മ്യാന്മറിൽ രണ്ടു ദേവാലയങ്ങൾക്കു നേരെ വ്യോമാക്രമണം: ഫീദെസ് വാർത്താ ഏജൻസി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
മ്യാൻമറിലെ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ രണ്ടു ക്രൈസ്തവദേവാലയങ്ങൾക്ക് കേടുപാടുകളുണ്ടായതായി ഫീദെസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. മെയ് മാസം പതിനൊന്നും പന്ത്രണ്ടും തീയതികൾക്കിടയിലുണ്ടായ ഈ ബോംബാക്രമണത്തിൽ ചിൻ സംസ്ഥാനത്ത് ടോൻസാങ് നഗരത്തിനടുത്തുള്ള ലങ്ടാക് ഗ്രാമത്തിലാണ് ഇരുദേവാലയങ്ങളും സ്ഥിതിചെയ്യുന്നത്. വിമതഗ്രൂപ്പുകൾക്കെതിരെയുള്ള ആക്രമണത്തിന്റെ ഭാഗമായാണ് മ്യാന്മാർ വ്യോമസേന ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങൾക്കുനേരെ ബോംബാക്രമണം നടത്തിയത്. സംഭവത്തിൽ അഞ്ചു വീടുകളും തകർന്നു.
മ്യാൻമറിലെ കലായ് രൂപതയുടെ കീഴിലുള്ള ഒരു ദേവാലയവും അക്രമിക്കപ്പെട്ടവയിൽപ്പെടും. ഇവിടെയുണ്ടായിരുന്ന ടൈറ്റസ് എൻ സാ ഖാൻ എന്ന വൈദികനും, മറ്റു വിശ്വാസികളും രക്ഷപെട്ട് അടുത്തുള്ള കാടുകളിൽ അഭയം തേടിയതായി ഏജൻസി അറിയിച്ചു. ലങ്ടാക് ഗ്രാമവും സമീപത്തുള്ള മറ്റു രണ്ടു ഗ്രാമങ്ങളും ആക്രമണത്തിലൂടെ മ്യാൻമറിലെ സൈന്യം പിടിച്ചെടുത്തു. ചിൻ സംസ്ഥാനത്തെ എൺപത്തിയാറു ശതമാനം ജനങ്ങളും ക്രൈസ്തവരാണ്. ഇവിടെ നാളുകളായി ആളുകൾക്കിടയിൽ സംഘർഷങ്ങളും അക്രമങ്ങളും നിലനിൽക്കുന്നുണ്ടെന്നും ഫീദെസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.
2021-ൽ സൈന്യം ഭരണം പിടിച്ചെടുത്തതിനുശേഷം, ഈ പ്രദേശത്തുള്ള വർഗ്ഗീയന്യൂനപക്ഷങ്ങൾ പ്രതിരോധനിരയോട് ചേർന്ന് സൈന്യത്തിനെതിരെ പോരാട്ടം തുടരുകയാണ്. എന്നാൽ അതേസമയം മ്യാൻമറിലെ സൈന്യം, സാധാരണ ജനങ്ങളുടെ വീടുകളും സ്കൂളുകളും ദേവാലയങ്ങളും തകർക്കുകയും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്ഥിതി വഷളാക്കുകയും ചെയ്തുവരികയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യയും ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ചിൻ സംസ്ഥാനത്ത്, പ്രതിരോധസേന നിർണ്ണായകമായ ക്യിന്ദ്വേ നഗരം പിടിച്ചെടുത്തു. സ്വാതന്ത്ര്യം ലഭിച്ച നാളുകൾ മുതൽ കേന്ദ്രസർക്കാരിനെതിരെ പോരാടിവന്നിരുന്ന വർഗ്ഗന്യൂനപക്ഷസേന നിലവിലെ സംഘർഷങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ആക്രമങ്ങൾ സാധാരണ ജനങ്ങളെ, പ്രത്യേകിച്ച് സാഗയിങ് പ്രദേശത്തുള്ളവരെ ഗരുതരമായി ബാധിക്കുന്നുണ്ടെന്നും ഏജൻസി വിശദീകരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: