യുദ്ധം: ഉക്രൈയിനിൽ ശരാശരി ഒരു കുഞ്ഞു വീതം വധിക്കപ്പെടുന്നു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
2022 ഫെബ്രുവരി 24-ന് റഷ്യ ഉക്രൈയിനു നേർക്കാരംഭിച്ച പോരാട്ടം അനുദിനം ശരാരി ഒന്നിലേറെ കുട്ടികളുടെ ജീവൻ അപഹരിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധി, യുണിസെഫ് (UNICEF).
യുണിസെഫിൻറെ ഇറ്റാലിയൻ ഘടകത്തിൻറെ മേധാവി അന്ത്രേയ യാക്കൊമീനിയാണ് ഈ യുദ്ധം 500 ദിനങ്ങൾ പിന്നിട്ട അവസരത്തിൽ ഈ പ്രസ്താവന നടത്തിയത്.
ജീവൻ നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ സംഖ്യ, ഈ യുദ്ധം 500 ദിവസം പിന്നിട്ടപ്പോൾ 535 ആണെന്നും അതിൻറെ ഇരട്ടിയിലേറെ കുഞ്ഞുങ്ങൾക്ക് മുറിവേറ്റിട്ടുണ്ടെന്നും ഉക്രൈയിൻകാരായ 63 ലക്ഷം കുട്ടികൾക്ക് ഇപ്പോൾ മാനവികസഹായം ആവശ്യമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
ആയിരക്കണക്കിന് വിദ്യാലയങ്ങളും ആശുപത്രികളും ജല ഊർജ്ജ സ്രോതസ്സുകളും തകർക്കപ്പെട്ടിരിക്കുന്ന അവസ്ഥയെക്കുറിച്ചും യാക്കൊമീനി പരാമർശിച്ചു. ഉക്രൈയിനിൽ ആയിരത്തിലേറെ ആതുരസേവന കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടന്നിട്ടുണ്ടെന്നും ഇവയിൽ പലതും ഭാഗികമായോ പൂർണ്ണമായോ തകർന്നിട്ടുണ്ടെന്നും പറഞ്ഞ അദ്ദേഹം പ്രതിരോധകുത്തിവയ്പു നടത്താത്ത കുട്ടികൾ ഏറ്റവും കൂടുതൽ ഉള്ള രാജ്യങ്ങളിൽ ഒന്നായി ഉക്രൈയിൻ മാറിയിരിക്കയാണെന്നും വെളിപ്പെടുത്തി.
അന്നാട്ടിൽ 53 ലക്ഷം കുട്ടികളുടെ പഠനം മുടങ്ങിയിരിക്കയാണെന്നും പകുതിയിലേറ കുഞ്ഞുങ്ങൾ ഓൺ ലൈനായും മറ്റു മാർഗ്ഗങ്ങളിലൂടെയും പഠന സാദ്ധ്യതകൾ തേടുന്നുണ്ടെന്നും യാക്കൊമീനി കൂട്ടിച്ചേർത്തു. ഉക്രൈയിനിലെ കുട്ടികളിൽ മൂന്നിൽ രണ്ടുഭാഗം പലായനം ചെയ്തിരിക്കയാണെന്നും അവർ അഭയാർത്ഥികളായി എത്തിയിട്ടുള്ള ഇടങ്ങളിൽ പഠനത്തിനുള്ള വഴികൾ തേടുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: