സുഡാനിലെ സംഘർഷങ്ങൾ ശക്തമായ മാനവിക പ്രതിസന്ധികൾ സൃഷ്ടിക്കുന്നു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഏറെ നാളുകളായി സുഡാനിൽ തുടരുന്ന സംഘർഷങ്ങൾ സൃഷ്ടിക്കുന്ന മാനവിക പ്രതിസന്ധി ശക്തമായ പ്രത്യാഘാതങ്ങളോടെ കൂടുതൽ വഷളാകുകയാണെന്നും, അതിന്റെ ദൂഷ്യഫലങ്ങൾ അയൽരാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് തെക്കൻ സുഡാനിലേക്ക് പടരുന്നവെന്നും ഫീദെസ് വാർത്താ ഏജൻസി അറിയിച്ചു.
സുഡാന്റെയും തെക്കൻ സുഡാന്റെയും അതിർത്തിപ്രദേശങ്ങളിൽ നിലനിൽക്കുന്ന ഭക്ഷ്യപ്രതിസന്ധിയെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ ലോകഭക്ഷ്യപദ്ധതി (WFP) മുൻപുതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. സുഡാനിലെ പ്രതിസന്ധികളുടെ മുന്നിൽ നിരവധി കുടുംബങ്ങളാണ് തെക്കൻ സുഡാനിലേക്ക് പലായനം ചെയ്യുന്നത്.
കഴിഞ്ഞ അഞ്ചു മാസങ്ങളിൽ മാത്രം ഏതാണ്ട് മൂന്ന് ലക്ഷത്തിലധികം ആളുകളാണ് തെക്കൻ സുഡാനിലെത്തിയത്. ഇവരിൽ ഏതാണ്ട് തൊണ്ണൂറ് ശതമാനം ആളുകളും കടുത്ത ഭക്ഷ്യപ്രതിസന്ധി നേരിടുന്നുണ്ട്. അഞ്ചിലൊന്ന് കുട്ടികളൂം പോഷകാഹാരക്കുറവ് മൂലം ദുരിതമനുഭവിക്കുന്നു.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ആരംഭിച്ച സംഘർഷങ്ങളെത്തുടർന്നാണ് ഖർത്തും ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽനിന്ന്, അവിടെ താമസിച്ചിരുന്ന തെക്കൻ സുഡാൻ പൗരന്മാർ സുഡാനിൽനിന്ന് പുറത്തേക്ക് പോകുന്നത്. മുൻപില്ലാതിരുന്ന, മാനവികപ്രതിസന്ധികളിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുന്ന തെക്കൻ സുഡാനിലേക്ക് സുഡാനിൽനിന്നുള്ള ആളുകൾ എത്തിത്തുടങ്ങിയതോടെ അവിടെയും സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാവുകയാണ്.
മഴക്കാലവും, വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും സുഡാനിലെ അപകടസ്ഥിതിയിൽനിന്നുള്ള ആളുകളുടെ യാത്ര കൂടുതൽ ദുരിതപൂർണ്ണമാക്കുന്നുണ്ട്.
ജനറൽ അബ്ദെൽ ഫത്താഹ് അൽ-ബുർഹാന്റെ നേതൃത്വത്തിലുള്ള സൈന്യവും, മുഹമ്മദ് ഹംദാൻ ദാഗ്ലോയുടെ നേതൃത്വത്തിലുള്ള ദ്രുതകർമ്മസേനയും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ഇപ്പോഴും തുടരുകയാണ്. ഒക്ടോബർ മൂന്നിന് പത്തുപേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. എത്യോപിയയുടെ എംബസി തുടർച്ചയായ രണ്ടാം വട്ടവും ആക്രമിക്കപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: