തിരയുക

സങ്കീർത്തനചിന്തകൾ - 34 സങ്കീർത്തനചിന്തകൾ - 34 

നീതിമാന്മാരെ സംരക്ഷിക്കുന്ന ദൈവം

വചനവീഥി: മുപ്പത്തിനാലാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
മുപ്പത്തിനാലാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ദുഷ്ടന്മാരിൽനിന്നും ദുഷ്ടതയിൽനിന്നും അകന്ന് ജീവിക്കുകയും, നന്മ ചെയ്യുകയും, ദൈവത്തിൽ ശരണം വയ്ക്കുകയും ചെയ്യുന്നവർക്ക് ദൈവത്തിന്റെ സംരക്ഷണവും സാമീപ്യവും അനുഭവിക്കാൻ സാധിക്കും എന്ന ആശയമാണ് മുപ്പത്തിനാലാം സങ്കീർത്തനത്തിലൂടെ ദാവീദ് പങ്കുവയ്ക്കുന്നത്. താൻ ശത്രുകരങ്ങളിൽനിന്ന് രക്ഷിക്കപ്പെട്ടതിന്റെ അനുഭവത്തിൽ നിന്നുകൊണ്ടാണ് സങ്കീർത്തകൻ ദൈവാശ്രയബോധത്തിന്റെ ഈയൊരു പാഠം പകർന്നുതരുന്നത്. അബലർക്ക് ശക്തിയും സംരക്ഷണവും നൽകുന്ന ദൈവമാണ് ദാവീദിന് തുണയായി മാറിയത്. അബിമെലെക്കിന്റെ മുൻപിൽ ബുദ്ധിഭ്രമം നടിക്കുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്തപ്പോൾ ദാവീദ് പാടിയ സങ്കീർത്തനം എന്ന തലക്കെട്ടോടെയുള്ള ഈ ഗീതം സാമുവലിന്റെ ഒന്നാം പുസ്തകം ഇരുപത്തിയൊന്നാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു സംഭവവുമായി ബന്ധപ്പെട്ടതാണ്. തന്നെ വധിക്കുവാൻ തീരുമാനിച്ചിരുന്ന സാവൂളിൽനിന്ന് രക്ഷപെട്ടോടിയ ദാവീദ്, ഗത്തിലെ രാജാവായ ആക്കീഷിന്റെ അരികിലെത്തുകയും, അവൻ തന്നെ തിരിച്ചറിഞ്ഞേക്കുമെന്ന് മനസ്സിലാവുകയും ചെയ്‌തപ്പോൾ, ദാവീദ് ബുദ്ധിഭ്രമം സംഭവിച്ചവനെപ്പോലെ നടിക്കുകയും അവന്റെ മുൻപിൽനിന്ന് രക്ഷപെടുകയും ചെയ്ത കാര്യം സാമുവേലിന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതാണ് ഇവിടെ പരാമർശിക്കപ്പെടുന്നത്.. ജ്ഞാനത്തോടെ ജീവിക്കാൻ ഉപദേശിക്കുന്ന ഈ സങ്കീർത്തനവാക്യങ്ങൾ പൂർണ്ണമായല്ലെങ്കിലും, ഗ്രീക്ക് അക്ഷരമാലാക്രമത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത്.

ദൈവസ്തുതിക്ക് ആഹ്വാനം

സങ്കീർത്തനത്തിന്റെ ഒന്നുമുതൽ മൂന്ന് വരെയുള്ള വാക്യങ്ങളിൽ കർത്താവിന് നന്ദിപറയുകയും, തന്നോടൊപ്പം ദൈവത്തിന് സ്തുതി പാടാൻ പീഡിതരെ ക്ഷണിക്കുകയും ചെയ്യുന്ന ദാവീദിനെയാണ് നാം കാണുന്നത്: "കർത്താവിനെ ഞാൻ എന്നും പുകഴ്ത്തും, അവിടുത്തെ സ്തുതികൾ എപ്പോഴും എന്റെ അധരങ്ങളിലുണ്ടായിരിക്കും. കർത്താവിൽ ഞാൻ അഭിമാനം കൊള്ളുന്നു; പീഡിതർ കേട്ട് ആനന്ദിക്കട്ടെ! എന്നോടൊത്തു കർത്താവിനെ മഹത്വപ്പെടുത്തുവിൻ; നമുക്കൊരുമിച്ച് അവിടുത്തെ നാമത്തെ സ്തുതിക്കാം" (സങ്കീ. 34, 1-3). ബുദ്ധിഭ്രമം അഭിനയിച്ച്, ഫിലിസ്ത്യരുടെ കൈകളിൽനിന്ന് രക്ഷപെട്ട സംഭവത്തിന് മുൻപിലാണ് ദാവീദ് ദൈവത്തിന് സ്തുതി പാടുന്നത്. താൻ അഭിമാനം കൊള്ളുന്ന തന്റെ ദൈവത്തോടുള്ള നന്ദിയുടെ മനോഭാവം ഹൃദയത്തിൽ മാത്രം ഒതുക്കി നിറുത്താതെ, ധൈര്യപൂർവ്വം ഉറച്ചസ്വരത്തോടെ സമൂഹത്തിന് മുൻപിലാണ് ദാവീദ് പ്രകടിപ്പിക്കുന്നത്. മാനുഷികമായ രീതിയിൽ തന്റെ ബുദ്ധിശക്തിയിലോ കരബലത്തിലോ എന്നതിനേക്കാൾ, തന്റെ രക്ഷകനായ ദൈവത്തിലാണ് ദാവീദ് അഭിമാനം കൊള്ളുന്നത്. താൻ കടന്നുപോയ എളിമപ്പെടലിന്റെയും പീഡനങ്ങളുടെയും അനുഭവങ്ങളിലൂടെ കടന്നുപോകുന്ന മറ്റു മനുഷ്യരെയും ദൈവത്തെ സ്തുതിക്കാൻ ദാവീദ് ക്ഷണിക്കുന്നു. രക്ഷിക്കാനും സ്വാതന്ത്രരാക്കാനും കഴിവുള്ളവനാണ് നമ്മുടെ ദൈവം.

കർത്താവിൽ അഭയം തേടുക

സങ്കീർത്തനത്തിന്റെ നാല് മുതൽ പത്തുവരെയുള്ള വാക്യങ്ങളിൽ, കർത്താവിനെ തേടുകയും അവനിൽ അഭയം പ്രാപിക്കുകയും ചെയ്യുന്നവർ നിരാശരാകില്ലെന്നും, ദൈവം അവരുടെ തുണയായി കൂടെയുണ്ടാകുമെന്നുമുള്ള സന്ദേശമാണ് സങ്കീർത്തകൻ നൽകുന്നത്. തന്റെ തന്നെ അനുഭവസാക്ഷ്യം നൽകിക്കൊണ്ടാണ് ദാവീദ് ഇക്കാര്യം പറയുക: "ഞാൻ കർത്താവിനെ തേടി, അവിടുന്ന് എനിക്കുത്തരമരുളി; സർവ ഭയങ്ങളിലും നിന്ന് അവിടുന്ന് എന്നെ മോചിപ്പിച്ചു. ഈ എളിയവൻ നിലവിളിച്ചു, കർത്താവു കേട്ട്; എല്ലാ കഷ്ടതകളിലും നിന്ന് അവനെ രക്ഷിക്കുകയും ചെയ്‌തു" (സങ്കീ. 34, 4, 6). ആയിരക്കണക്കിന് വർഷങ്ങൾക്കിപ്പുറവും ദാവീദിന്റെ സാക്ഷ്യം ശക്തമാണ്. കർത്താവിലേക്ക് പ്രത്യാശയോടെ നോക്കുന്നവർ ലജ്ജിതരാവുകയില്ലെന്ന് സങ്കീർത്തകൻ ഉറപ്പുനൽകുന്നു (സങ്കീ. 34, 5). ദൈവത്തിന്റെ വിശ്വാസികൾക്ക് ദൈവദൂതന്മാർ കാവലായി ഉണ്ടാകുമെന്നും, അവിടുത്തെ ഭയപ്പെടുന്നവർക്കും, തേടുന്നവർക്കും ഒന്നിനും കുറവുണ്ടാവുകയില്ലെന്നും ദാവീദ് എഴുതുന്നു (സങ്കീ. 34, 7, 9, 10). ഉചിതമായ ദൈവഭയം, ദൈവമഹത്വത്തെക്കുറിച്ചും അവന്റെ നീതിയെക്കുറിച്ചും, തന്നെ സ്നേഹിക്കുന്നവർക്ക് അവൻ നൽകുന്ന അനുഗ്രഹങ്ങളെക്കുറിച്ചും ഉള്ള ബോധ്യങ്ങളിൽനിന്ന് ഉളവാകുന്നതാണ്. തന്റെ വ്യക്തിപരമായ ജീവിതത്തിൽ, നിരവധി അവസരങ്ങളിൽ, ശത്രുകരങ്ങളിൽനിന്ന് അത്ഭുതകരമായി തന്നെ ദൈവം രക്ഷിച്ചതിനെക്കുറിച്ച് മാത്രമല്ല, കർത്താവിനോട് ചേർന്നുനിന്ന ദൈവജനം അനുഭവിച്ച സംരക്ഷണത്തിന്റെയും കരുതലിന്റെയും അനുഭവം കൂടിയാണ് സങ്കീർത്തകൻ സാക്ഷ്യപ്പെടുത്തുക. തന്നിൽ അഭയം തേടുന്നവർക്ക് അനുഗ്രഹങ്ങൾ വർഷിക്കുകയും, അവരെ സംരക്ഷിക്കുകയും ചെയ്യുന്ന കർത്താവ് എത്ര നല്ലവനാണെന്ന് രുചിച്ചറിയുവാൻ ദൈവജനത്തെയും നമ്മെ ഓരോരുത്തരെയും സങ്കീർത്തകൻ ആഹ്വാനം ചെയ്യുന്നുണ്ട്.

