ആഗോളതലത്തിൽ കുട്ടികൾ കടുത്ത ഉഷ്‌ണതരംഗങ്ങൾ നേരിടേണ്ടിവരും യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
രണ്ടായിരത്തിയന്‍പതോടെ ലോകത്ത് ഉണ്ടായേക്കാവുന്ന ഇരുനൂറ് കോടിയിലധികം കുട്ടികളും കടുത്ത ഉഷ്‌ണതരംഗങ്ങൾ മൂലം ദുരിതമനുഭവിക്കേണ്ടിവരുമെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. നിലവിൽ ലോകത്ത് ഏതാണ്ട് അൻപത്തിയഞ്ചു കോടിയോളം കുട്ടികൾ ഉഷ്‌ണതരംഗങ്ങൾ മൂലം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. മാത്രവുമല്ല അറുപത്തിരണ്ടു കോടിയിലധികം കുട്ടികൾ ഉയർന്ന താപനിലയുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ നേരിടുന്നുണ്ട്.
യൂണിസെഫിന്റെ കണക്കുകൾ പ്രകാരം ലോകത്ത് മൂന്നിലൊന്ന് കുട്ടികളും ഉയർന്ന താപനില രേഖപ്പെടുത്തപ്പെടുന്ന രാജ്യങ്ങളിലാണ് താമസിക്കുന്നത്. ലോകത്തെ നാലിലൊന്ന് കുട്ടികളും ഉയർന്ന ഉഷ്‌ണതരംഗങ്ങൾ മൂലം ക്ലേശമനുഭവിക്കുന്നുണ്ട്. ലോകത്ത് പെട്രോളിയം ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഉപയോഗം വഴിയുള്ള മലിനീകരണത്തോത് കുറയ്ക്കുവാൻ സാധിച്ചാൽ പോലും 2050-ൽ 1.7 ഡിഗ്രിയോളം ചൂട് വർദ്ധനവുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ മലിനീകരണത്തോത് കൂടിയ അവസ്ഥയിൽ ഇത് 2.5 ഡിഗ്രി വരെ ഉയരാൻസാധ്യതയുണ്ട്.
നിലവിൽ ലോകത്തെ 23 ശതമാനം കുട്ടികൾ, അതായത് ഏതാണ്ട് അൻപത്തിനാല് കോടിയോളം കുട്ടികളാണ് ഉയർന്ന താപനിലയും ഉഷ്‌ണതരംഗങ്ങളും മൂലം ബുദ്ധിമുട്ടുന്നത്. എന്നാൽ 1.7 ഡിഗ്രിയോളം ചൂട് വർദ്ധിക്കുകയാണെങ്കിൽ 2050-ൽ ഈ എണ്ണം നൂറ്റിയാറ് കോടിയോളമായേക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്. അതോടെ ആഫ്രിക്ക, ഏഷ്യ ഭൂഖണ്ഡങ്ങളിലെ ഏതാണ്ട് പകുതിയോളം കുട്ടികൾ അതിതീവ്രതാപനില നേരിടേണ്ടിവരും. കടുത്ത ചൂട് മൂലം കുട്ടികൾ ആസ്മ പോലെയുള്ള ശ്വാസകോശസംബന്ധമായ രോഗങ്ങൾ, ഹൃദയസംബന്ധിയായ രോഗങ്ങൾ തുടങ്ങിയവ നേരിടേണ്ടിവന്നേക്കും.
ലോകരാജ്യങ്ങൾ നിലവിലെ പ്രതിസന്ധിയിൽ, ആഗോളതാപനനില വർദ്ധിക്കുന്നത് 1.5 ഡിഗ്രിയായി പരിമിതപ്പെടുത്തുകയും 2025-ഓടെ കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി കൂടുതൽ ധനസഹായം നൽകുകയും വേണമെന്നും, അതുമാത്രമാണ് കുട്ടികളുടെ ജീവനും, ഭൂമിയുടെ ഭാവിയും സംരക്ഷിക്കാനുള്ള ഏകമാർഗ്ഗമെന്നും യൂണിസെഫ് ഇറ്റലിയുടെ പ്രതിനിധി അന്ത്രെയാ യാക്കോമീനി പ്രസ്താവിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: