തിരയുക

കോംഗോ സന്ദർശനവേളയിൽ ഫ്രാൻസിസ് പാപ്പാ കുട്ടികളോടൊപ്പം കോംഗോ സന്ദർശനവേളയിൽ ഫ്രാൻസിസ് പാപ്പാ കുട്ടികളോടൊപ്പം   (AFP or licensors)

കോംഗോയിൽ കുട്ടികൾ കോളറ ഭീഷണിയിൽ

ആറു വർഷത്തിനിടയിലെ ഏറ്റവും വലിയ കോളറ പകർച്ചവ്യാധി കോംഗോയിലെ കുട്ടികൾ അഭിമുഖീകരിക്കുന്നുവെന്ന് യൂണിസെഫ് സംഘടന പുറത്തുവിട്ട കണക്കുകൾ എടുത്തു പറയുന്നു.

ഫാ.ജിനു ജേക്കബ് തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി 

ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവും മോശപ്പെട്ട നിലയിൽ കഴിയുന്ന രാജ്യമായ കോംഗോയിൽ ഏകദേശം 6.3 ദശലക്ഷം ആളുകളാണ് കുടിയിറക്കപ്പെട്ടത്. വൻതോതിലുള്ള ജനസാന്ദ്രത നിറഞ്ഞ ക്യാംപുകൾ രാജ്യത്തെമ്പാടും നിലനിൽക്കുന്നതിനാൽ പകർച്ചവ്യാധികളുടെ ഭീഷണിയിലാണ് ആളുകൾ പ്രത്യേകിച്ചും സ്ത്രീകളും, കുട്ടികളും. പകർച്ചവ്യാധികളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഭീഷണിയുയർത്തുന്നത് കോളറ ആണെന്ന് യൂണിസെഫ് സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ എടുത്തുപറയുന്നു.

രാജ്യത്തുടനീളം ഏകദേശം കുറഞ്ഞത് 31,342 കോളറ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.230 ഓളം ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടിട്ടുള്ളത്.നോർത്ത് കിവുവിൽ 5 വയസ്സിന് താഴെയുള്ള 8,000-ത്തിലധികം കുട്ടികൾക്ക് കോളറ ബാധിച്ചിട്ടുണ്ടെന്ന വിവരവും യൂണിസെഫ് പുറത്തുവിടുന്നുണ്ട്.അടുത്ത മാസങ്ങളിൽ തന്നെ അടിയന്തിരമായ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ കോളറ ഭീഷണി രാജ്യത്തിന്റെ മറ്റുസ്ഥലങ്ങളിലേക്കും ബാധിക്കുമെന്നും അധികൃതർ പറയുന്നു.

ഏകദേശം ഒന്നര  ലക്ഷം കുട്ടികൾ ഉൾപ്പെടെ മൂന്നുലക്ഷത്തോളം ആളുകൾക്ക് കുടിവെള്ളം ലഭിക്കാത്തതും, ശുചീകരണത്തിന്റെ ദൗർലഭ്യവും ഏറെ ആരോഗ്യ ഭീഷണികൾ ഉയർത്തുന്നുണ്ട്.പോഷകാഹാരക്കുറവ്, ഗർഭകാല പരിചരണത്തിനും വാക്സിനേഷനുമുള്ള ലഭ്യതക്കുറവ് എന്നിവയുൾപ്പെടെ മറ്റ് പല ആരോഗ്യ അപകടങ്ങളും കോംഗോയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധികളാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 ഓഗസ്റ്റ് 2023, 17:34