ദൈവികസംരക്ഷണത്തെക്കുറിച്ചുള്ള ഉദ്‌ബോധനം

സങ്കീർത്തനത്തിന്റെ പതിനൊന്ന് മുതൽ പതിനാല് വരെയുള്ള വാക്യങ്ങളിൽ ദൈവഭയം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് സങ്കീർത്തകൻ എഴുതുന്നത്: "മക്കളേ, ഞാൻ പറയുന്നത് കേൾക്കുവിൻ, ദൈവഭക്തി ഞാൻ നിങ്ങളെ പരിശീലിപ്പിക്കാം" (സങ്കീ. 34, 11). തന്റെ ജീവനുതന്നെ ഭീഷണിയുയർന്നിരുന്ന ഒരു സാഹചര്യത്തിൽനിന്ന് ദൈവം തന്നെ സ്വാതന്ത്രനാക്കിയ അനുഭവത്തിന്റെ വെളിച്ചത്തിൽക്കൂടിയാണ്, ദാവീദ് ദൈവത്തോട് ഉണ്ടായിരിക്കേണ്ട ഭയഭക്തിബഹുമാനങ്ങളെക്കുറിച്ചും, തിന്മയിൽനിന്നും വ്യാജഭാഷണങ്ങളിലും നിന്ന് അകന്ന്, നന്മ ചെയ്‌തും സമാധാനം അന്വേഷിച്ചും ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പഠിപ്പിക്കുന്നത്. ആളുകളും സമൂഹങ്ങളും തമ്മിൽ കലഹങ്ങളും സംഘർഷങ്ങളും സൃഷ്ടിക്കുകയും, മറ്റുള്ളവരുടെ തിന്മ ആഗ്രഹിക്കുകയും, അപരനെക്കുറിച്ച് സത്യത്തിന് വിരുദ്ധമായി സംസാരിക്കുകയും, നാവിനെ നിയന്ത്രിക്കാതിരിക്കുകയും ചെയ്യുന്നത് ദൈവസന്നിധിയിൽ സ്വീകാര്യമല്ല. അങ്ങനെയുള്ളവർ നന്മയായ ദൈവത്തിൽനിന്ന് അകന്നു ജീവിക്കുന്നവരാണ്.

ഹൃദയങ്ങളെ അറിയുന്ന കനിവുള്ള ദൈവം

സങ്കീർത്തനത്തിന്റെ പതിനഞ്ചുമുതലുള്ള വാക്യങ്ങളിൽ എല്ലാം അറിയുകയും, കരുണയോടെ, എന്നാൽ നീതിപൂർവ്വം പ്രവർത്തിക്കുകയും ചെയ്യുന്ന ദൈവത്തെക്കുറിച്ചുള്ള ചിന്തകളാണ് ദാവീദ് എഴുതുന്നത്. തന്റെ ജനത്തെ ശ്രദ്ധാപൂർവ്വം ദൈവം പിന്തുടരുന്നുണ്ട്. അവൻ നീതിമാന്മാരിൽ സംപ്രീതനും, ദുഷ്‌കർമ്മികളെ ശിക്ഷിക്കുന്നവനുമാണ്. നീതിമാന്റെ നിലവിളി ശ്രവിക്കുകയും, എല്ലാ കഷ്ടതകളിലും നിന്ന് അവനെ രക്ഷിക്കുകയും ചെയ്യുന്ന കാരുണ്യവാനാണ് ദൈവം. "ഹൃദയം നുറുങ്ങിയവർക്കു കർത്താവ് സമീപസ്ഥനാണ്; മനമുരുകിയവരെ അവിടുന്ന് രക്ഷിക്കുന്നു" (സങ്കീ. 34, 18). നന്മയിലും വിശുദ്ധിയിലും ജീവിക്കുമ്പോഴും മനുഷ്യരുടെ ജീവിതം ക്ലേശങ്ങളാൽ നിറഞ്ഞതാകാം. എന്നാൽ നീതിമാനെ അവയിൽനിന്നെല്ലാം മോചിപ്പിക്കുന്നവനും കർത്താവാണ് (സങ്കീ. 34, 19). നിരവധി ക്ലേശങ്ങളിലൂടെയാണ് ദാവീദും തന്റെ ജീവിതത്തിൽ കടന്നുപോയത്. പീഡനങ്ങളുടെ നടുവിലും, നിത്യമായ തകർച്ചയിലേക്ക് വീഴാൻ തന്റെ തിരഞ്ഞെടുക്കപ്പെട്ടരെ കർത്താവ് വിട്ടുകൊടുക്കില്ല. ഇരുപതാം വാക്യം ഇതിലേക്കാണ് വിരൽചൂണ്ടുന്നത്: "അവന്റെ അസ്ഥികളെ കർത്താവ് കാത്തുസൂക്ഷിക്കുന്നു; അവയിലൊന്നുപോലും തകർക്കപ്പെടുകയില്ല" (സങ്കീ. 34, 20).

