ഗാസയിൽ അക്രമം വർദ്ധിക്കുന്നു
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
നുസൈറത്ത് അഭയാർത്ഥി ക്യാമ്പിലും മറ്റൊരു ക്യാമ്പിലും നടന്ന വ്യത്യസ്ത ആക്രമണങ്ങളിൽ 31 പാലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൊല്ലപ്പെട്ടവരിൽ രണ്ട് മാധ്യമപ്രവർത്തകരുമുണ്ട്. ഇത് സംഘർഷം റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകർ നേരിടുന്ന അപകടസാധ്യതകൾ ഉയർത്തിക്കാട്ടുന്നു.
യുഎസ് മധ്യസ്ഥതയിലുള്ള കരാർ അടുത്തുവെന്ന് വാഷിംഗ്ടണിൽ നിന്നുള്ള സൂചനകൾ ഉണ്ടായിരുന്നിട്ടും ഇസ്രായേലും ഹമാസും തമ്മിലുള്ള തടവുകാരുടെ കാര്യത്തിൽ മധ്യസ്ഥത വഹിക്കുന്ന ഖത്തറിന്റെ ശ്രമങ്ങൾ ഇതുവരെ ഫലം കണ്ടിട്ടില്ല. ഇത് നിസ്സാരമായ ചില കാര്യങ്ങളിൽ മാത്രമുള്ള അഭിപ്രായ വ്യത്യാസം കൊണ്ടാണെന്ന് പറയപ്പെടുന്നുവെങ്കിലും സ്ഥിതിഗതികൾ പിരിമുറുക്കത്തിൽ തന്നെ തുടരുകയും, പൊതുവായ അടിസ്ഥാനം കണ്ടെത്താൻ പാടുപെടുകയുമാണ്.
ഒക്ടോബർ ഏഴാം തിയതി മുതൽ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 12,000 പേരാണ് കൊല്ലപ്പെട്ടത്. ഇത് ഇവിടത്തെ ഏറ്റം വലിയ ആൾ നഷ്ടമായി കണക്കാക്കപ്പെടുന്നു. ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ വധിക്കപ്പെട്ടവരുടെ മരണസംഖ്യ ഏകദേശം 1,200 എന്നാണ് ഔദ്യോഗിക റിപ്പോർട്ട്. ഇത് നിലവിലെ സംഘർഷത്തിന്റെ വ്യാപകമായ ആഘാതം വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര സമൂഹം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും, ശത്രുത വർദ്ധിപ്പിക്കരുതെന്നും കൂടുതൽ ജീവൻ നഷ്ടപ്പെടാതിരിക്കാൻ വേഗത്തിൽ തീരുമാനമെടുക്കണമെന്നും ആവശ്യപ്പെട്ടു. മേഖലയിൽ ദീർഘകാലമായി നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് സമാധാനപരമായ പരിഹാരം കാണുന്നതിന്, നയതന്ത്ര നടപടികൾ സ്വീകരിക്കാൻ ആഗോള നേതാക്കളോടു അവർ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: