സുഡാനിലെ ദുരന്ത ജീവിതത്തിനിരയായ കുട്ടി. സുഡാനിലെ ദുരന്ത ജീവിതത്തിനിരയായ കുട്ടി.  (AFP or licensors)

മനുഷ്യാവകാശ ലംഘനങ്ങളും പകർച്ചവ്യാധി ഭീഷണിയും - സുഡാനിൽ സ്കൂളുകൾ തുറന്നില്ല

സുഡാനീസ് ആംഡ് ഫോഴ്‌സും (SAF) റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (RSF) തമ്മിലുള്ള സംഘർഷം അഭയാർത്ഥി പ്രതിസന്ധി രൂക്ഷമാക്കുന്നത് തുടരുന്നുവെന്ന് ഫീദേസ് റിപ്പോർട്ട് ചെയ്തു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

5,000 ഓളം കുടുംബങ്ങൾ അടുത്തിടെ മധ്യ ഡാർഫറിലെ ജബൽമാരയിൽ അഭയം തേടി. കുടിയിറക്കപ്പെട്ട ഈ വ്യക്തികൾക്ക് ഭക്ഷണം, മരുന്ന്, വെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ഇല്ല. സാധാരണ ജനങ്ങൾക്കെതിരെ ഉപയോഗിക്കുന്ന  ആയുധമായി അവശ്യ വിഭവങ്ങളുടെ ഉപരോധം ദൈനംദിന മനുഷ്യാവകാശ ലംഘനങ്ങളിലേക്കാണ്   നയിക്കുന്നത്. പ്രാദേശിക നേതാക്കളുടെ വക്താക്കൾ സ്ഥിരമായ വെടിനിർത്തലിന് അഭ്യർത്ഥിക്കുകയും അന്താരാഷ്ട്ര മാനുഷിക സംഘടനകളോടു ഇടപെടാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.

കിഴക്കൻ സുഡാനിൽ കാലാ-അസർ രോഗം  പൊട്ടിപ്പുറപ്പെട്ടതോടെ ആരോഗ്യസംരക്ഷണ സംവിധാനം കൂടുതൽ വഷളായി.  കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേസുകളിൽ 25% വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഈ ആരോഗ്യ പ്രതിസന്ധി മൂലം 2024 മെയ് 26 ന് ആരംഭിക്കാൻ തീരുമാനിച്ചിരുന്ന സ്കൂൾ വർഷം മാറ്റി വയ്ക്കുകയായിരുന്നു. അഭയാർത്ഥി കളെ മറ്റിടങ്ങളിലേക്ക് മാറ്റി താമസിപ്പിച്ച്, ആ കേന്ദ്രങ്ങൾ വൃത്തിയാക്കേണ്ടതിന്റെയും അതിന് അധ്യാപകരെ പിന്തുണയ്ക്കേണ്ടതിന്റെയും ആവശ്യകതയെ എൽ ഗെഡാറെഫിലെ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 350,000-ത്തിലധികം അധ്യാപകരും, വിദ്യാലയ ഡയറക്ടർമാരും, ജോലിക്കാരും കഷ്ടപ്പാടിലാണെന്നും ഇതെല്ലാം മൂലമാണ് വിദ്യാഭ്യാസ വർഷം  ആരംഭിക്കാർ വൈകുന്നതെന്ന്  വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

2023 ഏപ്രിലിൽ സംഘർഷം ആരംഭിച്ചതുമുതൽ, സുഡാൻ അതിന്റെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധികളിലൊന്നാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്. 6.5 ദശലക്ഷം പേരാണ് കുടിയിറക്കപ്പെട്ടത്. ജനസംഖ്യയുടെ 65% പേർക്ക് ആരോഗ്യ സംരക്ഷണം ലഭ്യമല്ല. സംഘർഷമേഖലകളിലെ 70% ആശുപത്രികളും നശിപ്പിക്കപ്പെടുന്നു. പോർട്ട് സുഡാൻ ഇപ്പോൾ ഒരു വലിയ അഭയാർത്ഥി ക്യാമ്പിനോട് സാമ്യമുള്ളതാണ്. ഏകദേശം 500,000 കുടിയിറക്കപ്പെട്ട വ്യക്തികളെയാണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത് അതിൽ 270,000 പേർ നഗരത്തിൽ തന്നെ തങ്ങുകയാണ്. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 June 2024, 14:02