തിരയുക

സൊമാലിയയിൽനിന്നുള്ള ഒരു ചിത്രം സൊമാലിയയിൽനിന്നുള്ള ഒരു ചിത്രം  (ANSA)

സോമാലിയൻ കുട്ടികൾ കടുത്ത പട്ടിണിയിലേക്ക്: സേവ് ദി ചിൽഡ്രൻ

രണ്ടായിരത്തിഇരുപത്തിനാലോടെ സോമാലിയയിലെ നാൽപ്പത്തിമൂന്ന് ശതമാനം കുട്ടികളും കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുമെന്ന് സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സോമാലിയയിലെ, അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളിൽ 43 ശതമാനവും 2024-നുള്ളിൽ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കേണ്ടിവരുമെന്ന്, ലോകമെമ്പാടും കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സേവ് ദി ചിൽഡ്രൻ സംഘടന. ഏതാണ്ട് 15 ലക്ഷം കുട്ടികളാണ് പോഷകാഹാരക്കുറവിന്റെ ദുരിതാവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരുന്നത്. സോമാലിയയിലെ അഞ്ചിൽ രണ്ടു കുട്ടികളും അഞ്ചു വയസ്സിൽ താഴെയുള്ളവരാണ്.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ആഫ്രിക്കൻ രാജ്യത്തെ നാലിലൊന്ന് ജനങ്ങളും ഈ വർഷാവസാനത്തോടെ കടുത്ത പട്ടിണി നേരിടേണ്ടിവരുമെന്നും സേവ് ദി ചിൽഡ്രൻ അറിയിച്ചു.  നാൽപ്പത്തിമൂന്ന് ലക്ഷത്തോളം ആളുകളാണ് പട്ടിണിയിലൂടെ കടന്നുപോകുന്നത്.

സോമാലിയയിലും, ഹോൺ ഓഫ് ആഫ്രിക്ക പ്രദേശത്തെ രാജ്യങ്ങളിലും നിലവിലിരിക്കുന്ന പട്ടിണിക്ക് അറുതി വരുത്താനായി വേണ്ട നടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്ന് അന്താരാഷ്ട്രസമൂഹത്തോട് സേവ് ദി ചിൽഡ്രൻ ആവശ്യപ്പെട്ടു. ലോകം നേരിടുന്ന കടുത്ത കാലാവസ്ഥാ പ്രതിസന്ധിയെ അഭിമുഖീകരിക്കാനും, സുസ്ഥിരമായ പരിഹാരമാർഗ്ഗമുണ്ടാക്കാനും, പ്രതിസന്ധിയിലകപ്പെട്ട സമൂഹങ്ങളെ താങ്ങി നിറുത്താനും, കാലാവസ്ഥാപ്രതിസന്ധിയെ നേരിടുവാനായി തയ്യാറാകാനും പരിശ്രമിക്കേണ്ടതുണ്ടെന്ന് സംഘടന വ്യക്തമാക്കി.

കഴിഞ്ഞ നാൽപ്പത് വർഷങ്ങളിലെ ഏറ്റവും കഠിനമായ വരൾച്ചയിലൂടെയാണ് സോമാലിയ കടന്നുപോകുന്നത്. 2011-ൽ ഉണ്ടായ പട്ടിണിയിൽ രണ്ടര ലക്ഷത്തോളം ആളുകൾ ഇവിടെ മരിച്ചിരുന്നു.

1951 മുതൽ സേവ് ദി ചിൽഡ്രൻ സംഘടനാ സൊമാലിയയിൽ പ്രവർത്തിച്ചുവരുന്നുണ്ട്. കഴിഞ്ഞ വർഷം മാത്രം ഇരുപത്തിയഞ്ച് ലക്ഷം കുട്ടികളുൾപ്പെടെ ഏതാണ്ട് നാൽപ്പത്തി മൂന്ന് ലക്ഷം ആളുകൾക്ക് മാനവികസഹായമെത്തിച്ചിരുന്നു.

സെപ്റ്റംബർ 19-ന് പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ് സോമാലിയ നേരിടുവാൻ പോകുന്ന കടുത്ത പ്രതിസന്ധിയെക്കുറിച്ച് സേവ് ദി ചിൽഡ്രൻ വ്യക്തമാക്കിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 September 2023, 16:38