തിരയുക

സങ്കീർത്തനചിന്തകൾ - 41 സങ്കീർത്തനചിന്തകൾ - 41 

രോഗശയ്യയിലും പരാജയങ്ങളിലും സഹായകനായെത്തുന്ന ദൈവം

വചനവീഥി: നാൽപ്പത്തിയൊന്നാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
നാൽപ്പത്തിയൊന്നാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഗായകസംഘനേതാവിന് ദാവീദിന്റെ സങ്കീർത്തനം എന്ന തലക്കെട്ടോടെയുള്ള നാൽപ്പത്തിയൊന്നാം സങ്കീർത്തനം തന്റെ രോഗാവസ്ഥയിലും ദുരിതത്തിലും ആശ്രയവും സഹായവുമായ ദൈവത്തിനുള്ള നന്ദിയുടെ ഗീതമാണ്. രോഗം പാപത്തിനുള്ള ശിക്ഷയാണെന്ന പഴയനിയമചിന്ത ഈ സങ്കീർത്തനത്തിലും നമുക്ക് കാണാം. സങ്കീർത്തകന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ നിരവധിയാളുകൾ, അവന്റെ രോഗാവസ്ഥയെ, ഈയൊരു ചിന്തയുടെ അടിസ്ഥാനത്തിൽ ദൈവികശിക്ഷയായി വ്യാഖ്യാനിക്കുകയും, അവൻ ഇനിയൊരിക്കലും എഴുന്നേൽക്കില്ലെന്ന് പറഞ്ഞുപരത്തുകയും ചെയ്‌തുവെന്ന്‌ സങ്കീർത്തകൻ എഴുതിവയ്ക്കുന്നു. രണ്ടു കാരണങ്ങളാലാണ് ദാവീദ് വേദന അനുഭവിക്കുന്നത്; രോഗം മൂലവും, സുഹൃത്തുക്കളുടെ വഞ്ചന മൂലവും. തനിക്ക് ലഭിച്ച രോഗശാന്തി, ദൈവത്തിന് തന്നോടുള്ള കൃപയുടെ അടയാളമായും ശത്രുക്കളുടെ പരാജയമായും സങ്കീർത്തകൻ കാണുന്നു. താൻ ദരിദ്രരോട് ദയകാണിച്ചതാണ് തനിക്ക് ദൈവത്തിന്റെ പ്രീതി നേടിത്തന്നതെന്നും, അതുകൊണ്ടാണ് കർത്താവ് തന്റെ ജീവനെ പരിപാലിച്ചതെന്നുമാണ് സങ്കീർത്തകൻ ആദ്യഭാഗത്ത് എഴുതുന്നത്. തന്റെ ജനത്തിന് നന്മ ചെയ്യുന്നവർ കർത്താവിന്റെ കണ്ണുകളിൽ പ്രിയപ്പെട്ടവരായി മാറുന്നു.

