിൽ ആസന്നമായിരിക്കുന്ന തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കാൻ പ്രാദേശിക കത്തോലിക്കാമെത്രാന്മാർ എല്ലാ സമ്മതിദായകരോടും അഭ്യർത്ഥിക്കുന്നു.

ഈ വരുന്ന 28-ന് (28/07/24)-ന് അന്നാട്ടിൽ പ്രസിഡൻറ് തിരഞ്ഞെടുപ്പു നടക്കാൻ പോകുന്ന പശ്ചാത്തലത്തിലാണ് തങ്ങളുടെ സമ്പൂർണ്ണ സമ്മേളനാന്തരം പുറപ്പെടുവിച്ച ഒരു രേഖയിലൂടെ മെത്രാന്മാർ  ഈ അഭ്യർത്ഥന നടത്തിയിരിക്കുന്നത്.

വെനെസ്വേലയുടെ ഭാവിയെ അടയാളപ്പെടുത്തന്നതായിരിക്കും ഈ തിരഞ്ഞെടുപ്പെന്നും ആകയാൽ അതിൽ നിന്നു വിട്ടുനില്ക്കാനും നിസ്സംഗതകാണിക്കാനുമുള്ള പ്രലോഭനത്തെ അതിജീവിക്കേണ്ടത് ആവശ്യമാണെന്നും മെത്രാന്മാർ ഓർമ്മിപ്പിക്കുന്നു.

പ്രത്യാശാഭരിതമായൊരു ഭാവി ആസൂത്രണം ചെയ്യുന്നതിനും വികസനം, സമാധാനം, നീതി, സ്വാതന്ത്ര്യം എന്നിവയുടെതായ ഒരു രാജ്യം കെട്ടിപ്പടുക്കുന്നതിനും തിരഞ്ഞെടുപ്പുകളിൽ സ്വതന്ത്രവും ബോധപൂർവവും ഉത്തരവാദിത്തമുള്ളതുമായ പങ്കാളിത്തം വളരെ പ്രാധാന്യമർഹിക്കുന്നു എന്ന് മെത്രാന്മാർ അടിവരയിട്ടു പറയുന്നു. 

പ്രതിസന്ധിനിറഞ്ഞ അന്നാടിൻറെ നിലവിലുള്ള അവസ്ഥയെക്കുറിച്ചും മെത്രാന്മാർ തങ്ങളുടെ രേഖയിൽ പരാമർശിക്കുന്നുണ്ട്. വിദ്യഭ്യാസം, ആരോഗ്യം, ഭക്ഷണം, പൊതുസേവനങ്ങൾ, നീതി, ഭരണഘടന ഉറപ്പുനല്കുന്ന സ്വാതന്ത്ര്യം എന്നീ മേഖലകളിലെല്ലാം തന്നെ അവസ്ഥ വഷളായിക്കൊണ്ടിരിക്കയാണെന്ന വസ്തുത മെത്രാന്മാർ ചൂണ്ടിക്കാട്ടുന്നു. പ്രേഷിത വാർത്താ ഏജൻസി ഫിദെസ് ആണ് ഈ വിവരങ്ങൾ നല്കിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 ജൂലൈ 2024, 12:33