തിരയുക

യുക്രെയ്നിലെ വലിയ തോതിലുള്ള റഷ്യ൯ സൈനിക ഇടപെടലിൽ ക്രൂരമായ ആക്രമണത്തിനിരയാക്കപ്പെട്ട കെട്ടിടങ്ങൾ. യുക്രെയ്നിലെ വലിയ തോതിലുള്ള റഷ്യ൯ സൈനിക ഇടപെടലിൽ ക്രൂരമായ ആക്രമണത്തിനിരയാക്കപ്പെട്ട കെട്ടിടങ്ങൾ.  (AFP or licensors)

കനത്ത പോരാട്ടത്തിനിടയിൽ ക്രിസ്മസ് ദിനം മാറ്റി യുക്രെയ്൯

ക്രിസ്തുമസിന്റെ ഔദ്യോഗിക പൊതു ഒഴിവ് ദിനം ജനുവരി 7ൽ നിന്ന് ഡിസംബർ 25 ലേക്കാണ് മാറ്റിയത്.

റിപ്പോർട്ട്: സ്റ്റെഫാൻ ജെ. ബോസ്

പരിഭാഷ - സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

റഷ്യയുമായുള്ള യുദ്ധം രൂക്ഷമാകുന്നതിനിടയിൽ മോസ്കോയോടും റഷ്യൻ ഓർത്തഡോക്സ് സഭയോടും അകലം പാലിക്കാൻ യുക്രെയ്ൻ തങ്ങളുടെ ക്രിസ്തുമസ് ദിനം ഔദ്യോഗികമായി ഇതുവരെ ആഘോഷിച്ചിരുന്ന ജനുവരി 7ൽ നിന്ന് ഡിസംബർ 25ലേക്ക് മാറ്റി.

യുക്രെയ്നിൽ പോരാടുന്ന റഷ്യൻ കൂലിപ്പട്ടാളം പോളിഷ് അതിർത്തിയിലേക്ക് നീങ്ങുന്നതായും യുദ്ധം രൂക്ഷമാകുന്നതായുമുള്ള വാർത്തകൾ പരക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് പ്രതീകാത്മകമായ ഈ നീക്കം നടന്നത്. റഷ്യ൯ വാഗ്നർ കൂലിപ്പട്ടാള സംഘത്തിലെ നൂറോളം സൈനികർ പോളിഷ് അതിർത്തിക്ക് സമീപത്തുള്ള ബെലാറസ് നഗരമായ ഗ്രോഡ്നോയിലേക്ക് നീങ്ങിയതായി പോളിഷ്  പ്രധാനമന്ത്രി മത്തേവൂസ് മൊറാവിയേക്കി പറഞ്ഞു. മുൻ വാർസോ ഉടമ്പടി അംഗവും 1999 മുതൽ യുഎസിന്റെ നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യത്തിലെ പൂർണ്ണ അംഗവുമായ പോളണ്ട്, യുക്രെയ്നിലെ യുദ്ധം തങ്ങളുടെ പ്രദേശത്തേക്ക് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയിലാണ്.

2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്നിൽ അധിനിവേശം നടത്തിയതു മുതൽ റഷ്യൻ സൈനിക നടപടികളിൽ നിർണ്ണായകമായ പങ്കുവഹിക്കുന്നവരാണ് വാഗ്നർ കൂലിപ്പട്ടാളക്കാർ. റഷ്യയുടെ സൈനിക നേതൃത്വത്തിനെതിരായി അവർ നടത്തിയ കലാപത്തെത്തുടർന്ന് അവരോടു ബെലാറസിലേക്ക് പോകാൻ റഷ്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മേഖലയെ അസ്ഥിരപ്പെടുത്താനുള്ള മോസ്കോയുടെ ഉപകരണമായി അവർ തുടരുമെന്ന് പോളണ്ട് ആശങ്കപ്പെടുന്നു.

യുക്രെയ്നിനുള്ളിൽ പോരാട്ടം രൂക്ഷമായതോടെയും യുക്രെയ്നിലെ ഡിനിപ്രോ നഗരത്തിലെ കമാൻഡ് പോസ്റ്റിൽ വെള്ളിയാഴ്ച തങ്ങളുടെ സൈന്യം ആക്രമണം നടത്തിയതായി റഷ്യ അവകാശപ്പെട്ടതോടെയുമാണ് ആശങ്കകൾ ഉയർന്നത് ഒരു അപ്പാർട്ട്മെന്റ് ബ്ലോക്കിൽ മിസൈൽ പതിക്കുകയും രണ്ട് കുട്ടികൾ ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് യുക്രെയ്൯ അറിയിച്ചു.

ഇപ്പോൾ റഷ്യയുടെ അധീനതയിലുള്ള യൂറോപ്പിലെ ഏറ്റവും വലിയ ആണവ ഊർജ്ജകേന്ദ്രമായ സപോറിഷിയയിലെ ഒരു എഞ്ചിനീയറെ കഴിഞ്ഞ മാസം റഷ്യ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയാണെന്ന് യുക്രേനിയൻ അധികൃതർ പറഞ്ഞു. തിരിച്ചടികൾക്കിടയിൽ, യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കി ശനിയാഴ്ച കിഴക്കൻ ബഖ്മുത്തിനു സമീപം മുൻനിരയിൽ "മുന്നേറ്റം നടത്തുന്ന" യുക്രേനിയൻ സൈനികരെ സന്ദർശിച്ചു. നേരത്തെ, റഷ്യൻ ആക്രമണത്തെത്തുടർന്ന് തകർന്ന ഒദേസയിലെ കത്തീഡ്രലും മെഡിക്കൽ സെന്ററും അദ്ദേഹം സന്ദർശിച്ചിരുന്നു. യുക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തിൽ പ്രതിഷേധിച്ച് ഔദ്യോഗിക  ക്രിസ്മസ് ദിന അവധി ജനുവരി 7 ൽ നിന്ന് ഡിസംബർ 25 ലേക്ക് മാറ്റുന്ന നിയമത്തിൽ ഒപ്പിടാനും അദ്ദേഹം സമയം കണ്ടെത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 July 2023, 16:15