രോഗശയ്യയിൽ ആശ്വാസമേകിയ ദൈവത്തിന് നന്ദി

രോഗ, ദുരിതാവസ്ഥകളിൽ ആയിരുന്ന തനിക്ക് സൗഖ്യം നൽകിയ ദൈവത്തിനുള്ള നന്ദിയുടേതാണ് സങ്കീർത്തനത്തിന്റെ ഒന്ന് മുതൽ മൂന്ന് വരെയുള്ള വാക്യങ്ങൾ. പ്രബോധനത്തിന്റെ ശൈലിയിൽ, മുപ്പത്തിരണ്ടാം സങ്കീർത്തനത്തിന്റെ ആദ്യവാക്യം പോലെ, ദൈവകരുണ ലഭിക്കുന്നവർ ഭാഗ്യവാന്മാരാണെന്ന ഉദ്ബോധനമാണ് ഈ സങ്കീർത്തനവും നൽകുന്നത്. ദരിദ്രനെ പരിഗണിക്കുന്നവന് അനുഗ്രഹം ലഭിക്കുമെന്ന ചിന്തയാണ് ദാവീദ് പങ്കുവയ്ക്കുക. ദരിദ്രനോട് കരുണ കാണിക്കുക ഒരു വിശ്വാസിയുടെ കടമയാണ്. സാമ്പത്തികമായ ദാരിദ്ര്യം മാത്രമല്ല ഒരുവന്റെ ജീവിതത്തെ ദുരിതപൂർണ്ണമാക്കുന്നത്. തളർന്നവനും സഹായത്തിന് ആരുമില്ലാത്തവനും ഇല്ലായ്‌മയുടെ ദാരിദ്ര്യമനുഭവിക്കുന്നവനാണ്. ഇങ്ങനെ വിവിധ തരങ്ങളിലുള്ള ദാരിദ്ര്യമനുഭവിക്കുന്ന മനുഷ്യർക്ക് സഹായമെത്തിക്കുന്ന നീതിമാന് ദൈവമാണ് അനുഗ്രഹമേകുന്നത്. താൻ രക്ഷിക്കപ്പെട്ടതിന്റെ അനുഭവത്തിൽ നിന്നുകൊണ്ടാണ്, ദൈവത്തിന് പ്രിയപ്പെട്ട ദരിദ്രർക്ക് താൻ തുണയായതാണ്, ദൈവത്തിന്റെ പ്രീതി തനിക്ക് ലഭിക്കാൻ കാരണമായതെന്ന ഒരു ചിന്ത ഒന്ന് മുതൽ മൂന്ന് വരെയുള്ള വാക്യങ്ങളിലൂടെ ദാവീദ് ഓർമ്മിപ്പിക്കുന്നത്. ദരിദ്രനോട് ദയ കാണിക്കുന്നവന് കഷ്ടതയുടെ നാളുകളിൽ കർത്താവിന്റെ രക്ഷ അനുഭവിച്ചറിയാനും, അവന്റെ പരിപാലനം സ്വീകരിക്കാനും, സുരക്ഷിതമായി ജീവിക്കാനും, ശത്രുക്കളുടെ പിടിയിൽപ്പെടാതിരിക്കാനും, രോഗശയ്യയിൽ സൗഖ്യം ലഭിക്കാനും സാധിക്കുമെന്ന് ദാവീദ് സാക്ഷ്യപ്പെടുത്തുന്നു. മറ്റുള്ളവർക്കായി ചെയ്യുന്ന നന്മകൾ ദൈവത്തിന് മുൻപിൽ വലുതാണെന്ന ബോധ്യമാണ് ഈ വാക്യങ്ങൾ നൽകുക.

പാപവും പരിഹാസങ്ങളും ഹൃദയവേദനയും

താൻ അഭിമുഖീകരിക്കുന്ന കുറ്റപ്പെടുത്തലുകളും അപഹാസ്യങ്ങളും അവയുളവാക്കുന്ന വേദനകളും തന്റെ പാപം മൂലമാണ് ഉണ്ടായത് എന്ന ചിതയാണ് നാലുമുതൽ ഒൻപതുവരെയുള്ള വാക്യങ്ങളിൽ ദാവീദ് പങ്കുവയ്ക്കുക. ഒരു വിലാപപ്രാർത്ഥനകൂടിയാണിത്. ദൈവകരുണയ്ക്കും രോഗങ്ങളിൽനിന്നുള്ള മോചനത്തിനുമായി പ്രാർത്ഥിക്കുന്ന ദാവീദ്, തന്റെ തിന്മ ഏറ്റുപറയുന്നു: "കർത്താവേ എന്നോട് കൃപതോന്നണമേ. എന്നെ സുഖപ്പെടുത്തണമേ; ഞാൻ അങ്ങേയ്ക്കെതിരായി പാപം ചെയ്‌തുപോയി" (സങ്കീ. 41, 4). പഴയനിയമ ഉടമ്പടിയുടെ വെളിച്ചത്തിൽ, തന്റെ, നീതിയും നന്മപ്രവർത്തികളും കണക്കിലെടുത്ത് തന്നോട് കരുണ കാണിക്കണമെന്ന് ആവശ്യപ്പെടുന്നതിനേക്കാൾ, കരുണയാൽ തന്നെ സുഖപ്പെടുത്തണമെന്നും, അനുഗ്രഹിക്കണമെന്നുമാണ് ദാവീദ് അപേക്ഷിക്കുന്നത്. തന്റെ പാപത്തെക്കുറിച്ചുള്ള ദാവീദിന്റെ ഏറ്റുപറച്ചിൽ സത്യസന്ധമാണ്. ന്യായങ്ങൾ നിരത്താതെയും, മേനി നടിക്കാതെയും, ഉപരിപ്ലവമായ രീതിയിൽ പൊള്ളയായ വാക്കുകൾ പറയാതെയും അവൻ തന്റെ പാപം ഏറ്റുപറയുന്നു.