നീതിമാൻ രക്ഷ സ്വന്തമാക്കുമെന്നതിൽ മാത്രമല്ല, തിന്മ പ്രവർത്തിക്കുന്നവരുടെ പതനത്തിലും സങ്കീർത്തകന് ഉറപ്പുണ്ട്. അതുകൊണ്ടുതന്നെയാണ്, "തിന്മ ദുഷ്ടരെ സംഹരിക്കും; നീതിമാന്മാരെ ദ്വേഷിക്കുന്നവർക്കു ശിക്ഷാവിധിയുണ്ടാകും" (സങ്കീ. 34, 21) എന്ന് ദാവീദ് എഴുതുക. "കർത്താവ് തന്റെ ദാസരുടെ ജീവനെ രക്ഷിക്കുന്നു, അവിടുത്തെ ശരണം പ്രാപിക്കുന്നവർ ശിക്ഷയ്ക്കു വിധിക്കപ്പെടുകയില്ല" (സങ്കീ. 34, 22) എന്ന, ദൈവാശ്രയബോധത്തിലും ദൈവഭക്തിയിലും ജീവിക്കുന്ന നീതിമാന്മാർക്ക് ശുഭാപ്തിവിശ്വാസം നൽകുന്ന, വാക്കുകളോടെയാണ് മുപ്പത്തിനാലാം സങ്കീർത്തനം അവസാനിക്കുന്നത്.

സങ്കീർത്തനം ജീവിതത്തിൽ

വിവേകപൂർവ്വം ജീവിച്ച് ദൈവത്തിന് പ്രിയങ്കരരായ മനുഷ്യരായി, ജീവിതക്ലേശങ്ങളിലും പ്രതിസന്ധികളിലും ദൈവത്തിൽ സംരക്ഷണവും ആശ്രയവും കണ്ടെത്താൻ നമ്മെ ഉദ്ബോധിപ്പിക്കുന്ന മുപ്പത്തിനാലാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, യഥാർത്ഥ ജ്ഞാനത്തിനായി ദൈവത്തോട് പ്രാർത്ഥിക്കാനും, ദൈവത്തോടുള്ള നന്ദിയുടെ മനോഭാവത്തോടെ ജീവിക്കാനും നമുക്ക് പരിശ്രമിക്കാം. തിന്മയിലും വ്യാജഭാഷണത്തിലും നിന്ന് അകന്നുനിൽക്കാം. കർത്താവിന്റെ കരുതലും സ്നേഹവും നന്മയും തിരിച്ചറിഞ്ഞ്, അനുദിനജീവിതത്തിൽ നന്മയും സമാധാനവും തേടുകയും, നീതിമാന്മാരുടെ പ്രാർത്ഥനകൾ ശ്രവിക്കുന്ന ദൈവത്തോട് ചേർന്ന് നിൽക്കുകയും ചെയ്യാം. ജീവിതവ്യഥകളെയും ഹൃദയവേദനകളെയും ദൈവത്തിന് സമർപ്പിക്കാം. നമ്മുടെ ജീവനെ സംരക്ഷിക്കുകയും നമ്മെ ശക്തരാക്കുകയും ചെയ്യുന്ന ദൈവത്തിന് കൃതജ്ഞതയുടെ സ്തുതികൾ ആലപിക്കുകയും കർത്താവിൽ ആനന്ദികുകയും ചെയ്യാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 August 2023, 12:18