തനിക്കെതിരെ ശത്രുക്കളും സുഹൃത്തുക്കളും, എന്തിന്, തന്നോടൊപ്പം ഭക്ഷണം പങ്കിട്ട പ്രാണസ്നേഹിതൻ പോലും നടത്തുന്ന അപവാദപ്രചരണങ്ങളും, തന്നോടുള്ള അവരുടെ പൊള്ളവാക്കുകളും, ദുർപ്രവർത്തികളും ഏറെ ഹൃദയവേദനയോടെയാണ് ദാവീദ് ദൈവത്തിന് മുൻപിൽ നിരത്തുന്നത്. തന്റെ രോഗാവസ്ഥയിൽനിന്ന് തനിക്കൊരു മോചനമുണ്ടാവില്ലെന്നും, അത് തന്റെ മരണത്തിലേക്ക് നയിക്കുമെന്നും, തന്റെ നാമം ഇല്ലാതാകുമെന്നും തന്റെ ശത്രുക്കൾ വ്യാമോഹിച്ചിരുന്നുവെന്ന് ദാവീദ് പറയുന്നു. സുഹൃത്തുക്കളെന്ന വ്യാജേന തന്റെ മുൻപിലെത്തി മനോഹരമായ വാക്കുകൾ പറയുകയും, എന്നാൽ ഹൃദയത്തിൽ തിന്മ നിറഞ്ഞ അവർ പുറത്തിറങ്ങി തനിക്കെതിരെ രഹസ്യത്തിൽ ഒത്തുകൂടി പിറുപിറുക്കുന്നതും, തന്നെക്കുറിച്ച് തിന്മ പറഞ്ഞു പരത്തുന്നതും ദൈവത്തിന് മുൻപിലാണ് ദാവീദ് സമർപ്പിക്കുന്നത്. തനിക്കെതിരെ തിന്മ പറയുക മാത്രമല്ല, തന്നെ ദ്രോഹിക്കാനും അവർ പദ്ധതിയിടുന്നെന്നും, ഇനിയൊരിക്കലും തിരികെ ഉയർന്നെണീക്കാനാകാത്ത വിധം തന്റെ ജീവിതം  തകർന്നിരിക്കുന്നവെന്നുമാണ് അവർ ചിന്തിക്കുന്നത്. "ഞാൻ വിശ്വസിച്ചവനും, എന്റെ ഭക്ഷണത്തിൽ പങ്കു ചേർന്നവനുമായ എന്റെ പ്രാണസ്നേഹിതൻ പോലും എനിക്കെതിരായി കുതികാലുയർത്തിയിരിക്കുന്നു" (സങ്കീ. 41, 9) എന്ന ദാവീദിന്റെ വിലാപത്തിന് അവനനുഭവിക്കുന്ന മാനസികസംഘർഷത്തിന്റെ ആഴവും കാഠിന്യവും വ്യക്തമാക്കാൻ സാധിക്കുന്നുണ്ട്. ഉറ്റവരെന്നു കരുതിയവരുടെ പൊള്ളയായ വാക്കുകളും പരിഹാസങ്ങളും അവരെൽപ്പിക്കുന്ന വേദനകളും സഹനത്തിലൂടെ കടന്നുപോകുന്ന ഒരുവന്റെ ഹൃദയത്തിലേൽപ്പിക്കുന്ന മുറിവിന് തീവ്രത ഏറെയാണ്.

വിശ്വാസിയുടെ സൗഖ്യവും ദുഷ്ടരുടെ തോൽവിയും

തന്റെ പ്രാർത്ഥനകൾ കേട്ട്, തനിക്ക് സൗഖ്യം നൽകുകയും, തന്റെ ശത്രുക്കളെ പരാജയപ്പെടുത്തുകയും ചെയ്‌ത ദൈവത്തിനുള്ള നന്ദിയുടേതാണ് പത്ത് മുതൽ പതിമൂന്ന് വരെയുള്ള വാക്യങ്ങൾ. "കർത്താവേ, എന്നോട് കൃപ തോന്നണമേ! എന്നെ എഴുന്നേൽപ്പിക്കണമേ" ഞാൻ അവരോടു പകരം ചോദിക്കട്ടെ" (സങ്കീ. 41, 10) എന്ന പത്താം വാക്യത്തിന്റെ അവസാനഭാഗം, ദാവീദിന്റെ പ്രാർത്ഥനയുടെ ഭംഗി കുറയ്ക്കുന്നുണ്ട്. ശത്രുക്കളെ ശിക്ഷിക്കാനുള്ള ശക്തിക്കുവേണ്ടിയുള്ള വാക്കുകളാകരുത് പ്രാർത്ഥന. കർത്താവിന്റെ അഭിഷിക്തനെതിരെ പ്രവർത്തിച്ചവർ എന്ന നിലയിൽ തന്റെ ശത്രുക്കളെ കണ്ടുകൊണ്ടാകാം അവർക്കെതിരെ പകരം ചോദിക്കാൻ സങ്കീർത്തകൻ മുതിരുന്നത്. എന്നാൽ ദാവീദ് നേടുന്ന രോഗശാന്തിതന്നെ, അവന്റെ ശത്രുക്കളുടെയും ദുഷ്ടരുടെയും നേരെയുള്ള ദൈവത്തിന്റെ ന്യായവിധിയാണ്. പ്രതികാരം ദൈവത്തിന്റേതാണ്. തൻറെ നിഷ്കളങ്കത വെളിവാക്കപ്പെടുക എന്നതാണ് ദാവീദ് ആഗ്രഹിച്ചിരുന്നത്. അതുകൊണ്ടുതന്നെയാണ് "എന്നാൽ, എന്റെ നിഷ്കളങ്കത നിമിത്തം അവിടുന്ന് എന്നെ താങ്ങുകയും എന്നേക്കുമായി അങ്ങയുടെ സന്നിധിയിൽ ഉറപ്പിച്ചു നിർത്തുകയും ചെയ്തു" (സങ്കീ. 41, 12) എന്ന് ദാവീദ് എഴുതുക. "ഇസ്രയേലിന്റെ ദൈവമായ കർത്താവ് എന്നേക്കും വാഴ്ത്തപ്പെടട്ടെ! ആമേൻ, ആമേൻ" (സങ്കീ. 41, 13) സങ്കീർത്തനത്തിന്റെ അവസാനവാക്യം അഞ്ചു ഗണങ്ങളായി വിഭജിക്കപ്പെടുന്ന സങ്കീർത്തനാപുസ്തകങ്ങളിലെ ഒന്ന് മുതൽ നാൽപത്തിയൊന്ന് വരെയുള്ള ആദ്യഭാഗത്തിന്റെ അവസാനം കുറിക്കുവാനായി എഴുതപ്പെട്ടതാകാം എന്നാണ് കരുതപ്പെടുന്നത് (1-41, 42-72, 73-89, 90-106, 107-150).

സങ്കീർത്തനം ജീവിതത്തിൽ

നന്മയിൽ ജീവിച്ച ഒരുവന്റെ ദുരിതങ്ങളും ദുഃഖങ്ങളും, അതുപോലെ തന്നെ, ദുഷ്ടരുടെ കപടതയും, ദുർവ്യാഖ്യാനങ്ങളും, കുറ്റം വിധികളും ശാശ്വതമല്ല എന്ന ഒരു ഉദ്ബോധനമേകുന്ന ഒരു ജ്ഞാനാഗീതമായ നാൽപ്പത്തിയൊന്നാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, നന്മ പ്രവർത്തിച്ചുകൊണ്ട് ജീവിക്കുവാനും, മറ്റുള്ളവരുടെ വീഴ്‌ചകളിലും ദുരിതങ്ങളിലും സന്തോഷിക്കാതിരിക്കാനും അന്യായമായ വിധികൾ പുറപ്പെടുവിക്കാതിരിക്കാനും സങ്കീർത്തനവാക്യങ്ങളിലൂടെ ദൈവം നമ്മെയും ആഹ്വാനം ചെയ്യുന്നുണ്ട്. രോഗ, ദുരിതാവസ്ഥകളിലൂടെ കടന്നുപോകുമ്പോൾ നിരാശയിലാണ്ടുപോകാതെ, ദൈവത്തിൽ ശരണം വയ്ക്കാനും, ജീവിതത്തിലെ കുറവുകളും വീഴ്ചകളും ഏറ്റുപറഞ്ഞ്, കർത്താവിന്റെ കാരുണ്യം അപേക്ഷിക്കുന്ന ദാവീദിന്റെ വിശ്വാസം നമുക്കും മാതൃകയാകട്ടെ. നാം ചെയ്യുന്ന നന്മതിന്മകളുടെ കണക്കുകൾ കർത്താവിന് മുൻപിൽ വ്യക്തമാണെന്നും, സഹനങ്ങളിൽ ഉഴലുന്ന മനുഷ്യരോട് കാട്ടുന്ന ദയയും കാരുണ്യവും കർത്താവിന് മുൻപിൽ വിലയേറിയതാണെന്നും നമുക്ക് മറക്കാതിരിക്കാം. നമ്മുടെ വാക്കുകളും വിധികളും ഹൃദയകാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സാക്ഷ്യമാകട്ടെ. കർത്താവിന്റെ കാരുണ്യം നമ്മെ താങ്ങി നിറുത്തട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 സെപ്റ്റംബർ 2023, 18:07